Connect with us

Qatar

മണി എക്‌സ്‌ചേഞ്ച് ട്രക്കില്‍ കവര്‍ച്ച: പ്രതികള്‍ക്ക് പത്തു വര്‍ഷം ജയില്‍

Published

|

Last Updated

ദോഹ: മണി എക്‌സ്‌ചേഞ്ചിലേക്കു പണവുമായി വന്ന ട്രക്കില്‍ കവര്‍ച്ച നടത്തിയ കേസിലെ നാലു പ്രതികള്‍ക്ക് കോടതി പത്തു വര്‍ഷം തടവും ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്താനും വിധിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ 12 ലക്ഷം റിയാലാണ് കവര്‍ന്നത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. കവര്‍ച്ച നടത്തിയതിനു ശേഷം നാടു വിടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. രാജ്യത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ എക്‌സ്‌ചേഞ്ച് ട്രക്കിലെ ഡ്രൈവറാണ് സംഭവത്തിനു സാക്ഷിയായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഓഫീസില്‍നിന്നും ഇയാള്‍ വാഹനവുമായി പുറപ്പെട്ട ഉടനെയായിരുന്നു സംഭവം. കാറിലെത്തിയ കവര്‍ച്ചക്കാര്‍ തന്നോട് വാഹനം റോഡിനരികില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇതനുസരിച്ച് ട്രക്കില്‍നിന്നും പണം കവരുകയുമായിരുന്നുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.

Latest