Connect with us

Articles

ജേക്കബ് തോമസിന്റെ നോട്ടങ്ങള്‍

Published

|

Last Updated

ജേക്കബ് തോമസ്്

ജേക്കബ് തോമസ്്

സമ്പത്തും അധികാരസ്ഥാനങ്ങളില്‍ അനല്‍പ്പമായ സ്വാധീനവുമാണ് ചൂഷണത്തിന് വേണ്ട അടിസ്ഥാന യോഗ്യതകള്‍. അതുപയോഗപ്പെടുത്തി പലവിധ ചൂഷണങ്ങള്‍ നടത്തുന്ന വ്യക്തികളെ, അതിനെ വെല്ലുവിളിക്കാന്‍ തയ്യാറെടുക്കുന്നവരെ ഇല്ലാതാക്കാന്‍ രംഗത്തെത്തുന്ന ഇത്തരക്കാരുടെ കൂട്ടായ്മയെ, ഭരണ സംവിധാനത്തിന്റെ സകല പിന്തുണകളെയും വെല്ലുവിളിച്ച് പരാജയപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ചലിച്ചിത്രങ്ങളിലുണ്ടാകും. യാഥാര്‍ഥ്യത്തില്‍ അസംഭവ്യമാണത്. നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന, അത്രത്തോളം പൗരബോധം നിലനിര്‍ത്തുന്ന സമൂഹം ഉണ്ടാകുകയും നിയമലംഘകരെ മുഖം നോക്കാതെ ശിക്ഷിക്കാന്‍ സന്നദ്ധമാകുന്ന ഭരണ സംവിധാനം നിലനില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ ഒരു സൂപ്പര്‍ കോപ്പിന് സാധ്യതയുണ്ട്. നിയമം അനുസരിക്കുന്ന സമുഹവും ലംഘകര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാക്കാന്‍ യത്‌നിക്കുന്ന ഭരണകൂടവുമാണെങ്കില്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നവരുടെ എണ്ണം തുലോം കുറവായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പഴുതുകളില്ലാതെ നീങ്ങാനുള്ള അവസരമുണ്ടാകും.
കേരളത്തിന്റെ അവസ്ഥ അതല്ല. നിയമം ലംഘിക്കാന്‍ പഴുതന്വേഷിച്ച് നടക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. മറികടക്കാന്‍ പഴുതുകള്‍ അവശേഷിപ്പിച്ചായിരിക്കും നിയമ നിര്‍മാണം. നിയമത്തെ വ്യാഖ്യാനിച്ച് കൂടുതല്‍ പഴുതുകള്‍ ഏത് വിധത്തിലുണ്ടാക്കാമെന്ന് ഗവേഷണം നടത്തുന്നവരാണ് നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍. ഈ വിവരം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതു മുതലിങ്ങോട്ട് പഴുതുകളുടെ വിനിയോഗം വരെയുള്ള വിവിധ ഘട്ടങ്ങള്‍ കോഴ കൈമാറ്റത്തിന്റെ ആഘോഷ വേളകളാണ്. വില്ലേജ് ഓഫീസില്‍ തുടങ്ങി സെക്രട്ടേറിയറ്റിലേക്ക് എത്തുമ്പോള്‍ ലംഘനങ്ങളുടെ വലുപ്പം കൂടും. അതിനനുസരിച്ച് ആഘോഷങ്ങളുടെയും. അവ്വിധമുള്ള ആഘോഷങ്ങളിലൊക്കെ ഒരു റഫറിയുടെ വേഷത്തില്‍ താനുണ്ടാകുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ജേക്കബ് തോമസ് പറഞ്ഞത്. മുന്നറിയിപ്പായി മഞ്ഞക്കാര്‍ഡും അത് അവഗണിക്കുന്നവര്‍ക്ക് ചുവപ്പു കാര്‍ഡും നല്‍കി, ആഘോഷങ്ങള്‍ നിയമവിധേയമാകുന്നുവെന്ന് ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയില്‍.
അരങ്ങേറുന്ന ആഘോഷങ്ങളുടെ കണക്കും മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ പോക്കറ്റിലിട്ട് ഓടേണ്ട വിജിലന്‍സിലെ അംഗങ്ങളുടെ എണ്ണവും തമ്മില്‍ ഒരുനിലക്കും ഒത്തുപോകില്ലെന്ന വസ്തുത ജേക്കബ് തോമസ് വേണ്ടത്ര പരിഗണിച്ചില്ലെന്ന് തോന്നുന്നു. തീര സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണോ നിര്‍മാണങ്ങള്‍ നടന്നിരിക്കുന്നത്? ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് നിയമ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചാണോ? കൃഷി ഭൂമി തരംമാറ്റിയതില്‍ നിയമ വ്യവസ്ഥ ലംഘിക്കപ്പെട്ടോ? കൈയേറ്റ ഭൂമിക്ക് പട്ടയം നല്‍കിയപ്പോള്‍ വിജ്ഞാപനം ചെയ്യപ്പെട്ട തീയതി കണക്കിലെടുക്കാതെ പോയോ? എന്നിങ്ങനെ തുടങ്ങി ഭരണം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട നേതാക്കളും അവരുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതികള്‍ കടന്ന് ബാര്‍, കോഴി തുടങ്ങിയ കോഴ ആരോപണങ്ങളിലൂടെ വളര്‍ന്ന്, ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ സ്വജനപക്ഷപാതിത്വത്തില്‍ എത്തി നില്‍ക്കുകയാണ് ആഘോഷം. നിലനില്‍ക്കുന്ന രീതിമര്യാദകളനുസരിച്ച് ഇതില്‍ വരുന്ന വ്യാഴവട്ടത്തില്‍ തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ.
ഏറ്റമൊടുവില്‍ ത്വരിതാന്വേഷണ പരിധിയിലേക്ക് വന്ന സ്വജന പക്ഷപാതക്കേസ് പരിഗണിക്കാം. ബന്ധുമിത്രാദികള്‍ക്ക് തസ്തിക നിര്‍ണയിച്ച് നിയമിക്കാനുള്ള നിര്‍ദേശം ലെറ്റര്‍പാഡില്‍ എഴുതി നല്‍കിയിരുന്നു വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍. ഇതൊക്കെ മുഖ്യമന്ത്രിയൊന്ന് കണ്ട് അംഗീകരിച്ചോട്ടെ എന്ന് വ്യവസായ വകുപ്പ് സെക്രട്ടറി എഴുതിയപ്പോള്‍, ചട്ടമനുസരിച്ച് അതിന്റെ ആവശ്യമില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു. ലെറ്റര്‍ പാഡില്‍ മന്ത്രി എഴുതിയ കുറിപ്പുകള്‍ വിജലന്‍സ് സംഘം ശേഖരിച്ചിട്ടുണ്ട്. സ്വജനപക്ഷപാതിത്വത്തിന് ഇതിലും വലിയ തെളിവ് വേണ്ടതില്ലാത്തതിനാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടി വരും. അങ്ങനെയുണ്ടായാല്‍ ത്വരിതാന്വേഷണത്തോട് സ്വീകരിച്ച അനുകൂല നിലപാട് സി പി എം എടുത്തുകൊള്ളണമെന്നില്ല. കേന്ദ്ര കമ്മിറ്റി അംഗത്തെ പ്രതിക്കൂട്ടിലാക്കുന്ന വിജിലന്‍സ് ഡയറക്ടറെ അംഗീകരിക്കാന്‍ സി പി എമ്മിനാകുമോ? ആകുമെന്ന് ചിന്തിക്കാന്‍ ഇതുവരെയുള്ള അനുഭവം അനുവദിക്കുന്നില്ല, ജേക്കബ് തോമസിനെയും അനുവദിക്കുന്നുണ്ടാകില്ല. പാര്‍ട്ടിയിലെ മുറുമുറുപ്പുകളെ അവഗണിച്ച്, കേസുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി അനുവദിച്ചാല്‍ തുടര്‍ന്നുള്ള കാലത്ത് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരമായി വളരാനുള്ള സാധ്യത ഏറെയാണ്. ഒറ്റയാള്‍ ഭരണമെന്നോ ഏകാധിപത്യമെന്നോ ഒക്കെ പിണറായി ഭരണം വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അത്തരമൊരു സാഹചര്യത്തില്‍ തുടങ്ങിയതൊക്കെ പാതിയില്‍ നിര്‍ത്തി പടിയിറങ്ങേണ്ടി വരും. അതുവരെ കാക്കേണ്ടതില്ലെന്ന് തോന്നിയിട്ടുണ്ടാകണം ജേക്കബ് തോമസിന്.
ധനകാര്യ വകുപ്പിലെ സെക്രട്ടറി കെ എം എബ്രഹാം വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലേക്ക് കൂടിയ വിലക്ക് മഗ്‌നീഷ്യം വാങ്ങിയതിലൂടെ അഴിമതി നടത്തി എന്നീ ആരോപണങ്ങളാണ് ഐ എ എസ് അസോസിയേഷന്റെ ഭാരവാഹി കൂടിയായ ടോം ജോസ് നേരിടുന്ന ആരോപണം. ഇതിലും നടക്കുന്നു വിജിലന്‍സ് അന്വേഷണം. ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ എസ് പിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്ത് കെ എം മാണിക്ക് അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ കോടതിയില്‍ പ്രതിരോധിക്കുകയാണ് ഡി ജി പി ശങ്കര്‍ റെഡ്ഢി. