Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കും

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിനെ അടുത്ത രണ്ടുവര്‍ഷംകൊണ്ട് മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയെ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കോഴിക്കോടിനെ ഇന്ത്യയില്‍ത്തന്നെ ആധുനികസംവിധാനങ്ങളോടുകൂടിയ മെഡിക്കല്‍ കോളജാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും എ പ്രദീപ്കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജില്‍ ഒരു ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ വാങ്ങും. സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പ്രകാരവുമുള്ള ഒഴിവുകള്‍ നികത്തും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒപി ബ്ലോക്കുകള്‍ നവീകരിക്കും. നിലവിലെ മൂന്ന് ആംബുലന്‍സുകള്‍ക്ക് പുറമെ മൂന്ന് ആംബുലന്‍സുകള്‍കൂടി ഒരുവര്‍ഷത്തിനകം പുതുതായി വാങ്ങും.
ആശുപത്രിയിലെ തീവ്രപരിചരണവിഭാഗം ശക്തിപ്പെടുത്തുന്നതോടൊപ്പം അനസ്‌തേഷ്യനിസ്റ്റുകളുടെ കുറവും പരിഹരിക്കും. 34 അനസ്‌തേഷ്യനിസ്റ്റുമാര്‍ വേണ്ടിടത്ത് 15 പേര്‍ മാത്രമാണുള്ളത്. മെഡിക്കല്‍ കോളജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന നഴ്‌സുമാര്‍ക്ക് നിര്‍ബന്ധിത സേവനം ഏര്‍പ്പെടുത്തുന്നതും പരിശോധിക്കും. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പുതുതായി നിര്‍മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണസജ്ജമാക്കും. നിലവില്‍ ഡോക്ടര്‍മാരുടെയടക്കം കുറവുമൂലം 450 കിടക്കള്‍ക്ക് സൗകര്യമുള്ള ബ്ലോക്കില്‍ 25 കിടക്കകള്‍ മാത്രമാണുള്ളത്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കും. നിലവില്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ആശുപത്രിയില്‍ പശ്ചാത്തലസൗകര്യങ്ങളില്ലാത്ത സ്ഥിതിയാണ്. താലൂക്ക്, ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറായി. എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് യൂനിറ്റുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest