Connect with us

Editorial

അഞ്ച് കോടിയോ ദേശസ്‌നേഹത്തിന്റെ വില?

Published

|

Last Updated

പാക് നടന്‍ അഭിനയിച്ച സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നിലപാടിനെതിരെ സാംസ്‌കാരിക മേഖലക്കൊപ്പം സൈനിക മേധാവികളും രംഗത്തുവന്നിരിക്കയാണ്. സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കേണ്ടത് സ്വമനസ്സാലെ ആയിരിക്കണമെന്നും ആരെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും സംഭാവന പിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് മേധാവികളില്‍ ഏറെയും. സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതിനോട് അവര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയുമുണ്ടായി.
പാക് നടന്‍ ഫവാദ്ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദമായ സിനിമ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുദിക്കില്ലെന്നായിരുന്നു രാജ്താക്കറെ നേതൃത്വം നല്‍കുന്ന എം എന്‍ എസിന്റെ നിലപാട്. സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് സൈനിക നിധിയിലേക്ക് അഞ്ച് കോടി നിര്‍ബന്ധ സംഭാവനയെന്ന ഉപാധിയോടെ പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്‌ളൈഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭാവിയില്‍ പാക് ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്. രാജ്താക്കറെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മധ്യസ്ഥതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടത്. ഉറിയിലെ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാക് സിനിമാ താരങ്ങള്‍ രാജ്യം വിടണമെന്ന ആവശ്യപ്പെട്ട് എം എന്‍ എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സിനിമാ നിര്‍മാതാവ് കരണ്‍ ജോഹറിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. നവനിര്‍മാണ്‍ സേനയുടെ അതേ നിലപാടായിരുന്നു മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ തിയേറ്റര്‍ ഉടമകളും നേരത്തെ സ്വീകരിച്ചിരുന്നത്. സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ തീരുമാനം. ഇതിന് പ്രതികാരമായി ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രസ്താവനയുമായി പാകിസ്ഥാന്‍ തിയേറ്റര്‍ ഉടകളും രംഗത്തുവന്നു. നേരത്തെ ശിവസേന മുംബൈയില്‍ പാക് വിദേശ കാര്യമന്ത്രി ഖുര്‍ശിദ് മഹ്മൂദ് ഖസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിനും വിഖ്യാത ഗസല്‍ ഗായകനായ ഗുലാം അലിയുടെ സംഗീത പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ഹരിയാനയിലെ ഗുരുഗ്രാമില്‍ പാക്കിസ്ഥാന്‍ നാടക സംഘത്തിനുനേരെ ആക്രമണം അഴിച്ചു വിടുകയും ചെയ്തിരുന്നു.
രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സാധാരണമാണ്. എന്നാല്‍ ഇത് കലാ സാംസ്‌കാരിക മേഖലയെ ബാധിക്കാറില്ല. ശത്രുരാഷ്ട്രവുമായി ഭിന്നതകള്‍ തുടരവെ തന്നെ കലാ സാംസ്‌കാരിക രംഗത്ത് പരസ്പരം സഹകരിക്കുകയും വിനിമയം തുടരുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ലോകത്ത് പൊതുവെ കണ്ടുവരുന്നത്. ഈ ബന്ധവും വിനിമയവും നിര്‍ബാധം തുടരണമെന്നാണ് വിവേകശാലികളായ രാഷ്ട്ര നേതാക്കളും മനുഷ്യ സ്‌നേഹികളും ആഗ്രഹിക്കുന്നത്. ദേശത്തിന്റെയോ രാഷ്ട്രത്തിന്റെയോ അതിര്‍ത്തികളില്‍ ഒതുക്കാകുന്നതല്ല കലകള്‍. ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ത്തകള്‍ക്കപ്പുറം എല്ലാ കലാകാരന്മാരെയും സ്‌നേഹിക്കാന്‍ കഴിയുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ഥ കലാസ്‌നേഹിയും മനുഷ്യനുമാകുന്നത്.
അതിര്‍ത്തിയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ ഇരുരാജ്യങ്ങളിലെയും കലാകാരന്മാര്‍ക്കോ സാംസ്‌കാരിക നായകര്‍ക്കോ പങ്കില്ല. രാഷ്ട്ര നേതൃങ്ങളാണ് അതിന് ഉത്തരവാദി. അവരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇടക്കിടെ അതിര്‍ത്തിയില്‍ പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളുടെ പിന്നില്‍. അതിന്റെ പേരില്‍ കലാസാംസ്‌കാരിക നായകന്മാര്‍ക്കും അവരുടെ കലാസൃഷ്ടികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നതു അവിവേകമാണ്. രാജ്യസ്‌നേഹത്തിന്റേ പേര് പറഞ്ഞാണ് ഫാസിസ്റ്റ് സംഘടനകള്‍ ഇത്തരം വിദ്വേഷ പ്രചാരണവും വിലക്കുകളും ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇത് രാജ്യത്തിന് ദുഷ്‌പേരുണ്ടാക്കുകയാണ്. പാക് താരങ്ങള്‍ അഭിനയിച്ചതിന്റെ പേരില്‍ സിനിമാ പ്രദര്‍ശനത്തിന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് യഥാര്‍ഥത്തില്‍ പിടിച്ചു പറിയാണ്. അല്ലെങ്കിലും അഞ്ച് കോടി വിലയിടാകുന്നതാണോ രാജ്യസ്‌നഹം?
സൈനിക മേഖലയില്‍ നിന്നുളവായ പ്രതികരണം ആശാവഹമാണ്. വര്‍ഗീയ സംഘടനകളുടെ താത്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടവരല്ല സൈനികര്‍. പുറത്തു നിന്നുള്ള ശത്രുക്കളെയെന്ന പോലെ അകത്തു ള്ള വര്‍ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങളെയും ചെറുത്തു തോല്‍പിച്ചു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ബാധ്യസ്ഥമാണ് സൈന്യം. നവ നിര്‍മാണ്‍ സേനയുടെ വര്‍ഗീയ താത്പര്യങ്ങള്‍ക്ക് അരുനിന്നാല്‍ അത് രാജ്യത്തിന്റെയും സൈന്യത്തിന്റെയും അന്തസ്സ് നഷ്ടമാക്കും.