Connect with us

Kerala

മേനക ഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടന്ന് കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ട ആവശ്യമെന്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ നടപടി എടുക്കാത്തതിനു പിന്നില്‍ തെരുവുനായകള്‍ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന മാഫിയകളുടെ താല്‍പര്യമാണോ എന്നും കുമ്മനം സംശയം പ്രകടിപ്പിച്ചു. തദ്ദേശ ഭരണ മന്ത്രി കെ.ടി. ജലീലിന് എഴുതിയ തുറന്ന കത്തിലാണ് കുമ്മനത്തിന്റെ പ്രസ്താവന.
കത്തിന്റെ പൂര്‍ണ രൂപം വായിക്കാം…..
തദ്ദേശ ഭരണ മന്ത്രി കെ ടി ജലീലിന് ഒരു തുറന്ന കത്ത്.
ബഹുമാനപ്പെട്ട ശ്രീ കെ ടി ജലീല്‍,
കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാനാകാത്തത് കേന്ദ്രസര്‍ക്കാര്‍ നിലപാട് മൂലമാണെന്ന തരത്തിലുള്ള താങ്കളുടെ പ്രസ്താവനകള്‍ കാണാനിടയായി. പ്രത്യേകിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിന് കാരണമെന്നും താങ്കള്‍ പറഞ്ഞത് ശ്രദ്ധയില്‍ പെട്ടു. മേനകാഗാന്ധിയെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കാനും എതിര്‍ക്കാനും താങ്കള്‍ക്ക് അവകാശമുള്ളതുപോലെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാനും താങ്കള്‍ക്ക് കടമയുണ്ടെന്ന കാര്യം മറക്കരുത്. കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിലപാടാണ് കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കാന്‍ തടസ്സമെന്ന് താങ്കള്‍ വിശദീകരിക്കണം. തിരുവനന്തപുരം പുല്ലുവിളയില്‍ സിലുവമ്മയെന്ന 65 വയസ്സുകാരി തെരുവ് നായയുടെ കടിയേറ്റ് മരിച്ച സംഭവമുണ്ടായപ്പോള്‍ തെരുവ് നായ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് താങ്കള്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ? കൂടാതെ സെപ്തംബര്‍ മാസത്തില്‍ സുപ്രീം കോടതിയിലും താങ്കള്‍ ഇതേ ഉറപ്പ് നല്‍കിയിട്ടുണ്ട്. വാഗ്ദാനം ചെയ്ത നടപടികള്‍ കൃത്യാന്തര ബാഹുല്യം മൂലം താങ്കള്‍ മറന്നു പോയ സ്ഥിതിക്ക് അവ ഒന്ന് ഓര്‍മ്മിപ്പിക്കാം. ഭ്രാന്തന്‍ നായകളെ പിടികൂടാന്‍ പ്രത്യേക പരിശീലനം നേടിയവരെ നിയമിക്കും, അവയെ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്ന് പുനരധിവസിപ്പിക്കും, പ്രശ്‌നകാരികള്‍ അല്ലാത്തവയെ മാത്രം പിന്നീട് തുറന്നു വിടും, വന്ധീകരണം പ്രതിരോധ കുത്തിവെയ്പ്പ് ഇവ നടപ്പാക്കും,ബ്ലോക്ക് തലത്തില്‍ വന്ധ്യംകരണ ക്യാമ്പുകള്‍, ഇതിനായി പ്രത്യേക ഡോക്ടര്‍മാര്‍ എന്നിങ്ങനെയായിരുന്നു വാഗ്ദാനങ്ങള്‍. ഇവയൊക്കെ നടപ്പാക്കാന്‍ മേനകാ ഗാന്ധിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി എന്തിനാണെന്ന് താങ്കള്‍ വ്യക്തമാക്കണം. ആഗസ്റ്റ് 21 ന് ശേഷം രണ്ടു മാസങ്ങള്‍ കടന്നു പോയി. നാളിതു വരെ എന്ത് നടപടിയാണ് കേരള സര്‍ക്കാരും താങ്കളും തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ കൈക്കൊണ്ടതെന്ന് വിശദീകരിക്കണം. നായശല്യം വീണ്ടും രൂക്ഷമായി മറ്റൊരു നിരപരാധിയുടെ ജീവന്‍ നഷ്ടമായപ്പോഴാണ് ഈ വിഷയത്തില്‍ താങ്കളെ വീണ്ടും കാണുന്നത്.
10 മാസത്തിനുള്ളില്‍ 10 പേരെയാണ് തെരുവ് നായ കടിച്ച് കൊന്നത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ ഇതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?. മേനകാഗാന്ധിയെ പഴി പറഞ്ഞ് എത്രനാള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റും? മാത്രവുമല്ല വനിതാ ശിശുക്ഷേമമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് തെരുവ് നായ വിഷയത്തില്‍ ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കുന്നത് എന്തിനാണ്?. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പഞ്ചായത്തിലും രാഷ്ട്രീയ എതിരാളികളെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഗൗനിക്കാത്ത സര്‍ക്കാരാണ് താങ്കളുടേതെന്നും ഓര്‍മ്മയുണ്ടാകുമല്ലോ?
കേന്ദ്രമന്ത്രി എന്നതിന് മുന്‍പ് തന്നെ മൃഗസ്‌നേഹി എന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് മേനകാ ഗാന്ധി എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ? അപ്പോള്‍ മൃഗസ്‌നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തില്‍ മേനകാ ഗാന്ധിയാണ് കേരളത്തിലെ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് തടസ്സമെന്ന വാദത്തിന് എന്താണ് പ്രസക്തി. തെരുവ് നായകള്‍ ഇല്ലാതാകരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാഫിയകളുടെ താത്പര്യമാണോ ഇതിന് പിന്നിലെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
മന്ത്രി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ താങ്കള്‍ നടത്തിയ പ്രസ്താവനകള്‍ ഒരു വിഭാഗം ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ സഹായകമായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ചിലര്‍ വീണുപോവുകയും ചെയ്തിട്ടുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാതെ ആവേശം പ്രകടിപ്പിക്കുന്നവരാണ് കേന്ദ്രസര്‍ക്കാരിനെതിരെ തിരിയുന്നതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. കേരളം ഗൗരവകരമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ട താങ്കളെ പോലെയുള്ളവര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതില്‍ നിന്ന് പിന്‍മാറി തെരുവ് നായ നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ ഭ്രാന്തന്‍ നായകളെ കൊല്ലേണ്ട സാഹചര്യമുണ്ടായാല്‍ അതിന് നിയമ തടസ്സം ഇല്ലെന്ന യാഥാര്‍ത്ഥ്യം എന്നെപ്പോലെ താങ്കള്‍ക്കും അറിയാമല്ലോ?
പക്ഷേ അപ്പോഴും കൊന്നു തള്ളലാണോ ശാശ്വത പരിഹാരം എന്ന് ചിന്തിക്കാനുള്ള വിവേചന ബുദ്ധിയും താങ്കള്‍ പ്രകടിപ്പിക്കുമെന്ന് കരുതട്ടെ? കേരളത്തില്‍ മാത്രമുള്ള തെരുവ് നായകള്‍ രക്തദാഹികളായി മാറുന്നതിന് പിന്നിലുള്ള സാഹചര്യം അങ്ങേക്ക് അറിവില്ലാത്തതാണോ? അറവ് ശാലകളില്‍ നിന്ന് തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാംസവും രക്തവും കഴിക്കുന്ന നായകള്‍ മനുഷ്യ രക്തത്തിനായും ദാഹിക്കുന്നതില്‍ എന്താണ് തെറ്റ്? മാലിന്യം വലിച്ചെറിയുന്നവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട താങ്കളുടെ വകുപ്പല്ലെ യഥാര്‍ത്ഥ കുറ്റവാളികള്‍?.
തെരുവ് നായകളെ നിയന്ത്രിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ തയ്യാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചരണത്തിന് വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത് താങ്കളെപ്പോലെയുള്ള യുവ നേതാക്കള്‍ക്ക് ഭൂഷണമല്ല. ഒപ്പം താങ്കളുടെ വാക്ക് കേട്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്കും. വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണത്തില്‍ നിന്ന് വിട്ട് നിന്ന് സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു. അതിന് ബിജെപി കേരള ഘടകത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
വിശ്വസ്തതയോടെ,
കുമ്മനം രാജശേഖരന്‍
സംസ്ഥാന അദ്ധ്യക്ഷന്‍, ബിജെപി.

Latest