Connect with us

Gulf

ഇറാഖില്‍ ഖത്വരി പൗരന്മാരെ തട്ടിക്കൊണ്ടുപോയതിനെ ഒ ഐ സി വീണ്ടും അപലപിച്ചു

Published

|

Last Updated

താഷ്‌കന്റില്‍ ചേര്‍ന്ന ഇസ്‌ലാമിക് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിതല  സമിതിയുടെ 43 ാം സെഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍

താഷ്‌കന്റില്‍ ചേര്‍ന്ന ഇസ്‌ലാമിക് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിതല
സമിതിയുടെ 43 ാം സെഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍

ദോഹ: ഇറാഖില്‍ ഖത്വരി പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തെ ഇസ്‌ലാമിക് സഹകരണ സംഘടന (ഒ ഐ സി) വീണ്ടും അപലപിച്ചു. ഇറാഖില്‍ നിയമപ്രകാരം പ്രവേശിച്ചവരെ തട്ടിക്കൊണ്ടുപോയ സംഭവം തീവ്രവാദനടപടിയാണെന്നും എല്ലാ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും കടകവിരുദ്ധമാണെന്നും താഷ്‌കന്റില്‍ ചേര്‍ന്ന ഒ ഐ സിയുടെ വിദേശകാര്യ മന്ത്രിതല സമിതിയുടെ 43 ാം സെഷന്‍ വിലയിരുത്തി.
ഇക്കാര്യത്തില്‍ ഇറാഖ് സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കണം. തട്ടിക്കൊണ്ടുപോകല്‍ സംഭവവുമായി ബന്ധപ്പെട്ട് ഖത്വര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏതൊരു നടപടിക്കും ഒ ഐ സിയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖ് സര്‍ക്കാര്‍ ഇടപെട്ട് ഖത്വര്‍ പൗരന്മാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും സമിതി വിലയിരുത്തി. ഖത്വരികളെ തട്ടിക്കൊണ്ടുപോയതില്‍ പുറപ്പെടുവിച്ച പ്രമേയം നടപ്പാക്കാനുള്ള തുടര്‍നടപടികള്‍ ഒ ഐ സി സെക്രട്ടറി ജനറല്‍ കൈക്കൊള്ളണമെന്നും വിദേശകാര്യ മന്ത്രിതല സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഖത്വര്‍ പൗരന്മാരെ ഇറാഖിലെ മരുഭൂമിയില്‍ വെച്ച് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്.
അതിനിടെ ദര്‍ഫൂറില്‍ സമാധാനം കൊണ്ടുവരാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ ഖത്വര്‍ നടത്തിയ ഗുണാത്മക പങ്കിനെ ഒ ഐ സി സ്വാഗതം ചെയ്തു. എരിത്രിയയും ജിബൂട്ടിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അമീര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. സൊമാലിയയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ചികിത്സ ലഭ്യമാക്കാനും ഖത്വര്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ നടത്തിയ ശ്രമങ്ങളെയും ഒ ഐ സി അഭിനന്ദിച്ചു.

Latest