Connect with us

Kerala

വിഷരഹിത പഴങ്ങളുടെ ഉത്പാദനത്തിന് പദ്ധതി

Published

|

Last Updated

കണ്ണൂര്‍: വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് പുറമെ വിഷരഹിത ഫലങ്ങളുടെ ഉത്പാദനത്തിനും പദ്ധതിയൊരുങ്ങുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മുന്തിരി ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങളുടെ വിപുലമായ ഉത്പാദന ശൃംഖലക്കാണ് കൃഷി വകുപ്പ് കളമൊരുക്കുന്നത്. ഇതിനായി വിവിധ സഹായ പദ്ധതികള്‍ കൃഷി വകുപ്പ് ആവിഷ്‌കരിച്ചു.
പാഷന്‍ ഫ്രൂട്ട്, മുന്തിരി, കിവി തുടങ്ങിയ മൂല്യം കൂടിയ പഴവര്‍ഗങ്ങളുടെ ഉത്പാദനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വാഴപ്പഴം ഉള്‍പ്പടെയുള്ള മറ്റ് ഫലവര്‍ഗങ്ങളുടെ ഉത്പാദനത്തിനും വിവിധങ്ങളായ പദ്ധതിയുണ്ട്. മുന്തിരി, കിവി എന്നിവയുടെ കൃഷി വിപുലമായി ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ പ്രദേശങ്ങളിലും ജില്ലാ കൃഷിത്തോട്ടങ്ങളിലുമൊരുക്കാനാണ് പദ്ധതി.
മുന്തിരി, പാഷന്‍ ഫ്രൂട്ട്, കിവി എന്നിവ കൃഷിചെയ്യുന്നതിന് വിളവിസ്തൃതി, പുതിയ കൃഷിത്തോട്ടം സ്ഥാപിക്കല്‍ എന്നിവക്കായി 10 ഹെക്ടറിനാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഇവിടെ സൂക്ഷ്മ ജലസേചനവും മറ്റുമൊരുക്കുന്നതിനായി ഹെക്ടറൊന്നിന് ഒരു ലക്ഷം രൂപ സഹായം നല്‍കും. തോട്ടം അടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയിലും ഇടുക്കിയിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരി കൃഷി സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
പഴങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടനാശിനി ഉപയോഗിക്കേണ്ടിവരുന്ന മുന്തിരിയില്‍ എങ്ങനെയാണ് വിഷരഹിത കൃഷി നടത്തുകയെന്ന് പഠിപ്പിക്കുക കൂടിയാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് മുന്തിരി കൃഷി വ്യാപകമായി നടക്കുന്നത്.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം, ഗൂണ്ടല്ലൂര്‍, രായപ്പന്‍പ്പെട്ടി, കെ കെപ്പെട്ടി, പുതുപ്പെട്ടി, ശീലയന്‍പ്പെട്ടി, ഓടപ്പെട്ടി, കരുണായന്‍പ്പെട്ടി, ചുരുളി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ മുന്തിരിയെത്തുന്നത്. കേരളത്തിലെ ചില്ലറ വില്‍പ്പന വില മുന്തിരികൃഷി ലാഭകരമാണെന്ന് മനസ്സിലാക്കിയ ഒട്ടേറെ മലയാളികള്‍ തമിഴ്‌നാട്ടില്‍ തോട്ടം പാട്ടത്തിനെടുക്കുന്നതിനും തരിശുനിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനും തേനി, മധുര, രാമനാഥപുരം ജില്ലകളില്‍ ചേക്കേറിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം കേരളത്തില്‍ മുന്തിരികൃഷി ചെയ്യുന്നതിന് പുതിയ പദ്ധതികള്‍ ഗുണകരമാകും. അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് കൃഷിചെയ്യുന്ന പ്രധാന ഇനങ്ങള്‍.
കേരളത്തില്‍ കൃഷി ചെയ്യാന്‍ “ബാംഗ്ലൂര്‍ പര്‍പ്പിള്‍” എന്ന സാധാരണ വിപണിയില്‍ കാണുന്ന ഇനമായിരിക്കും ഏറെ ഗുണകരമാകുകയെന്ന് കര്‍ഷകര്‍ പറയുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്ന് പാകമാകുന്ന സ്വഭാവം ഇതൊക്കെയുള്ള ഈ ഇനം മുന്തിരി മിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥക്ക് പറ്റിയതാണ്.
മറ്റ് പഴങ്ങള്‍ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത ഗുണമേന്‍മയും ഔഷധ മൂല്യവും നിറഞ്ഞ പാഷന്‍ഫ്രൂട്ടിനും കേരളത്തില്‍ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കേരള സര്‍വകലാശാലയുടെ കീഴില്‍ എറണാകുളം ജില്ലയിലെ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുന്തിരി കൃഷി നടത്തുന്നതുപോലെ ആദ്യം കരിങ്കല്‍ തൂണുകള്‍ നാട്ടി കമ്പി വലിച്ച് പന്തല്‍ കെട്ടി അതിലേക്ക് പാഷന്‍ ഫ്രൂട്ട് തൈകള്‍ കയറ്റി വിടുകയാണ് ചെയ്യുക.
പ്രധാനമായും ബ്രസീലിയന്‍ ഇനങ്ങളായ മഞ്ഞ, വൈലറ്റ് നിറങ്ങളിലുള്ള രണ്ടിനം പാഷന്‍ ഫ്രൂട്ടുകളാണ് കൃഷി ചെയ്യുക. അഞ്ച് മാസങ്ങള്‍ക്കകം വിളവെടുപ്പ് നടത്താനാകും. ഇടുക്കി ജില്ലയില്‍ ഇതിനകം വ്യാവസായിക അടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി തുടങ്ങിയിട്ടുണ്ട്. കിവിയുടെ കൃഷിക്കും കേരളത്തില്‍ സാധ്യതയേറെയാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.
ഇതോടൊപ്പം കൈതച്ചക്ക, വാഴ കൃഷികള്‍ക്ക് ഹെക്ടറൊന്നിന് 25,000 രൂപയിലധികം ധനസഹായം നല്‍കുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ വാഴകൃഷിക്ക് ഹെക്ടറൊന്നിന് 35,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മാവ്, പേര, മാതളം എന്നിവയുടെ അതിസാന്ദ്രതാ കൃഷിക്കും ഹെക്ടൊറൊന്നിന് 25000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ആലത്തൂരിലെ ടിഷ്യൂകള്‍ച്ചര്‍ ലാബില്‍ നിന്ന് വര്‍ഷം അഞ്ച് ലക്ഷം ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ ഉത്പാദിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടിയും തുടങ്ങി. എറണാകുളം, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലുള്ള കൃഷി ബിസിനസ് കേന്ദ്രങ്ങളിലൂടെ ജൈവവളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജൈവരോഗ കീടനാശിനികള്‍ എന്നിവ ഇതിനായി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest