Connect with us

Gulf

അബുദാബി സൈക്ലിംഗ് ടൂര്‍; പ്രധാന പാതകള്‍ അടച്ചിടും

Published

|

Last Updated

അബുദാബി: സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ അബൂദാബിയിലെ പ്രധാന പാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് പാലസിനരികില്‍ ഇന്ന് ഉച്ചയോടെ സൈക്ലിങ് ടൂര്‍ ആരംഭിക്കുന്നതിനാല്‍ ഹോട്ടലിനരികിലെ പ്രധാന പാത ഉച്ചക്ക് ഒരുമണി മുതല്‍ വൈകിട്ട് 5.15 വരെ അടച്ചിടും. യാസ് ഐലന്റിനെ ലക്ഷ്യം വെക്കുന്ന സഞ്ചാരികള്‍ ശൈഖ് സായിദ് പാലത്തിന് മുന്‍പേയുള്ള ഖലീഫ അല്‍ മുബാറക് സ്ട്രീറ്റിലൂടെ നീങ്ങും. പിന്നീട് സാദിയത് ഐലണ്ടിലേക്കു നീങ്ങുന്ന സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പഥം ഒരുക്കുന്നതിന് ശൈഖ് ഖലീഫ ഹൈവേ വൈകീട്ട് 3.25 മുതല്‍ 4.25 വരെ അടച്ചിടും. അബുദാബി കോര്‍ണിഷിലേക്ക് തിരിക്കുന്ന സഞ്ചാരികള്‍ റീം ഐലന്റിലേക്കു വൈകീട്ട് നാലുമണിയോടെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തും. പിന്നീട് വൈകീട്ട് അഞ്ചുമണിയോടെ മറീനാ മാളില്‍ യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച ഉച്ചയോടെ അല്‍ ഐന്‍ നഗരത്തില്‍ സൈക്ലിങ് ടൂര്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചു വിടും. അല്‍ മുത്തവ സ്ട്രീറ്റില്‍ നിന്ന് 12.10 ഓടെ ആരംഭിക്കുന്ന റാലി അല്‍ ഹിലിയിലേക്ക് തിരിക്കും. ശഖ്ബൂത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലൂടെ അതിനാല്‍ ഇ 30 ഹൈവെയില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ അല്‍ ഖസാന മേഖലയിലൂടെ 2.15നും 4 മാണിക്കും മദ്ധ്യേ കടന്നു പോകും ഇ30 ഹൈവേ വൈകീട്ട് 4.30 വരെ അടച്ചിടും. ജബല്‍ ഹഫീത് പര്‍വതത്തിലേക്ക് സൈക്കിള്‍ സഞ്ചാരികള്‍ ആരോഹണം ചെയ്യുന്നതോടെ വൈകീട്ട് 5.15ന് ശേഷം റോഡുകള്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കും. അബുദാബി സൈക്കിള്‍ ടൂറിന്റെ ആദ്യ ഘട്ടം ഇന്നലെ ലിവയിലെയും മദിനത് സായിദിയിലെയും മരുഭൂമികളില്‍ ആയിരുന്നു. ലിവ മരൂഭൂമിയിലെ ദുര്‍ഖടമായ പാതകളിലൂടെയും മണല്‍ കുന്നുകളിലൂടെയും പിന്നിട്ട സൈക്കിളിംഗ് 45 കിലോമീറ്റര്‍ താണ്ടിയിരുന്നു.
മദിനത് സായിദ് മേഖലയിലെ 14.5 കിലോമീറ്റര്‍ പ്രത്യേകം തയ്യാറാക്കിയ സര്‍ക്യൂട്ടിലും സവാരി പൂര്‍ത്തിയാക്കി. ഞായറാഴ്ച യാസ് ഐലന്റിലെ സര്‍ക്യൂട്ടില്‍ 26 ലാപ്പുകളുള്ള അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കും. ഓരോ ലാപ്പിലും 5.5 കിലോമീറ്റര്‍ പിന്നിടേണ്ടതുണ്ട്. യാസ് ഐലന്റ് ഫോര്‍മുല വണ്‍ സര്‍കുട്ടില്‍ നടക്കുന്ന സമാപന ചടങ്ങുകളോടെ അബുദാബി സൈക്കിള്‍ ടൂറിന് പരിസമാപ്തി കുറിക്കും.