Connect with us

Kerala

ബി പി എല്‍ പട്ടികയിലേക്ക് ആറ് ലക്ഷം പേര്‍ കൂടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിഹിതത്തിനുള്ള ബി പി എല്‍ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ നിലവിലെ റേഷന്‍ വിതരണ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഭക്ഷ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.
കരട് മുന്‍ഗണനാ പട്ടിക അനുസരിച്ച് സംസ്ഥാന പട്ടികയിലുള്ളവര്‍ ഉള്‍പ്പെടെ 28 ലക്ഷം കുടുംബങ്ങളാണ് ബി പി എല്‍ പട്ടികയിലുള്ളത്. അന്ത്യോദയ, അന്നയോജന പദ്ധതി പ്രകാരം റേഷന്‍ ആനൂകൂല്യം ലഭിക്കുന്ന ആറ് ലക്ഷം ഉപഭോക്താക്കള്‍ കൂടിച്ചേരുമ്പോള്‍ മുന്‍ഗണനാ പട്ടിക 34 ലക്ഷമാകും. ഇപ്പോള്‍ സൗജന്യമായി അരി ലഭിക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും ഇതേ അളവില്‍ അരി നല്‍കും. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എത്ര രൂപക്ക് അരി നല്‍കണം എന്ന കാര്യം തീരുമാനമായില്ല. ഇതും നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ചും ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.
കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ ബി പി എല്ലില്‍പ്പെട്ട പലരും എ പി എല്‍ വിഭാഗത്തിലേക്ക് തള്ളപ്പെട്ടതായി വ്യാപക പരാതികളുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ തിരുത്തലുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പട്ടിക പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഫെബ്രുവരി ഒന്നിന് അന്തിമ പട്ടിക പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം കൂടുതല്‍ പേരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. തെറ്റായ വിവരങ്ങള്‍ നല്‍കിയവരെ കണ്ടെത്തി ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് സ്വയം പിന്മാറാനും അവസരമുണ്ട്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍ക്കതിരെ നടപടിയുണ്ടാകും.
മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായവരുടെ പട്ടിക പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സിവില്‍ സപ്ലൈസിന്റെ വൈബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പരിശോധിക്കാം. ആക്ഷേപമുള്ളവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കാനും അവസരമുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കേന്ദ്രം മൂന്ന് രൂപക്ക് അരിയും രണ്ട് രൂപക്ക് ഗോതമ്പും നല്‍കും.
സംസ്ഥാനത്തിന് ഈ വിലയ്‌ക്കോ ഇതില്‍ കുറഞ്ഞ വിലയ്‌ക്കോ നല്‍കാം. ഇക്കാര്യം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വിതരണ സംവിധാനത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇതുമൂലം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ടവര്‍ ഒഴിവാക്കപ്പെടുന്നത് തടയണമെന്നുമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ പൊതുവികാരം.