Connect with us

Editorial

മതം, രാഷ്ട്രീയം, മതനിരപേക്ഷത

Published

|

Last Updated

രാഷ്ട്രീയ നേട്ടത്തിന് മത്തതെ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള കനത്ത താക്കീതാണ് 1996ലെ വിവാദ ഹിന്ദുത്വ വിധി പുനഃപരിശോധനാ വേളക്കിടെ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍. മതനിരപേക്ഷതയാണ് ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം. തിരഞ്ഞുടപ്പുകളും മതേതര വിഷയമാണ്. സ്ഥാനാര്‍ഥികള്‍ വോട്ട് പിടിക്കാനായി മതത്തെ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനെയും മതത്തില്‍ നിന്ന് വേര്‍പ്പെടുത്തണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. 1994ല്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ച ജൈന മതക്കാരനായ സുന്ദര്‍ലാല്‍ പട്‌വക്ക് വേണ്ടി ഹിന്ദുത്വത്തിന്റെയും രാമക്ഷേത്രത്തിന്റെയും പേരില്‍ വോട്ട് പിടിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തിലുള്ള മുന്നംഗ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ . സ്ഥാനാര്‍ഥി നേരിട്ടല്ല, അയാള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്ന മറ്റു നേതാക്കളും ഏജന്റുമാരും മതത്തെയും രാമക്ഷേത്രം പോലുള്ള ആരാധനായങ്ങളെയും തിരഞ്ഞെടുപ്പ് വേളയില്‍ ഉപയോഗപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ലെന്ന് കോടതി പറയുകയുണ്ടായി.
രാഷട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുകയും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് സാര്‍വത്രികമാണ്. ബി ജെ പിയും ഹിന്ദുത്വ രാഷ്ട്രീയക്കാരുമാണ് മുന്‍പന്തിയില്‍. അയിരത്തിത്തൊള്ളായിരത്തി എണ്‍തുകളുടെ അവസാനത്തില്‍ അയോധ്യ പ്രശ്‌നത്തോടെയാണ് ഇത് ശക്തി പ്രാപിച്ചത്. നേരത്തെ പാര്‍ലിമെന്റില്‍ രണ്ട് അംഗങ്ങളില്‍ ഒതുങ്ങിയിരുന്ന ബി ജി പി രാജ്യത്തെ പ്രബല രാഷ്ട്രീയ ശക്തിയായി വളര്‍ന്നത് ഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തിയായിരുന്നു. ഗോവധ നിരോധം, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ ഹിന്ദുത്വരുടെ അജന്‍ഡകളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍ മുഖ്യമായും മുന്നോട്ട് വെക്കാറുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. ആസന്നമായ യു പി നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത് മുഖ്യആയുധമാക്കുമെന്ന് വ്യാഴാഴ്ച ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. രാമക്ഷേത്രം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിപ്രകടന പത്രികയുടെ ഭാഗമാണ്. ഇതുസംബന്ധിച്ചു ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പില്‍ നിന്ന് തങ്ങള്‍ക്ക് ഒടിച്ചോടാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദഹം പറഞ്ഞത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അകാലിദളും മതത്തെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ്. ഇതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് സിഖ് സമൂഹത്തിനെതിരാണെന്ന പ്രചാരണം പാര്‍ട്ടി നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ചില മുസ്‌ലിം കക്ഷികളും ആത്മീയ പ്രതിച്ഛായയുള്ളവരെയും സാമുദായിക വികാരത്തെയും രാഷട്രീയത്തിന് വേണ്ടി ചൂഷണം ചയ്തുവരുന്നുണ്ട്.
ബഹുസ്വരതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട രാജ്യമാണ് ഇന്ത്യ. എല്ലാ മതങ്ങളെയും ആദരിക്കാരും വിശ്വാസികളെ സഹിഷ്ണുതയോടെ നോക്കിക്കാണാനുമുള്ള ശ്ലാഘനീയമായ മനോഭാവമായിരുന്നു ഇക്കാലമത്രയും ജനങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നത്. ഈ സവിശേഷത എക്കാലവും നിലനില്‍ക്കണമെന്ന കാഴചപ്പാടിലാണ് സ്വാതന്ത്ര്യാനന്തരം മതനിരപേക്ഷത മൗലിക തത്വമായി അംഗീരിച്ചത്. മതവൈവിധ്യത്തെ രാഷ്ട്രം അംഗീകരിക്കുന്നതോടൊപ്പം മതങ്ങള്‍ വ്യക്തികളിലും അവര്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിലും പരിമിതപ്പെടണമെന്നും രാഷ്ട്രീയത്തിലോ ഭരണത്തിലോ ഇടപെടരുതെന്നുമാണ് ഇതിന്റെ വിവക്ഷ. മതവും രാഷ്ട്രീയവുമായി കൂടിക്കലരുന്നതും രാഷട്രീയ നേട്ടങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതും സാമുദായിക സ്പര്‍ധയും സംഘര്‍ഷവും കലാപവും ഉടലെടുക്കാന്‍ ഇടയാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി സൃഷ്ടിക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബി ജെ പി നേതൃത്വവും സഹചാരകളും പില്‍ക്കാലത്ത് ഭക്തിയെയും വിശ്വാസത്തെയും മതങ്ങളെയും രാഷ്ട്രീയാധുമാക്കി മാറ്റുകയായിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കുകയും വര്‍ഗീയ ധ്രുവീകരണ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകുയും ചെയ്തു. ശ്രീരാമനും അയോധ്യക്കുമെല്ലാം മുമ്പൊന്നുമില്ലാത്ത പ്രാധാന്യം കൈവന്നത് ഇങ്ങനെയാണ്. ഇതിന്റെ ദുരന്തപരിണതിയാണ് ഗുജറാത്തിലും മുസാഫര്‍ നഗറിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കാണായത്. ഖേദകരമെന്ന് പറയട്ടെ, ആപത്കരമായ ഈ പ്രയാണത്തെ തടയുന്നതിന് പകരം, മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പയ്യെപയ്യെ ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ വഴിയെ സഞ്ചരിക്കുകയായിരുന്നു.
ഇന്ത്യന്‍ മതേതരത്വത്തെ വീണ്ടെടുക്കുകയും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്യണമെങ്കില്‍ കോടതികളുടെ ശക്തമായ ഇടപടലുണ്ടാകേണ്ടതുണ്ട്. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്ന ചില നീക്കങ്ങള്‍ നേരത്തെ ഭരണതലങ്ങളില്‍ നിന്നുണ്ടായപ്പോള്‍ കോടതികളായിരുന്നു രക്ഷക്കെത്തിയത്. വ്യാഴാഴ്ച പരമോന്നത കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും ഇടപെടലുകളും പ്രതീക്ഷക്ക് വകയേകുന്നു.

Latest