Connect with us

Gulf

ഗ്യാസ് സിലിന്‍ഡര്‍ മാറ്റുന്നതിന് ഡിസംബര്‍ 31 വരെ സമയം നീട്ടി

Published

|

Last Updated

ദോഹ: മെറ്റല്‍ നിര്‍മിത ഗ്യാസ് സിലിന്‍ഡറുകള്‍ ശഫാഫ് പ്ലാസ്റ്റിക് സിലിന്‍ഡറുകളാക്കി മാറ്റുന്നതിനുള്ള അവസാന തിയതി ഡിസംബര്‍ 31 ആക്കി ദീര്‍ഘിപ്പിച്ചു. ഖത്വര്‍ ഫ്യൂയല്‍ കമ്പനി (വഖൂദ്) ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.
രാജ്യത്തെ എല്‍ പി ജി സിലിന്‍ഡറുകളുടെ വിതരണാവകാശമുള്ള കമ്പനിയാണ് വഖൂദ്. മെറ്റല്‍ സിലന്‍ഡറുകള്‍ മാറ്റി ശഫാഫ് സിലിന്‍ഡറുകള്‍ സ്വീകരിക്കുന്നതിന് 100 റിയാല്‍ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവു കഴിച്ച് 262 റിയാലിനാണ് ഇപ്പോള്‍ സിലിന്‍ഡറുകള്‍ വിറ്റു വരുന്നത്.

മെറ്റല്‍ സിലിന്‍ഡറുകള്‍ പൂര്‍ണമായും മാറ്റുന്ന യജ്ഞത്തിന്റെ ഭാഗമായി ശഫാഫ് സിലിന്‍ഡറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ടെന്ന് വഖൂദ് അറിയിച്ചു. രാജ്യത്തെ വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനക്കും വിതരണത്തിനുമായി 250,000 ശഫാഫ് സിലിന്‍ഡറുകള്‍ ലഭ്യമാണ്. സ്റ്റീല്‍ സിലന്‍ഡര്‍ വിതരണക്കാരെ ഉപയോഗിച്ചു തന്നെ ശഫാഫ് സിലിന്‍ഡറുകളും വിതരണം ചെയ്തു വരികയാണ്.

ലോകത്തെ തന്നെ ആധുനികമായ ഗ്യാസ് സിലിന്‍ഡറാണ് ശഫാഫ് എന്ന് വഖൂദ് പ്രസ്താവനയില്‍ പറഞ്ഞു. ഭാരം കുറവും സുരക്ഷയില്‍ മുന്നിലും എന്നതാണ് സവിശേഷത. രാജ്യത്തു വസിക്കുന്ന സമൂഹത്തിന് രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യവും സേവനവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് സിലിന്‍ഡര്‍ അവതരിപ്പിച്ചതെന്നും വഖൂദ് പ്രസ്താവനയില്‍ പറഞ്ഞു.