Connect with us

Kerala

മോദിയുടെ ഏകാധിപത്യം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് മുകുള്‍ വാസ്‌നിക്ക്‌

Published

|

Last Updated

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഏകാധിപത്യം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്ത വിമുക്ത സൈനികന്‍ സുബദോര്‍ റാം കൃഷ്ണ ഗ്രേവാളിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യമെങ്ങും സഞ്ചരിച്ച പ്രധാനമന്ത്രി മോദി വിമുക്ത ഭടന്മാര്‍ക്കായി ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. രാംകൃഷ്ണ ഗ്രേവാളിന്റെ ആത്മഹത്യയോടുകൂടി നിലപാടുകള്‍ മാറ്റുന്ന മോദിയുടെ തനിനിറം വ്യക്തമായി. അദ്ദേഹത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല. ഏകാധിപത്യ പ്രവണതയുമായി മുന്നോട്ട് പോകാന്‍ മോദിയെ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും മുകുള്‍ വാസ്‌നിക്ക് വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത വിമുക്തഭടന് മാനസികരോഗമുണ്ടെന്നാണ് മുന്‍ കരസേനാ മേധാവികൂടിയായ കേന്ദ്രമന്ത്രി വി കെ സിംഗ് പറഞ്ഞത്. ഇത് അപലപിക്കപ്പെടേണ്ടതാണ്. വി കെ സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്കും സംഭവത്തില്‍ ഉത്തരവാദിത്വമുണ്ട്. സൈനികരെ അപമാനിച്ച പ്രധാനമന്ത്രി രാജ്യത്തോടും സൈനികരോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സൈനികരെ വഞ്ചിച്ചതായി മാര്‍ച്ചില്‍ സംസാരിച്ച എ ഐ സി സി സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു.

Latest