Connect with us

Kerala

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനന്യം: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Published

|

Last Updated

മലപ്പുറം: തീവ്രവാദവും ഭീകരവാദവും നാടിനാപത്താണെന്നും യഥാര്‍ഥ വിശ്വാസിക്ക് ഒരുനിലക്കും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാനവരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സോണ്‍തല മാനവരക്ഷാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ശരിയായി മനസ്സിലാക്കാതെ കേട്ടുകേള്‍വികളുടെ പിന്നാലെ പോകുന്നവരാണ് പലപ്പോഴും ഇത്തരം സംഘങ്ങളില്‍ എത്തിപ്പെടുന്നത്. ഇസ്‌ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മതമാണ്. ഭീകരതക്കും തീവ്രവാദത്തിനും അതില്‍ ഒരു സ്ഥാനവുമില്ല. നിരപരാധികളെ കൊന്നൊടുക്കി ദീന്‍ പ്രചരിപ്പിക്കണമെന്ന് ഇസ്‌ലാം ഒരിടത്തും പറഞ്ഞിട്ടില്ല. ഇസ്‌ലാമിക പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ സലഫികളുടെ നീക്കങ്ങള്‍ പണ്ഡിതലോകം എക്കാലവും ശക്തമായി എതിര്‍ത്തിട്ടുണ്ട്. സലഫികളാണ് കേരളത്തില്‍ നിന്നുവരെ പലരെയും തീവ്രവാദ ക്യാമ്പുകളിലെത്തിച്ചതെന്ന വാര്‍ത്ത പേടിപ്പെടുത്തുന്നുണ്ട്. മതത്തിന്റെ നേരായ വഴി സമൂഹത്തിന് പറഞ്ഞുകൊടുക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ മജീദ് അഹ്‌സനി സംസാരിച്ചു. പി കെ എം ബഷീര്‍ ഹാജി സ്വാഗതവും അബ്ദുല്‍ മജീദ് അരിയല്ലൂര്‍ നന്ദിയും പറഞ്ഞു.

Latest