Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ കവിതക്ക് ശബ്ദം പകര്‍ന്ന് എടപ്പാള്‍ ബാപ്പു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രചിച്ച, “ഭീകരതയുടെ വിപത്ത്” എന്നര്‍ത്ഥം വരുന്ന “ഫിത്‌നത്തുല്‍ ഇര്‍ഹാബ്” എന്ന പ്രശസ്ത അറബി കവിത ആലപിച്ചുകൊണ്ട് മലയാളീ ഗായകന്‍ ശ്രദ്ധ നേടി. 30 വര്‍ഷം പ്രവാസജീവിതം നയിച്ച മാപ്പിളപ്പാട്ടുകാരന്‍ എടപ്പാള്‍ ബാപ്പുവാണ് കവിത ആലപിച്ചത്. ഭീകരാക്രമണങ്ങളെ അപലപിക്കുന്ന കവിതയുടെ ആത്മാവറിഞ്ഞു കൊണ്ടുള്ള ഈണവും ആലാപനവുമാണ് എടപ്പാള്‍ ബാപ്പു നിര്‍വ്വഹിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യാവിഷ്‌കാരവും അണിയറയില്‍ തയ്യാറാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഈ ആലാപനം കേള്‍ക്കാനിടയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്തോഷം പ്രകടിപ്പിച്ചത് തന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്ന് എടപ്പാള്‍ ബാപ്പു പറഞ്ഞു.2001 ല്‍ ശൈഖ് സായിദിനെ കുറിച്ച് തയ്യാറാക്കിയ “ജീവിക്കുന്ന ഇതിഹാസം” എന്ന സംഗീത ആല്‍ബം നിമിത്തം എടപ്പാള്‍ ബാപ്പുവിനെ ശൈഖ് സായിദ് കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി ആദരിച്ചിരുന്നു. പാണക്കാട് ശിഹാബ് തങ്ങളുടെ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന “എന്റെ തങ്ങള്‍” എന്ന ഓഡിയോ വീഡിയോ ആല്‍ബമാണ് ബാപ്പുവിന്റെ അടുത്ത സംരംഭം. കേരള ഫോക്ക് ലോര്‍ അക്കാഡമിയുടെ “ഗുരുപൂജ പുരസ്‌കാരം” ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ നേടിയ ബാപ്പു, ഇപ്പോള്‍ നാട്ടിലും ഗള്‍ഫിലുമായി തന്റെ സംഗീത സപര്യ തുടരുന്നു.