Connect with us

Gulf

ശൈത്യകാല അവധി; വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നു

Published

|

Last Updated

ഷാര്‍ജ: ശൈത്യകാല അവധിക്ക് വിദ്യാലയങ്ങള്‍ അടക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് മൂന്നിരട്ടിയിലേറെയാണ് ഇത്തവണ വര്‍ധനവ്. കേരളത്തിലെക്കും മംഗലാപരുത്തേക്കും, ദുബൈ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരക്കില്‍ വലിയ അന്തരമൊന്നുമില്ല. വര്‍ധനവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിമാനകമ്പനികകള്‍ക്കും ഒരേനയമാണ്. 2016 ഡിസംബര്‍ 18നാണ് ഔദ്യോഗികമായി ഇന്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുക. 2017 ജനുവരി മൂന്നിന് തുറക്കും.
അടക്കുന്നതിന്റെ തലേന്ന് രണ്ട് വാരാന്ത്യ അവധി അടക്കം 17 ദിവസം അവധി ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവധി ദിനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ക്രിസ്തുമസ് അടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ധാരാളം പ്രവാസികള്‍ നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ടിക്കറ്റ് ബുക്കിംഗിനു ശ്രമം തുടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നത്. കോഴിക്കോട് അടക്കം കേരളത്തിലെ എല്ലാ സ്ഥലങ്ങളിലേക്കും മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് 2,500 ദിര്‍ഹം വരെയാണ് അവധിക്കാലത്തെ നിരക്ക്. സിംഗിള്‍ ടിക്കറ്റിനു മാത്രം 1,300 ദിര്‍ഹം വരെയുള്ളതായി ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. മാത്രമല്ല നിരക്കില്‍ ഏറ്റകുറച്ചിലുകളും സംഭവിക്കുന്നുണ്ട്. ഇതാകട്ടെ യാത്രക്കാര്‍ക്ക് ഏറെ വിഷമം സൃഷ്ടിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളെല്ലാം ഉയര്‍ന്ന നിരക്കാണ് ടിക്കറ്റിന് ഈടാക്കുന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടേക്ക് ദുബൈയില്‍ നിന്നുള്ള ഇതേ സീസണിലെ നിരക്ക് മടക്കായാത്ര അടക്കമുള്ള ടിക്കറ്റിന് 850 ദിര്‍ഹംവരെയായിരുന്നു. തുച്ഛമായ നിരക്കില്‍ ടിക്കറ്റ് ലഭിച്ചതിനാല്‍ അന്ന് കുടുംബങ്ങളടക്കം ധാരാളം പ്രവാസികളാണ് നാട്ടിലെത്തിയിരുന്നത്. ഇത്തവണയും ഏകദേശം ഇതേ നിരക്കുതന്നെയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വിമാന കൊള്ള തുടങ്ങിയത്.
രണ്ടാഴ്ചയിലധികം അവധി ലഭിക്കുമെന്നതിനാല്‍ പല കുടുംബങ്ങളും നാട്ടില്‍ പോകാന്‍ നേരത്തെ ആലോചന തുടങ്ങിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വേനലവധിക്ക് പോകാത്തവര്‍ക്ക് ക്രിസ്തുമസിന് നാട്ടില്‍ പോകാനായിരുന്നു നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നാലംഗ കുടുംബത്തിന് മടക്കയാത്രക്കടക്കമുള്ള ടിക്കറ്റിന് ചുരുങ്ങിയത് 10,000 ദിര്‍ഹമെങ്കിലും വേണ്ടിവരും. കുറഞ്ഞവരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്കാകട്ടെ ഇത്രയും ഭീമമായ തുക നാട്ടില്‍ പോകാനുള്ള ശേഷി ഉണ്ടാവില്ല. മറ്റ് പ്രവാസികളുടെയും സ്ഥിതി ഇതുതന്നെ. ജീവിതച്ചെലവ് വര്‍ധിക്കുകയും വരുമാനം കുറഞ്ഞുവരികയും ചെയ്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി പാവപ്പെട്ട പ്രവാസികളെ കണ്ണീരുകുടിപ്പിക്കുന്ന വിമാന കമ്പനി അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ഉയരുകയാണ്. വേനലവധിക്കാലത്ത് തന്നെ പൊള്ളുന്ന നിരക്കായിരുന്നു നാട്ടിലേക്ക്. അതുകൊണ്ടുതന്നെ യാത്രക്കു തയ്യാറെടുത്തുനിന്ന പലരും അവസാന നിമിഷം യാത്ര റദ്ദാക്കി. ശൈത്യകാലത്തെങ്കിലും നിരക്കു കുറയുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അവധിക്കാലങ്ങളിലും ആഘോഷങ്ങളിലും മാത്രം നിരക്ക് യാതൊരു കാരുണ്യവുമില്ലാതെ വര്‍ധിപ്പിച്ച് പാവം പ്രവാസികളെ പിഴിയുന്ന നടപടിക്കെതിരെ അധികൃതര്‍ പാലിക്കുന്ന നിസംഗതയിലും മൗനത്തിലും പ്രവാസി സുമൂഹത്തിനു കടുത്ത പ്രതിഷേധമുണ്ട്. അതേസമയം, ഇപ്പോള്‍ നാട്ടില്‍ പോകുന്നവര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാം. 300നും 400നും ദിര്‍ഹത്തിനൊക്കെ കേരളത്തിലേക്കും മംഗലാപുരത്തേക്കും വണ്‍വേ ടിക്കറ്റ് ലഭിക്കുന്നുണ്ട്. റിട്ടേണ്‍ ടിക്കറ്റിനാണെങ്കില്‍ 700 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. ഇതേ നിരക്കാണ് മാസം ഒന്നു പിന്നിടുമ്പോള്‍ മൂന്നും നാലും ഇരട്ടിയായി വര്‍ധിക്കുന്നത്.

Latest