Connect with us

Palakkad

കങ്കാണിപ്പണി തൊഴിലാളി സംഘടനകള്‍ ഏറ്റെടുക്കേണ്ട: മുഖ്യമന്ത്രി

Published

|

Last Updated

പാലക്കാട്: തൊഴിലാളി സംഘടനാ രംഗത്തെ ദുഷ്പ്രവണതകള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന കങ്കാണിപ്പണി തൊഴിലാളി സംഘടനകള്‍ എടുക്കേണ്ടതില്ല. മറിച്ച് തൊഴിലാളികളെ സംഘടിപ്പിക്കുകയാണ് വേണ്ടത്.
പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൊഴിലാളി സംഘടനകള്‍ കരാര്‍ പണി എടുക്കേണ്ടതില്ല. തൊഴില്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ സംഘടനകള്‍ അംഗീകരിക്കണം. സംഘടനാ രംഗത്തെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തി വര്‍ഗീയതയെ നേരിടാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. തൊഴിലാളികളുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനായി ഒരു വിഭാഗം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു. മറ്റൊരു വിഭാഗം ദേശങ്ങളെ തമ്മില്‍ അകറ്റുന്നു.
അനേകം ആളുകളെ കൊല്ലുന്നതിനും കെട്ടിത്തൂക്കുന്നതും ഒരു മടിയില്ലാത്ത കാര്യമായിരിക്കുന്നു. ‘ക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുകയാണ്. ആര്‍ എസ് എസും സംഘപരിവാറും ശ്രമിക്കുന്നത് രാജ്യത്തെ മതനിരപേക്ഷത തകര്‍ക്കാനാണ്.
ഇതിന് ആദ്യം തകര്‍ക്കേണ്ടത് തൊഴിലാളി വര്‍ഗത്തെയാണെന്ന് അവര്‍ തിരിച്ചറിയുന്നു. മുമ്പ് മുസ്ലീംങ്ങളെ മാത്രമാണ് സംഘപരിവാര്‍ ആക്രമിച്ചിരുന്നെങ്കില്‍ ഇന്ന് പിന്നോക്ക വിഭാഗക്കാരെയും ആക്രമിക്കുകയാണ്. ഇത് സംഘപരിവാറിന്റെ സവര്‍ണമുഖമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
മൂന്നു ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം ഇന്നലെ അവസാനിച്ചു. സമാപന സമ്മേളനത്തില്‍ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി.
സി ഐ ടി യു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍, അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍, തെലുങ്കാന സെക്രട്ടറി സായിബാബു, സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ട്രഷറര്‍ പി നന്ദകുമാര്‍, ചന്ദ്രന്‍പിള്ള, എം പിമാരായ എം ബി രാജേഷ്, പി കെ ബിജു, എം എല്‍ എമാരായ പി കെ ശശി, പി ഉണ്ണി, കെ ബാബു, മുന്‍ എം എല്‍ എ എ ചന്ദ്രന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി എം ഹംസ, സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, കെ കെ ദിവാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് എന്നിവര്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest