Connect with us

Kerala

സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ നിരക്ക് വര്‍ധിക്കുന്നു. 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 7292 കുട്ടികളെയാണ് ഈ കാലയളവില്‍ കാണാതായത്. വിവിധ കാലഘട്ടങ്ങളില്‍ കാണാതായവരില്‍ 241 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഈ വര്‍ഷം ഇതുവരെ 1194 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവരില്‍ 1142 കുട്ടികളെ കണ്ടെത്തി. എന്നാല്‍ ബാക്കിയുള്ള 52 കുട്ടികളുടെ വിവരമില്ല. കാണാതാകുന്ന കുട്ടികള്‍ക്കായി ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പോലീസ് പെട്രോളിംഗും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതെസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും മിസിംഗ് കേസുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 2011ല്‍ 952 കുട്ടികളാണ് കാണാതായത്. ഇവരില്‍ 923 പേരെ കണ്ടെത്തി. 2012ല്‍ 1079 കുട്ടികളെ കാണാതായപ്പോള്‍ 1056 പേരെ പോലീസ് കണ്ടെത്തി. 2013ല്‍ കാണാതായവര്‍ 1208ഉം കണ്ടെത്തിയവര്‍ 1188മാണ്.
2012 ല്‍ മിസിംഗ് കേസുകള്‍ ഉയര്‍ന്നെങ്കിലും കണ്ടെത്താനുള്ളത് 23 കുട്ടികളെയായി കുറക്കാന്‍ സാധിച്ചു. 2013ലാണ് ഏറ്റവും അധികം കുട്ടികളെ കണ്ടെത്താനുള്ളത്. 90 കുട്ടികളാണ് ഈ കാലത്ത് നഷ്ടപ്പെട്ടിട്ട് തിരികെ ലഭിക്കാത്തത്. 2014ല്‍ 34ഉം 2015ല്‍ 13 കുട്ടികള്‍ തിരികെ വീട്ടിലെത്തിയിട്ടില്ല. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ ലഭ്യമായതില്‍ 52 കുട്ടികള്‍ ഇനിയും സുരക്ഷിതരായി വീടെത്തേണ്ടതുണ്ടെന്നും വ്യക്തമാണ്.
2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളെക്കാള്‍ ഇരട്ടിയലധികമാണ് 2016 ആയപ്പോഴേക്കും വര്‍ധിച്ചത്. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമീണ മേഖലകളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതാകുന്നെതന്നും കണക്കുകള്‍ വ്യക്തമാകുന്നു. മാത്രമല്ല നഷ്ടപ്പെടുന്നതിലേറെയും പെണ്‍കുട്ടികളാണെന്നതും ഞെട്ടലുളവാക്കുന്നു. പ്രധാനമായി ഭിക്ഷാടന മാഫിയയാണ് കുട്ടികളെ തട്ടിയെടുക്കുന്നതിനു പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഭവങ്ങളും വ്യാപകമാണ്.

---- facebook comment plugin here -----

Latest