Connect with us

Kerala

നിഷാം വധഭീഷണി മുഴക്കിയെന്ന് സഹോദരങ്ങള്‍: അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് പരാതി നല്‍കിയത്. 20ാം തീയതി വൈകീട്ട് രണ്ടു തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ജയിലിനകത്തുനിന്നാണോ ബെംഗല്ലൂരുവില്‍ കേസിന് കൊണ്ടുപോയപ്പോഴാണോ ഭീഷണിമുഴക്കിയതെന്ന് വ്യക്തമല്ല.

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പരാതിക്കാര്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എസ്.പി ആര്‍. നിശാന്തിനി പറഞ്ഞു.

നിസാമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള തിരുനെല്‍വേലിയിലെ കിങ്‌സ് ബീഡി കമ്പനിയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹോദരങ്ങള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു. ഇതില്‍ കുപിതനായ നിസാം സഹോദരങ്ങളെ വിളിച്ച് ആരോടു ചോദിച്ച് വേതനം വര്‍ധിപ്പിച്ചെതെന്നും ആരാണ് ഇതിന് അധികാരം നല്‍കിയതെന്നും ചോദിച്ചാ!യിരുന്നു ശാസന.
ബംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനായി നിസാമിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ബസ് ടിക്കറ്റ് നിസാമിന്റെ സുഹൃത്താണ് എടുത്തു നല്‍കിയതെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നുണ്ട്. ബസില്‍ നിസാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും ഒപ്പം ഉണ്ടായിരുന്നു. മടക്കയാത്രക്കുള്ള ടിക്കറ്റ് നിസാമിന്റെ ഓഫീസില്‍ നിന്നാണ് എടുത്തിട്ടുള്ളതെന്നും എസ്.പിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

Latest