Connect with us

Gulf

തഖ്ദീര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു

Published

|

Last Updated

 ദുബൈ നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തഖ്ദീര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നു

ദുബൈ നഗരസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തഖ്ദീര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നു

ദുബൈ : തൊഴിലാളി ക്ഷേമ-ഗുണമേന്മക്ക് ആഗോളതലത്തില്‍ നല്‍കുന്ന ആദ്യ പുരസ്‌കാരമായ തഖ്ദീര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ദുബൈയിലെ വിവിധ മേഖലകളില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ദുബൈ നഗരസഭാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ തഖ്ദീര്‍ പുരസ്‌കാര നിര്‍ണ സമിതി ചെയര്‍മാനും ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറലുമായ എന്‍ജി.ഹുസൈന്‍ നാസര്‍ ലൂത്തയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ദുബൈയിലെ 55 കമ്പനികളും നിരവധി തൊഴിലാളികളും എന്‍ജിനീയര്‍മാരും പുരസ്‌കാരത്തിനര്‍ഹരായി. ദഫ്‌സ, സിലിക്കണ്‍ ഒയാസിസ് തുടങ്ങിയവിടങ്ങളിലെ നിര്‍മാണ തൊഴിലാളികളാണ് പുരസ്‌കാരത്തിനര്‍ഹരായിട്ടുള്ളത്.
പ്രഖ്യാപന ചടങ്ങില്‍ ദുബൈ താമസ-കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പറേഷന്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫീന്‍, മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയത്തിലെ തൊഴിലാളി ക്ഷേമ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ്,  ദുബൈ നഗരസഭ കെട്ടിട വകുപ്പിലെ കണ്‍സള്‍ട്ടന്റ് ആന്‍ഡ് കോണ്‍ട്രാക്‌ടേഴ്‌സ് ക്വാളിഫിക്കേഷന്‍ വിഭാഗം മേധാവി എന്‍ജി. ഐദ അബ്ദുര്‍റഹീം അല്‍ ഹര്‍മൂദി, ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ദുബൈയില്‍ നിര്‍മാണ മേഖലയില്‍ 282 കമ്പനികളും അഞ്ചു ലക്ഷത്തിലധികം തൊഴിലാളികളുമാണുള്ളത്. നൂറിലധികം തൊഴിലാളികളുള്ള കമ്പനികളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
സമഗ്ര മൂല്യനിര്‍ണയത്തിലൂടെ പോയിന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവിയാണ് നല്‍കുക. പഞ്ച നക്ഷത്ര, ചതുര്‍ നക്ഷത്ര പദവി നേടുന്ന കമ്പനികള്‍ക്ക് അംഗീകാരപത്രവും സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. നക്ഷത്ര പദവി നല്‍കുന്നതോടെ അന്താരാഷ്ട്ര പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനികള്‍ക്കിടയില്‍ കിടമത്സരം വരും.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് പുരസ്‌കാരം നടപ്പിലാക്കിയത്.
മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും അതുവഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന “ദുബൈ വിഷന്‍” പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.

---- facebook comment plugin here -----

Latest