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരുടെ പട്ടിക ഇനിയും നീളും. അവരുടെയൊക്കെ വിയോജിപ്പ്, അവരുമായി വ്യക്തി ബന്ധമോ ജോലി ബന്ധമോ സൂക്ഷിക്കുന്ന ഇതര ഉദ്യോഗസ്ഥരുടെ സംശയദൃഷ്ടി ഇതൊക്കെ നേരിടേണ്ടി വരുന്നുണ്ടാകും വിജിലന്‍സ് ഡയറക്ടര്‍. അതുണ്ടാക്കുന്ന സമ്മര്‍ദം, ഇവരെല്ലാം ചേര്‍ന്ന് തനിക്ക് കുഴിയൊരുക്കിയാല്‍ രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന തിരിച്ചറിവ് ഒക്കെയുണ്ടാകും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിന് പിറകില്‍.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് കെ എം മാണിക്കെതിരായ ബാര്‍ കോഴയാരോപണത്തില്‍ അന്വേഷണം തുടങ്ങിയത്. ആ അന്വേഷണം തുടര്‍ന്നാല്‍, മാണിയെ തളക്കാന്‍ ആരംഭിച്ച കളി, മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രതിനിധികളുടെ നേരേക്ക് വൈകാതെ വരുമെന്ന തോന്നലുണ്ടായപ്പോള്‍ ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സില്‍ നിന്ന് പറഞ്ഞയക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തയ്യാറായി. അഗ്നിശമനസേനയുടെ തലപ്പത്തിരിക്കെ, നിയമപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ഫഌറ്റുകള്‍ക്കും മറ്റ് ബഹുനില നിര്‍മാണങ്ങള്‍ക്കും അനുമതി നല്‍കാന്‍ വിസമ്മതിച്ചു ജേക്കബ് തോമസ്. അതോടെ അവിടെ നിന്നും സ്ഥാനമാറ്റമായി. കൊച്ചിന്‍ പോര്‍ട്ടിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഒരു കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകള്‍ നടത്തി, കര്‍ണാടകത്തിലെ കുടകില്‍ എസ്റ്റേറ്റ് വാങ്ങിക്കൂട്ടി തുടങ്ങിയ ആരോപണങ്ങള്‍ അന്ന് ഉയരുകയും ചെയ്തു. ഇതിനൊക്കെ മറുപടി നല്‍കുകയും തളരാത്ത മനോവീര്യവുമായി തുടരുകയും ചെയ്തിരുന്നു അന്ന് ജേക്കബ് തോമസ്. ആ ദേഹമാണ് മുഖ്യമന്ത്രിയുടെ, സര്‍ക്കാറിന്റെ, ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ, മുന്നണിയിലെ രണ്ടാമത്തെ ശക്തിയായ പാര്‍ട്ടിയുടെ, സര്‍വോപരി ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഒക്കെ പിന്തുണയുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ തുടരാന്‍ മടിക്കുന്നത്!
സി പി എമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവുമായ ഇ പി ജയരാജന്‍ ഉള്‍പ്പെട്ട കേസുള്‍പ്പെടെ വിജിലന്‍സ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്ന കേസുകളിലൊന്നും ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് നേടിയെടുക്കുക എന്ന ഉദ്ദേശ്യമാകണം ഈ ഘട്ടത്തില്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതിന്റെ ഒരുകാരണം. ഇ പി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കുന്ന ഘട്ടത്തില്‍ നേരത്തെ പറഞ്ഞ പട്ടികയുടെ ആകെ പിന്തുണ തനിക്കുണ്ടെന്ന് വരുത്താന്‍ സാധിക്കുമ്പോള്‍ അത് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കമുള്ള സന്ദേശമാണ്. ഭരണ നേതൃത്വത്തെ സ്വാധീനിച്ച് വിജിലന്‍സിനെ പിന്തിരിപ്പിക്കാമെന്ന് നിങ്ങള്‍ കരുതേണ്ടെന്ന് നിലവില്‍ കേസില്‍പ്പെട്ടവര്‍ക്ക് മുന്നറിയിപ്പ്. വിജിലന്‍സുണ്ടെന്ന ഓര്‍മയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ മറ്റുള്ളവര്‍ക്ക്. വിജിലന്‍സിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമെന്ന വാഗ്ദാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയും സി പി എമ്മുമൊക്കെ ആവര്‍ത്തിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണ്. ഇത് ലംഘിക്കപ്പെടുന്നുവെന്ന തോന്നല്‍ പിന്നീടുണ്ടായാല്‍ അത് സര്‍ക്കാറിനും പാര്‍ട്ടിക്കുമുണ്ടാക്കുന്ന പ്രതിച്ഛായാ നഷ്ടം ചെറുതാകില്ല. അതിനകം ചെയ്തുവെന്ന് അവകാശപ്പെടാന്‍ ഇടയുള്ള നന്‍മകളെയൊക്കെ ഇല്ലാതാക്കുന്ന വിധത്തില്‍. അത്തരമൊരു സന്ദിഗ്ധാവസ്ഥയിലേക്ക് സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും എത്തിക്കുക എന്ന തന്ത്രം പയറ്റുകയുമാകാം ജേക്കബ തോമസ്.
സമ്മര്‍ദങ്ങളാകാം, രാഷ്ട്രീയ – ഭരണ നേതൃത്വം നല്‍കുന്ന പിന്തുണയിലുള്ള അവിശ്വാസമാകാം, സഹപ്രവര്‍ത്തകരായ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഉയര്‍ത്തുന്ന ഭീഷണിയാകാം, രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലൊന്നെങ്കിലും വിവിധ കോടതികളില്‍ അരങ്ങേറാനിരിക്കുന്ന വ്യവഹാര റിലേകള്‍ പൂര്‍ത്തിയാക്കി, നീതി നടപ്പാക്കപ്പെടുന്നതിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന തിരിച്ചറിവ് നല്‍കുന്ന മടുപ്പാകാം, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതങ്ങള്‍ക്കോ ആരോപണം നേരിടുന്നവര്‍ മുന്നോട്ടുവെക്കുന്ന പ്രലോഭനങ്ങളിലോ വഴങ്ങിപ്പരിചയമുള്ള ഉദ്യോഗസ്ഥര്‍ താനുദ്ദേശിക്കുന്ന മാര്‍ഗത്തില്‍ ചരിക്കുമോ എന്ന സംശയമാകാം എന്തായാലും ജേക്കബ് തോമസ് എന്ന അഴിമതിക്കാരനല്ലെന്ന് ജനം കരുതുന്ന ഉദ്യോഗസ്ഥന് മുന്നില്‍ ഇപ്പോഴൊരു അവസരമുണ്ട്. അത് ഉപയോഗപ്പെടുത്താനുള്ള ചങ്കൂറ്റത്തിനും കുറവില്ല. അതിന് അദ്ദേഹം തയ്യാറാകുമെങ്കില്‍, ഇതുവരെ നടന്ന വഴികളില്‍ നിന്നൊരു മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുണ്ടാകുന്നില്ലെങ്കില്‍, വേദാന്തിയുടെ ഗിരിപ്രഭാഷണങ്ങള്‍, പ്രതിച്ഛായാ നിര്‍മിതിക്ക് മാത്രമായിരിക്കുന്നു എന്ന് കരുതേണ്ടിവരും. കയറില്‍ പാമ്പിനെക്കണ്ട് ഭയന്നല്ലോ എന്ന് ഒട്ടേറെപ്പേര്‍ ചിരിക്കുകയും ചെയ്യും.
അഴിമതി വിരുദ്ധമെന്ന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാറിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന ഒരു ജേക്കബ് തോമസിനെക്കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കില്ല. അഴിമതിക്ക് അവസരമൊരുക്കുന്ന ആഘോഷങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമം വേണ്ടത്. അതിന് ജനങ്ങളുടെ, ഉദ്യോഗസ്ഥരുടെ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒക്കെ മനോഭാവം മാറണം. അതിലേക്കൊക്കെ ശ്രമിക്കുമോ? സംശയമാണ്. ഇപ്പോള്‍ ജേക്കബ് തോമസാണ് താരം. ആ പൊലിമ അദ്ദേഹവും സര്‍ക്കാറും മുതലെടുക്കുന്നു. ശേഷം ചിന്ത്യമെന്ന് മാത്രം.

Latest