Connect with us

Kerala

ഫാക്ട് ചെയര്‍മാന്റെ ഉള്‍പ്പെടെ വീടുകളില്‍ സി ബി ഐ റെയ്ഡ്

Published

|

Last Updated

കൊച്ചി: ജിപ്‌സം വില്‍പ്പന നടത്തിയതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ ഫാക്ട് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജയ്‌വീര്‍ ശ്രീവാസ്തവ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ജിപ്‌സം കരാര്‍ ലഭിച്ച സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. ഉദ്യോഗമണ്ഡലിലെ ഫാക്ടിന്റെ കോര്‍പറേറ്റ് ഓഫീസിലും റെയ്ഡ് നടന്നു. കൊച്ചിക്ക് പുറമേ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങി ഇരുപതിലേറെ കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടര്‍ന്നു. സി ബി ഐയുടെ മറ്റ് സംസ്ഥാനങ്ങളിലെ യൂനിറ്റുകളുടെ സഹകരണത്തോടെയാണ് റെയ്ഡ്.
മൂന്നാം പ്രതിയായ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് ജി കമ്മത്തിന്റെ എറണാകുളം അമ്മന്‍കോവില്‍ റോഡിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ 65 ലക്ഷം രൂപയുടെ ബേങ്ക് ഡെപ്പോസിറ്റ് രേഖകളും സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് ബേങ്ക് ലോക്കറുകളുടെ താക്കോലും ലഭിച്ചു. മറ്റൊരു ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അംബികയുടെ വീട്ടിലും റെയ്ഡ് നടന്നു.
ഫാക്ടിലെ ഉപോത്പന്നമായ ജിപ്‌സം വില്‍പ്പന നടത്തുന്നതില്‍ ക്രമക്കേട് നടത്തി അനര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതിലൂടെ ഫാക്ടിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന് ഫാക്ടിലെ വിജിലന്‍സ് വിഭാഗം മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര രാസവളം മന്ത്രാലയത്തിന് വിജിലന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ടണ്ണിന് അറുനൂറ് മുതല്‍ 2200 വരെ രൂപ ലഭിച്ചിരുന്ന ജിപ്‌സം എന്‍ എസ് എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ടണ്ണിന് 130 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയതില്‍ ഫാക്ടിന് എട്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. സിമന്റ് നിര്‍മാണത്തിന് മാത്രമേ ജിപ്‌സം വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ച് മണ്ണില്‍ ചേര്‍ക്കുന്നതിനാണ് എന്‍ എസ് എസ് കമ്പനി ജിപ്‌സം ഉപയോഗിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അമ്പത് ഗ്രാമിന്റെ പാക്കറ്റിന് മുന്നൂറ് രൂപ നിരക്കിലാണ് എന്‍ എസ് എസ് കമ്പനി ജിപ്‌സം വില്‍പ്പന നടത്തിയത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഴിമതി നിരോധന നിയമത്തിലെ 120 ബി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്തിട്ടുള്ള രേഖകളും മറ്റ് തൊണ്ടിസാധനങ്ങളും തിങ്കളാഴ്ച സി ബി ഐ കോടതിയില്‍ ഹാജരാക്കും.
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന പൊതുമേഖലാ രാസവളം നിര്‍മാണ കമ്പനിയായ ഫാക്ടിന് കനത്ത തിരിച്ചടിയാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസ്.

---- facebook comment plugin here -----

Latest