Connect with us

Kerala

ഡോഗ്‌സ് ഓണ്‍ കണ്‍ട്രി

Published

|

Last Updated

തെരുവ്‌നായയെ എന്ത് ചെയ്യും.? കൊല്ലുകയല്ലാതെ മറ്റു വഴിയില്ല. എന്നാല്‍ കൊല്ലാന്‍ പറ്റുമോ. പറ്റുകയുമില്ല. സുപ്രീംകോടതിയില്‍ കേസും മനേകഗാന്ധിയെന്ന മന്ത്രിയും തടസമാണ്. ഈ തടസങ്ങളെ നൈസായി മറികടക്കാമെന്നാണ് പി കെ ബഷീറിന്റെ പക്ഷം. വന്ധ്യംകരണത്തില്‍ കാര്യമില്ല. കടിക്കുന്ന വായക്ക് പൂട്ടിടണം. അല്ലെങ്കില്‍ ഇറച്ചിയില്‍ വിഷം പുരട്ടി കൊന്ന് കുഴിച്ചുമൂടുക. കൊല്ലല്‍ ആഘോഷമാക്കരുത്, മാധ്യമങ്ങളില്‍ പബ്ലിസിറ്റിയും പാടില്ല. നിയമം നോക്കിയാല്‍ എല്ലാം നടക്കില്ല. തലയില്‍ അല്‍പം കോമണ്‍സെന്‍സസ് ഉണ്ടെങ്കില്‍ ഇതൊക്കെ പറ്റുമത്രെ. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയാകുമെന്നും അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ബഷീറിന്റെ മുന്നറിയിപ്പ്.
ആട്ടിനെയും പശുവിനെയും പോത്തിനെയും കൊന്ന് തിന്നാം. ആര്‍ക്കും പരാതിയില്ല, കേസുമില്ല. മനുഷ്യനെ കൊല്ലുന്ന നായയെ കൊന്നാല്‍ കേസെടുക്കുന്നതിലെ യുക്തി തോമസ് ചാണ്ടിയും ചോദ്യം ചെയ്തു. വാട്ട് ഈസ് അതോറിറ്റി എന്നായിരുന്നു മനേകഗാന്ധിയെ കുറിച്ച് കെ ബി ഗണേഷ്‌കുമാറിന്റെ ചോദ്യം. കന്നുകാലികളെ കൊന്ന കടുവയെ വെടിവെച്ച് കൊന്ന നാട്ടില്‍ മനുഷ്യനെ കൊല്ലുന്ന പട്ടിയെ കൊല്ലാന്‍ പാടില്ലെന്ന് പറയാന്‍ ഈ കേന്ദ്രമന്ത്രിക്ക് എന്ത് അവകാശം. വന്ധ്യംകരണത്തിന്റെ പേരില്‍ ചില സംഘടനകള്‍ സര്‍ക്കാറിന്റെ ലക്ഷങ്ങള്‍ അടിച്ചെടുക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണവും അദ്ദേഹവും ആവശ്യപ്പെട്ടു.
നാട്ടില്‍ കവര്‍ച്ചയും കൊലപാതകും നടന്നാല്‍ കാണിക്കാത്ത ശുഷ്‌കാന്തിയാണ് പട്ടിയെ കൊല്ലുന്നവരെ പിടിക്കാന്‍ പോലീസ് കാണിക്കുന്നതെന്നായിരുന്നു വിന്‍സന്റിന്റെ പരാതി.
നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനാണ് മനേകഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ യു എ പി എ ചുമത്താന്‍ പറയുമോയെന്ന ഭീതിയും അദ്ദേഹത്തിനുണ്ട്. സുപ്രീംകോടതിയിലെ കേസ് നായ്ക്കളെ കൊല്ലുന്നതിന് തടസമാണ്. മനേകഗാന്ധിയെ പറഞ്ഞ് മനസിലാക്കാന്‍ മന്ത്രി ഒ രാജഗോപാലിന്റെ സഹായം തേടി. പുത്രസ്‌നേഹം കൊണ്ട് അന്ധത ബാധിച്ച പലരെയും രമേശ് ചെന്നിത്തല കണ്ടിട്ടുണ്ട്. എന്നാല്‍ പട്ടി സ്‌നേഹം കൊണ്ട് അന്ധത ബാധിച്ച മനേകഗാന്ധിയെ കൈകാര്യം ചെയ്യണം. കേരളത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം എന്തവകാശമാണ് ഇവര്‍ക്ക്. വാക്‌സിന്‍ ലോബിയെ കൈകാര്യം ചെയ്യണമെന്നും രമേശ് ആവശ്യപ്പെട്ടു.
കെ എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് സബ്മിഷന്‍ വഴി സഭയിലെത്തി. ഉദ്യോഗസ്ഥ തലപ്പത്തെ പോര് ഭരണ സ്തംഭനത്തിന് വഴിവെച്ചിട്ടുണ്ടെന്നായിരുന്നു പരാതി. ഒരു സ്തംഭവനുമില്ലെന്ന് മാത്രമല്ല, ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
അനൗദ്യോഗിക പ്രമേയങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. വരള്‍ച്ച മുന്‍നിര്‍ത്തി മുല്ലക്കര രത്‌നാകരനാണ് ആദ്യപ്രമേയം അവതരിപ്പിച്ചത്. വെള്ളം ജീവിതമാണെന്നും സംസ്‌കാരമാണെന്നും തിരിച്ചറിഞ്ഞുള്ള പദ്ധതി വേണമെന്നായിരുന്നു മുല്ലക്കരരത്‌നാകരന്റെ നിര്‍ദേശം. നദികള്‍ സ്വാഭാവിക വിശുദ്ധിയോടെ വീണ്ടെടുക്കണം. അല്ലെങ്കില്‍ രണ്ട് നേരം കുളിക്കുന്ന മലയാളിയുടെ ശീലം മാറ്റേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
പശ്ചിമഘട്ടം സംരക്ഷിക്കുകയാണ് ആദ്യം വേണ്ടതെന്നായിരുന്നു പി ടി തോമസിന്റെ നിര്‍ദേശം. ഗാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നു. കാളപെറ്റെന്ന് കേട്ടതോടെ കയറെടുത്തവരാണ് ഗാഡ്കിലിനെ എതിര്‍ത്തത്. ഗാഡ്കില്‍ നടപ്പാക്കിയിരുന്നെങ്കില്‍ വരള്‍ച്ച നേരിടാന്‍ കഴിയുമായിരുന്നു. പി ടി തോമസിന്റെ ഗാഡ്കില്‍ പിന്തുണ കോണ്‍ഗ്രസ് നിലപാടാണോയെന്ന് ഭരണപക്ഷത്തിന് സംശയം.
നിലപാട് വ്യക്തിപരമാണെന്ന് കെ മുരളീധരനും രമേശും അറിയിച്ചു. കോണ്‍ഗ്രസില്‍ വ്യക്തിപരമായ നിലപാട് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നായി പി ടി തോമസ്. സി പി എമ്മിനെ പോലെ കല്ല്യാണം പോലും പാര്‍ട്ടി നിശ്ചയിച്ച് പാര്‍ട്ടി സെക്രട്ടറി നടത്തുകയല്ല. ടി വി തോമസും സുരേഷ്‌കുറുപ്പും പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് കല്ല്യാണം കഴിച്ചവരാണെന്നും പി ടി തോമസ് പറഞ്ഞു. സി പി എമ്മില്‍ കല്ല്യാണത്തിന് പാര്‍ട്ടി നിയന്ത്രണമില്ലെന്നായി ആര്‍ രാജേഷും എ പ്രദീപ്കുമാറും. വസ്തുതാവിരുദ്ധ പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് കെ വി അബ്ദുല്‍ഖാദറും ആവശ്യപ്പെട്ടു.
കേരള വികസനത്തിന്റെ താക്കോല്‍ ജലം ആണെന്നായിരുന്നു സി കെ ആശയുടെ നിരീക്ഷണം. കാവേരി ട്രൈബ്യൂണല്‍ വിധിയനുസരിച്ച് ലഭിക്കേണ്ട വെള്ളം വാങ്ങിയെടുക്കണമെന്ന് എന്‍ ഷംസുദ്ദീനും നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ തകരുമെന്ന ഭീതി ഇല്ലാതായെന്ന് എ എം ആരിഫ്. കാരണം ഇനി ഡാം നിറയുമെന്ന ഭീതിയില്ല. ജലവിനിയോഗ രീതികളില്‍ മാറ്റം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.