Connect with us

National

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നുവെന്ന് പോലീസ്. ജയില്‍ ചാടിയ പ്രതികളെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഭോപാലിലെ ഈന്ത്‌ഗേദി ഗ്രാമത്തില്‍ വെച്ച് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഭോപ്പാലിന്റെ അതിര്‍ത്തി ഗ്രാമമാണ് ഈന്ത്‌ഗേദ്.
മുജീബ് ശൈഖ്, മജീദ്, അക്വീല്‍, ഖാലിദ്, ജാക്കിര്‍, മെഹബൂബ് ശൈഖ്, അംജാദ്, മുഹമ്മദ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ ഐ എ സ്ഥിരീകരിച്ചു. കേസിലെ 31ാം പ്രതി ഗുഡ്ഡു എന്ന് വിളിക്കുന്ന മെഹബൂബ് ശൈഖാണ് ഇയാള്‍.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഭോപാല്‍ സെന്‍ട്രല്‍ ജയയിലില്‍ നിന്ന് ചാടിയ സിമി പ്രവര്‍ത്തകരെ പോലീസ് വധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് പറയുന്നതെങ്കിലും സംഭവത്തില്‍ സര്‍വത്ര ദുരൂഹത നിലനില്‍ക്കുന്നു. ജയിലില്‍ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമ ന്ത്രാലയം മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടി. സംഭവത്തെ കുറിച്ച് എന്‍ ഐ എ അന്വേഷിക്കുമെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ ജീവനക്കാരനെ വധിച്ചാണ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഗാര്‍ഡിനെ സ്റ്റീ ല്‍പ്ലേറ്റ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പുതപ്പ് ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ ചാടിയത്. ബി ബ്ലോക്കിലായിരുന്നു എട്ട് തടവുകാരെയും പാര്‍പ്പിച്ചത്. ജയിലില്‍ ചുമതലയുണ്ടായിരുന്ന രാമശങ്കറാണ് കൊല്ലപ്പെട്ടത്. ഭക്ഷണം നല്‍കിയ സ്റ്റീല്‍ പാത്രത്തിന്റെയും ഗ്ലാസിന്റെയും മൂര്‍ച്ചയുള്ള അരിക് ഉപയോഗിച്ച് കഴുത്തറുത്താണ് രാമശങ്കറിനെ കൊലപ്പെടുത്തിയത്. ശേഷം, മരക്കഷണങ്ങള്‍ ഉപയോഗിച്ച് വലിയ മതിലിന് മുകളില്‍ കയറി, കൂട്ടിക്കെട്ടിയ പുതപ്പുകള്‍ ഉപയോഗിച്ച് തൂങ്ങിയിറങ്ങി ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഭോപാല്‍ ഡി ഐ ജി രമണ്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു. ഭോപാല്‍ നഗരം ദീപാവലി ആഘോഷത്തില്‍ മുങ്ങിയ ദിവസമാണ് തടവുകാര്‍ രക്ഷപ്പെട്ടത്. എന്നാല്‍, ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടില്ല. കൊല്ലപ്പെട്ടവരില്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരും നേരത്തെ ജയില്‍ ചാടി പിടിയിലായ മൂന്ന് പേരുമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പ്രതികള്‍ മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബേങ്ക് കവര്‍ച്ച, കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 2013ല്‍ ക്വന്‍ദ്വ ജയിലില്‍ ജീവനക്കാരനെ ആക്രമിച്ച് ഏഴ് സിമി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി രക്ഷപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. വാഗമണ്‍ കേസില്‍ അറസ്റ്റിലായ മെഹബൂബ് കേരളത്തിലെ തെളിവെടുപ്പിന് ശേഷമാണ് ഇതേ വര്‍ഷം ജയില്‍ ചാടിയത്. പിന്നീട് ഇയാളെ തെലങ്കാനയില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്നും എന്‍ ഐ എ അറിയിച്ചു.
നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) 2007ല്‍ വാഗമണില്‍ ക്യാമ്പ് സംഘടിപ്പിച്ചുവെന്നായിരുന്നു കേരളത്തിലെ കേസ്. 2009ല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഏറ്റെടുത്തു. കേസിലെ 38 പ്രതികളില്‍ നാല് പേര്‍ മലയാളികളാണ്. ഭീകരര്‍ ജയില്‍ ചാടിയത് ഗൗരവമായി എടുത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുന്നു. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest