Connect with us

National

നജീബിന്റെ തിരോധാനം: ആഭ്യന്തര മന്ത്രാലയത്തിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും അലംഭാവത്തില്‍ പ്രതിഷേധിച്ച് ജെ എന്‍ യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന് കാണിച്ചാണ് വിദ്യാര്‍ഥികള്‍ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ജെ എന്‍ യു അധ്യാപക സംഘടന വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ചിനാണ് ജെ എന്‍ യുവിലെ എം എസ് സി ബയോടെക്നോളജി വിദ്യാര്‍ഥിയും മഹി- മാണ്ഡവി ഹോസ്റ്റലിലെ താമസക്കാരനുമായ നജീബ് അഹ്മദിനെ കാണാതായത്. വിദ്യാര്‍ഥി സംഘടനയായ ഐസയുടെ സജീവ പ്രവര്‍ത്തകനാണ് നജീബ്. എ ബി വി പിക്ക് എതിരെ ക്യാമ്പസിനകത്ത് നടത്തിയിരുന്ന പരിപാടികളില്‍ നജീബ് സംസാരിച്ചതിനെത്തുടര്‍ന്ന് തര്‍ക്കം പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ പതിനാലിന് രാത്രി എ ബി വി പി പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ വെച്ച് നജീബിനെ മര്‍ദിച്ചത്. വെള്ളിയാഴ്ച മുതല്‍ നജീബ് അഹ്മദിനെ ഹോസ്റ്റലില്‍ നിന്ന് കാണാതാകുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ തടഞ്ഞുവെച്ചിരുന്നു. ഇരുപത് മണിക്കൂര്‍ തുടര്‍ച്ചയായി തടഞ്ഞുവെച്ചതിന് ശേഷമായിരുന്നു വി സിയേയും മറ്റും വിട്ടയച്ചത്. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് സംഭവത്തില്‍ പത്തംഗ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ക്യാമ്പസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ നജീബിന്റെ മാതാവ് ഫാത്വിമ നഫീസയും സഹോദരി സറഫ് മുശ്‌റഫും പങ്കെടുത്തിരുന്നു.