Connect with us

Kerala

മഴ ലഭ്യതയില്‍ കുറവ്; സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം :കാലവര്‍ഷത്തിനൊപ്പം തുലാവര്‍ഷ മഴയും മാറി നില്‍ക്കുന്നത് കേരളത്തില്‍ കൊടും വരള്‍ച്ചാ ഭീതിയുയര്‍ത്തുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം കാര്‍ഷിക, വ്യാവസായിക മേഖലയിലും ദുരന്തം പ്രതിഫലിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെങ്കില്‍ തുലാവര്‍ഷ മഴ ഇനിയും ശക്തമായിട്ടില്ലെന്നതാണ് സ്ഥിതി. ഒക്‌ടോബറില്‍ കേരളത്തില്‍ ലഭിക്കേണ്ട തുലാവര്‍ഷ മഴയില്‍ 60 ശതമാനം കുറവുണ്ടായി. മഴ കുറവ് ആശങ്കപ്പെടുത്തുന്നതാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. സംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വൈദ്യുതി മേഖലയിലും വന്‍ പ്രതിസന്ധി രൂപപ്പെടുകയാണ്.
തുലാവര്‍ഷ മഴ ശക്തിപ്രാപിക്കുമെന്നും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കേരളത്തില്‍ 90 മുതല്‍ നൂറ് ശതമാനം വരെ മഴ ലഭിക്കുമെന്നുമായിരുന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍, ഒക്‌ടോബര്‍ പിന്നിടുമ്പോഴും മഴ ശക്തിപ്രാപിച്ചിട്ടില്ല. തുലാവര്‍ഷ മഴയും മാറി നില്‍ക്കുന്നതിനാല്‍ ഭൂഗര്‍ഭ ജലവിതാനവും കുറഞ്ഞുതുടങ്ങി. വരള്‍ച്ചാ ബാധിത സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലും മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍പ്പോലും കാലവര്‍ഷം ശക്തമായപ്പോഴാണ് കേരളം വരള്‍ച്ചാഭീഷണി നേരിടുന്നത്.
ജുലൈ 15ന് ശേഷം കേരളത്തില്‍ കാര്യമായി മഴ പെയ്തിട്ടില്ല. നദികളിലെ നീരൊഴുക്ക് കുറഞ്ഞതിനൊപ്പം പലയിടത്തും വേനലിന് സമാനമായി വെള്ളം കുറഞ്ഞിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 2005.8 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. ലഭിച്ചതാകട്ടെ 1343 മില്ലി ലിറ്ററും. ഒരു ജില്ലയില്‍ പോലും സാധാരണ അളവില്‍ ഇക്കുറി മഴ പെയ്തില്ല. മഴയുടെ തോത് ഏറ്റവും കുറവ് വയനാട്ടിലാണ്, 59 ശതമാനം കുറവാണ് അവിടെയുണ്ടായത്. തൃശൂരില്‍ 44ഉം മലപ്പുറത്ത് 39ഉം പാലക്കാട്ട് 34 ശതമാനവും മഴ കുറഞ്ഞു. ഇടവപ്പാതിയില്‍ ഭേദപ്പെട്ട മഴ കിട്ടിയത് എറണാകുളം ജില്ലയില്‍ മാത്രമാണ്.
നവംബറിലും ഡിസംബറിലും തുലാവര്‍ഷ മഴ ശക്തിപ്രാപിച്ചാലും വേനലിലെ ജലലഭ്യതയില്‍ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ജലവിഭവ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്‍ 25 ശതമാനം മഴ കുറയുന്നത് തന്നെ ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ പറയുന്നു. കുളങ്ങളും തണ്ണീര്‍തടങ്ങളും അപ്രത്യക്ഷമാകുന്നതും വ്യാപകമായ മരം മുറിയും കാലവസ്ഥയെ തകിടം മറിക്കുകയാണ്.
സംഭരണികളിലെ ജലനിരപ്പ് താഴ്ന്നത് വൈദ്യുതി മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനലില്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണം വരുത്തിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യങ്ങള്‍ ശുഭകരമല്ലെന്നതാണ് സ്ഥിതി. വേനല്‍ക്കാലത്തേക്ക് അണക്കെട്ടുകളില്‍ ജലം സംഭരിച്ചു സൂക്ഷിക്കാന്‍ നിലവിലെ വൈദ്യുതി ഉപയോഗത്തിന് ഇതര സ്രോതസുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് കെ എസ് ഇ ബിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വരള്‍ച്ച മുന്‍കൂട്ടി കണ്ട് നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാറും രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ രണ്ടുതവണ യോഗം ചേര്‍ന്ന് കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങാനാണ് തീരുമാനം. ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കല്‍, കനാല്‍ വൃത്തിയാക്കല്‍, കുളങ്ങള്‍ വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് ഉപയോഗിക്കും. നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്, നെഹ്‌റു യുവ കേന്ദ്ര തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണവും തേടും. വരള്‍ച്ചാ ഭീഷണി സംബന്ധിച്ച് റവന്യൂമന്ത്രി ഇന്ന് സഭയില്‍ പ്രത്യേക പ്രസ്താവന നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മഴവെളള സംഭരണികള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

Latest