Connect with us

Editorial

വിദ്വേഷം പ്രസരിപ്പിക്കരുത്

Published

|

Last Updated

പ്രതീക്ഷിച്ചതു പോലെ മലപ്പുറം കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം ഉയര്‍ത്തിക്കാട്ടി ബി ജെ പിയും സംഘ്പരിവാറും വര്‍ഗീയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഡ്രസ് റിഹേഴ്‌സലാണ് മലപ്പുറത്ത് നടന്നതെന്നാണ് ബി ജെ പി ദേശീയ നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്. ജില്ലാ ഭരണകൂടം മലപ്പുറത്തെ സൈന്യത്തിനു കൈമാറണമെന്നും ജില്ലയില്‍ സായുധസേന പ്രത്യേക അധികാര നിയമം(അഫ്‌സ്പ) പ്രയോഗിക്കണമെന്നുമാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കണമെന്നും സ്വാമി ആവശ്യപ്പെടുകയുണ്ടായി. കേരളത്തില്‍ മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനം കരുത്താര്‍ജിച്ചതിന്റെ തെളിവാണ് സ്‌ഫോടനമെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായം. 1995ല്‍ മലപ്പുറത്തുണ്ടായ പൈപ്പ് ബോംബ് കേസ് മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ തീവ്രവാദ കേസുകളും തമ്മില്‍ ബന്ധമുണ്ടന്നും കുമ്മനം ആരോപിക്കുന്നു.
ആശങ്കാജനകമാണ് സ്‌ഫോടനമെന്നതില്‍ സന്ദേഹമില്ല. സംഭവം നടന്ന സ്ഥലത്തിന്റെ സമീപത്ത് നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവില്‍, സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണിയുള്ള സാഹചര്യത്തില്‍ വിശേഷിച്ചും. എന്നാല്‍ ഇതിന്റെ പിന്നിലാരെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടല്ല. സംഭവ സ്ഥലത്ത് കണ്ടെത്തിയ കടലാസ് പെട്ടിയിലും പെന്‍ഡ്രൈവിലും “ദി ബേസ് മുവ്‌മെന്റ്”എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അന്വേഷണം വഴിതിരിച്ചു വിടാനാണോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. “അല്‍ ഉമ്മ”യുടെ പതിപ്പാണ് ഈ സംഘടനയെന്നാണ് പറയുന്നത്. മലേഗാവ് തുടങ്ങി പല സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഈ തന്ത്രം പയറ്റിയതാണ്. മലേഗാവിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് മുസ്‌ലിംകളുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. തദടിസ്ഥാനത്തിലാണ് അന്വഷണോദ്യോഗസ്ഥര്‍ തുടക്കത്തില്‍ ഉത്തരവാദിത്തം “ഇന്ത്യന്‍ മുജാഹിദീനി”ല്‍ കെട്ടിവെച്ചതും ഏതാനും യുവാക്കളെ കസ്റ്റഡിയിലെടുത്തതും. സംഝോത എക്‌സ്‌പ്രെസ്സ്, മക്കാ മസ്ജിദ് സ്‌ഫോടനങ്ങളിലും അന്വേഷണ സംഘത്തിന് ഈ അബദ്ധം സംഭവിച്ചിട്ടുണ്ട്. ആര്‍ എസ് എസ് നേതാവ് സ്വാമി അസീമാനന്ദയുടെ അറസ്റ്റോട് കൂടിയാണ് സംഘ്പരിവാര്‍ സംഘടനകളാണ് ഇതിന്റെയെല്ലാം പിന്നിലെന്ന ഞെട്ടിക്കുന്ന വസ്തുത