Connect with us

Kerala

എല്‍ പി, യു പി സ്‌കൂളുകളില്‍ വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്

Published

|

Last Updated

തിരുവനന്തപുരം: ഐടി@സ്‌കൂള്‍ പ്രൊജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ബി എസ് എന്‍ എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ നവംബര്‍ ഒന്ന് മുതല്‍ രണ്ട് എം ബി പി എസ് വേഗതയുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്‌കീം ആണിത്. സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐ ടി പശ്ചാതല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
2007 മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000േത്താളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഐ ടി@സ്‌കൂള്‍ നല്‍കി വരുന്നുണ്ട്. പ്രൈമറി തലത്തില്‍കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം 15,000 കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇത് മാറും.
പ്രൈമറി തലത്തില്‍ “കളിപ്പെട്ടി” എന്ന പേരില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള ഐ സി ടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്‌കൂളുകളിലെത്തും. എല്ലാ പ്രൈമറി അധ്യാപകര്‍ക്കുമുള്ള ഐ സി ടി പരിശീലനം ഒക്ടോബര്‍ 24ന് ആരംഭിക്കും. ഇതോടൊപ്പം പ്രൈമറി തലത്തിലേക്കുള്ള ബൃഹത്തായ ഡിജിറ്റല്‍ ഉള്ളടക്ക ശേഖരണവും ഐ ടി@സ്‌കൂള്‍ ലഭ്യമാക്കും.
സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ഫലപ്രദമായ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം വഴി ഇത് ലാബിലെ മുഴുവന്‍ കമ്പ്യൂട്ടറുകളിലും ലഭ്യമാക്കണം. വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കണം.
സ്‌കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറുകളില്‍ മറ്റു സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ല. ഭദ്രവും സുരക്ഷിതത്വവുമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പാക്കാനും ഉപയോഗക്ഷമത സമയാസമയങ്ങളില്‍ പരിശോധിക്കാനും ഐ ടി@സ്‌കൂള്‍ പ്രത്യേക പരിശീലനവും ഇ-മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്തുന്നതാണ്.
40 ശതമാനം സ്‌കൂളുകളിലും ഡിസംബര്‍ അവസാനത്തോടെയും അവശേഷിക്കുന്നവയില്‍ 2017 മാര്‍ച്ച് 31നകവും ബി എസ് എന്‍ എല്‍ കണക്ഷന്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നിവ ബി എസ് എന്‍ എല്‍ സജ്ജമാക്കി. മുന്തിയ പരിഗണനയോടെ പരാതികള്‍ പരിഗണിക്കും. നിലവില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന്‍ നല്‍കിയായിരിക്കും ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുക്കുക.

---- facebook comment plugin here -----

Latest