Connect with us

Gulf

ഷോപ്പിംഗിന് മുമ്പ് വില താരതമ്യം ചെയ്യാന്‍ സൗകര്യമൊരുക്കി വാണിജ്യ മന്ത്രാലയം

Published

|

Last Updated

ദോഹ: വാണിജ്യ മന്ത്രാലയം പുറത്തിറക്കുന്ന പ്രതിവാര താരതമ്യ വില പട്ടിക അനുസരിച്ച് ഒരേ ഉത്പന്നത്തിന് പല ഷോപ്പുകളില്‍ വ്യത്യസ്ത വിലയെന്ന് റിപ്പോര്‍ട്ട്.
പ്രധാന വില്‍പ്പനശാലകളിലെ അത്യാവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്താണ് വാണിജ്യ മന്ത്രാലയം വിലനിലവാര പട്ടിക തയ്യാറാക്കുന്നത്. ചില്ലറ വില്‍പ്പന വിപണിയിലെ മത്സരത്തിനും ഉപഭോക്താക്കള്‍ക്ക് വില കുറഞ്ഞ സാധനങ്ങള്‍ തിരിച്ചറിയുന്നതിനുമാണ് ഇത്. രാജ്യത്തെ പ്രധാന 17 വില്‍പ്പനശാലകളില്‍ പ്രദര്‍ശിപ്പിച്ച ഉത്പന്നങ്ങളുടെ വില ഇതിലൂടെ ലഭ്യമാകും. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കാണ് ഇത്കൂടുതല്‍ പ്രയോജനപ്പെടുക. ഈയാഴ്ച പുറത്തിറക്കിയ വേര്‍ ടു ഷോപ്പ് എന്ന പേരിലുള്ള വിലതാരതമ്യ പട്ടിക പ്രകാരം ജനകീയ ബ്രാന്‍ഡിലുള്ള അരിക്ക് 94 ഖത്വര്‍ റിയാല്‍ വരെ വ്യത്യാസമാണ് ഒരു ഔട്ട്‌ലെറ്റിനെ അപേക്ഷിച്ച് മറ്റൊരു ഔട്ട്‌ലെറ്റിലുള്ളത്. 132 ഇനം ഭക്ഷ്യസാധനങ്ങള്‍, 42 ഭക്ഷ്യേതര ഉത്പന്നങ്ങള്‍, കുട്ടികള്‍ക്കുള്ള 38 ഇനം ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയാണ് ലഭ്യമായത്. http://market.mec.gov.qa/index.aspx എന്ന ലിങ്കില്‍ ഈ മാസം 29 വരെയുള്ള വിലവിവരം ലഭ്യമാണ്. കാരിഫോര്‍, അല്‍ മീറ, ജയന്റ് സ്റ്റോഴ്‌സ്, ലുലു, ദഹീല്‍, സഫാരി, ഫാമിലി ഫുഡ്‌സെന്റര്‍, അല്‍ സഫീര്‍, മെഗ മാര്‍ട്ട്, ഫുഡ് പാലസ്, ഫുഡ് വേള്‍ഡ്, സൗദിയ, അല്‍ റവാബി, ക്വാളിറ്റി, ഗ്രാന്‍ഡ്, മസ്‌കര്‍, ഗ്രാന്‍ഡ്മാര്‍ട്ട് എന്നിവിടങ്ങളിലെ വിലയെ അടിസ്ഥാനമാക്കിയാണ് പട്ടിക.
പഞ്ചാബ് ബസുമതി അരിയുടെ 40 കിലോ ബാഗിന് ഒരു ഷോപ്പില്‍ ഏറ്റവുംകുറഞ്ഞ വിലയാണ് 200 റിയാല്‍ ആണ്. മറ്റൊരു ഷോപ്പില്‍ പരമാവധി വിലയായ 294.5 റിയാലും. അഞ്ച് കിലോയുടെ സണ്‍വൈറ്റ് അരിക്ക് വിവിധ ഷോപ്പുകളില്‍ 30- 38.50 റിയാല്‍ ആണ് വില. സാദിയ ഫ്രോസണ്‍ ചിക്കന് (1- 1.2 കിലോ) 3.75 മുതല്‍ 4.75 റിയാലിന്റെ വ്യത്യാസമുണ്ട്. ഒരു കിലോയുടെ തയ്ബത് ഫ്രോസണ്‍ ചിക്കന്‍ 14- 17 റിയാലിന് ലഭിക്കും. സാദിയ ബീഫ് ബര്‍ഗറിന് (24 കഷ്ണങ്ങള്‍/ 1.34 കിലോ) 31.5- 38.25 റിയാലാണ് വില. ഇതേബ്രാന്‍ഡിന്റെ ചിക്കന്‍ ബര്‍ഗര്‍ (672 ഗ്രാം) 16.50- 20 റിയാലിന് ലഭിക്കും. അമേരിക്കന്‍ സ്വീറ്റ് കോണ്‍ (450 ഗ്രാം) 9.25- 11 റിയാലിന് ലഭിക്കും.
ഭക്ഷ്യേതര സാധനങ്ങള്‍ക്ക് വിവിധ ഷോപ്പുകളില്‍ ഒന്ന്- ഒന്നര റിയാലിന്റെ വ്യത്യാസമേയുള്ളൂ. കുട്ടികള്‍ക്കുള്ള ഉത്പന്നങ്ങളില്‍ പത്ത് റിയാലിന്റെ വരെ വ്യത്യാസമുണ്ട്. ജെ ആന്‍ഡ് ജെ ബേബി പൗഡര്‍ പാക്കറ്റിന് (500 ഗ്രാം) 20- 30.25 റിയാല്‍ ആണ്. ബേബി ജോയ് ഡയപര്‍ (മീഡിയം നം.3- 34 കഷ്ണം) 27.25- 29 റിയാല്‍ ആണ്. നിഡോ പാല്‍പ്പൊടി (രണ്ടര കിലോ) 60.75- 71.75 റിയാലാണ് വില.
ഉത്പന്നങ്ങളുടെ വിലയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പ്രത്യേക അടയാളങ്ങളുണ്ട്. പഞ്ചാബ്, സണ്‍ വൈറ്റ് അരി ചുവപ്പ് നിറത്തിലാണുള്ളത്. സാദിയ ഫ്രോസണ്‍ ചിക്കന്‍, സണ്‍ബുല ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവ പച്ച നിറത്തിലാണ്. ചരക്കുകളുടെയും ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് പുറമെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരവുമാണ്. സാധനം വാങ്ങാന്‍ പോകുന്നതിന് മുമ്പ് വിവിധ ഷോപ്പുകളിലെ വില താരതമ്യം ചെയ്യാന്‍ സാധിക്കും.