Connect with us

Gulf

അറേബ്യന്‍ ഫാഷന്‍ എക്‌സിബിഷനു തുടക്കമായി

Published

|

Last Updated

ദോഹ: ഹിയ അറേബ്യന്‍ ഫാഷന്‍ എക്‌സിബിഷനു തുടക്കമായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച പ്രദര്‍ശനം ചൊയ്യാഴ്ച സമാപിക്കും. അറേബ്യന്‍ ഫാഷന്‍ രംഗത്തെ നൂതന സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.
അബായ, കഫ്തന്‍സ്, വെയ്ല്‍സ്, ജലാബിയ, ശൈലാസ്, ഗൗണുകള്‍ തുടങ്ങി 200 ലധികം അറബ് വസ്ത്ര വൈവിധ്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. അറബ് ലോകത്തെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുടെതാണ് സൃഷ്ടികള്‍. ഖത്വരി ബിസിനസ് വനിതകളും സംരംഭകരുടെയും പ്രവര്‍ത്തനം സജീവമാകുന്നതിന്റെ പരിഛേദംകൂടിയാണ് ഫാഷന്‍ ഷോ എന്ന് സംഘാടകര്‍ പറഞ്ഞു. വീട്ടു വസ്ത്രങ്ങളുടെ കൂടുതല്‍ വൈവിധ്യങ്ങളും ഈ വര്‍ഷം പ്രദര്‍ശനത്തിലുണ്ട്. ദോഹക്കു ശേഷം ദുബൈ, അബുദാബി, കുവൈത്ത് തുടങ്ങിയ നഗരങ്ങളിലും ഫാഷന്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രാദേശിക ഡിസൈനര്‍മാരുടെ പങ്കാളിത്തത്തോടെയാകും പ്രദര്‍ശനങ്ങള്‍.
അറബ് വസ്ത്ര രംഗത്തെ മാറി വരുന്ന പ്രവണതകള്‍ മനസ്സിലാക്കുന്നതിനും പുതിയ ഡിസൈനുകള്‍ പ്രാദേശിക വിപണിക്കും ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും പരിചയപ്പെടുത്തുന്നതിനും പ്രദര്‍ശനം സഹായിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ആസ്‌ട്രേലിയ, ഈജ്പ്ത്, ഫ്രാന്‍സ്, ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കിഷ്, യു കെ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്തവും ശ്രദ്ധേയവുമായ അറബ് വസ്ത്ര മോഡലുകളും പ്രദര്‍ശനത്തിലൂടെ പരിചയപ്പെടുത്തുന്നു. ഖത്വറിലെ വലിയ ഫാഷന്‍ എക്‌സിബിഷനാണിതെന്നും മേഖലയില്‍ കൂടുതല്‍ ഫാഷന്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിയ സംഘാകര്‍ പറഞ്ഞു. അന്തര്‍ദേശീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ ഗള്‍ഫില്‍ പരിചയപ്പെടുത്തുന്നതിനുള്ള അവസരംകൂടിയാണ് പ്രദര്‍ശനം. അറേബ്യന്‍ ഫാഷന്റെ സമ്പൂര്‍ണത പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നാണ് വിശ്വാസമെന്നും സംഘാടകരായ ഡിസൈന്‍ ക്രിയേഷന്‍സ് അഡൈ്വസറി ഹെഡ് ജവഹര്‍ അല്‍ കുവാരി പറഞ്ഞു. പ്രദര്‍ശനത്തിന്റെ ഭാഗമായി വര്‍ക്ക്‌ഷോപ്പുകളും ചര്‍ച്ചാ ഫോറങ്ങളും നടക്കുന്നുണ്ട്. പ്രമുഖ ഡിസൈനര്‍മാരും വ്യവസായികളും പങ്കെടുക്കും. സ്ത്രീകള്‍ക്കു മാത്രമാണ് പ്രദര്‍ശനത്തിലേക്കു പ്രവേശം. പതിമൂന്നു വയസിനു മുകളിലുള്ളവരായിരിക്കണമെന്നും നിബന്ധനയുണ്ട്. പ്രവേശനം സൗജന്യമാണ്.