വെളിപ്പെട്ടത്. സ്‌ഫോടനം നടത്തിയ ശേഷം തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖകളും ചിഹ്നങ്ങളും സംഭവ സ്ഥലത്ത് ഉപേക്ഷിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തന ശൈലിയാണെന്നും അസീമാനന്ദ വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം സാധ്യതകളെല്ലാം കണക്കിലെടുത്തായിരിക്കണം മലപ്പുറത്തെ അന്വേഷണം മുന്നോട്ട് നീങ്ങേണ്ടത്.
മുസ്‌ലിംകള്‍ കൂടുതലുള്ള ജില്ലയായതിന്റെ പേരില്‍ മലപ്പുറത്തെ സംഘ്പരിവാറും അവരെ തുണക്കുന്ന പത്രങ്ങളും ഒരു പ്രത്യേക കണ്ണോടെയാണ് കാണുന്നത്. മലപ്പുറം ജില്ലാ രൂപവത്കരണം തടയാന്‍ പതിനെട്ടടവും പയറ്റിയ ഇവര്‍ അത് നടക്കാതെ വന്നതോടെ ജില്ലക്കെതിരെയും അവിടുത്തെ ജനങ്ങള്‍ക്കെതിരെയും നിരന്തരം വിദ്വേഷം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതും തുടര്‍ന്നുവരികയാണ്. കാശ്മീരിലെ പണ്ഡിറ്റുകളെക്കാള്‍ കഷ്ടമാണ് മലപ്പുറത്തെ ഹിന്ദുക്കളുടെ അവസ്ഥയെന്നും ജില്ലയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടസാഹചര്യമാണുള്ളതെന്നുമാണ് സംഘ്പരിവാര്‍ പറയുന്നത്. മലപ്പുറം സഊദിയുടെ ചെറുപതിപ്പാണെന്നും ഹിന്ദുക്കള്‍ക്കവിടെ രക്ഷയില്ലെന്നും ആര്‍ എസ് എസ് പത്രമായ ഓര്‍ഗനൈസറും എഴുതി. ഇസ്‌ലാമിക ഭീകരവാദത്തിന്റെ വിളനിലമെന്നാണ് ജില്ലയെക്കുറിച്ചു ഇംഗ്ലീഷ് പോര്‍ട്ടലായ ലൈവ് മിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഒരു സംഘ്പരിവാര്‍ സഹയാത്രികന്‍ എഴുതിയത്. ഈ പ്രചാരണങ്ങള്‍ക്ക് പിന്‍ബലമേകാനായി 1993ലെ ജില്ലയിലെ ഒരു ശ്രീകൃഷ്ണ ജയന്തി ജാഥയിലേക്ക് ബോംബെറിയാനും ഉത്തരവാദിത്തം മുസ്‌ലിംകളുടെ മേല്‍ കെട്ടി വെക്കാനും ആസൂത്രണ നീക്കമുണ്ടായിരുന്നു. ഇതിന് വേണ്ടി താനൂര്‍ മൂലക്കല്‍ ഒരു ബി ജെ പിക്കാരന്റെ വീട്ടില്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ അത് പൊട്ടി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മരണപ്പെടുകയുണ്ടായി. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് സംഘ്പരിവാറിന്റെ ഗുഢപദ്ധതി വെളിച്ചത്തായത്. ആര്‍ എസ് എസ് പദ്ധതി നടപ്പായിരുന്നെങ്കില്‍ ജില്ലയില്‍ ഒരു വന്‍കലാപം തന്നെ ഉടലെടുക്കുമായിരുന്നു. “മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു” എന്നാണ് കേസ് അന്വേഷിച്ച എസ് പി ഉമ്മന്‍കോശി അന്ന് പറഞ്ഞത്.
ദുഷ്ടലാക്കോടെ നടത്തുന്ന പ്രചാരണങ്ങളില്‍ വശംവദരാകാതെയും മുന്‍ധാരണകളില്ലാതെയും സ്‌ഫോടനത്തെക്കുറിച്ചു നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. ഉത്തരവാദികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ മതേതരം കേരളം ഒറ്റക്കെട്ടാകേണ്ടതുണ്ട്.

Latest