Connect with us

Alappuzha

ബി ഡി ജെ എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് വിലക്ക്‌

Published

|

Last Updated

ആലപ്പുഴ: ബി ഡി ജെ എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ എന്‍ജിനീയറിംഗ് കോളജിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നിസ്‌കാരത്തിന് വിലക്ക്.നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന, ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ ഉടമസ്ഥതയിലുള്ള മാവേലിക്കര കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിംഗിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നിസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കോളജ് ക്യാമ്പസില്‍ നിന്ന് പഠന സമയത്ത് പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും ജുമുഅ നിസ്‌കാരത്തിനാണെങ്കില്‍ പോലും ഇത് അനുവദിക്കാനാകില്ലെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്. ഇന്റേര്‍ണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാല്‍ വിദ്യാര്‍ഥികളോ രക്ഷകര്‍ത്താക്കളോ ഇതേവരെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. അടുത്തിടെയുണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള സമരപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കോളജ് അധികൃതരുടെ മുസ്‌ലിം വിരോധം പുറത്തായത്. കോളജ് അധികൃതരുടെ വിദ്യാര്‍ഥി പീഡനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നിസ്‌കാരത്തിനുള്ള അവസരം നിഷേധിക്കുന്നതിനെതിരായ പരാതിയും വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയതായി എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജയിംസ് സാമുവല്‍ അറിയിച്ചു.
മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅ നിസ്‌കാരത്തിന് അവസരമൊരുക്കണമെന്ന് എസ് എഫ് ഐ സെക്രട്ടറി ആവശ്യപ്പെട്ടു. അതിനിടെ സുഭാഷ് വാസു കോളജിലെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് 44 വിദ്യാര്‍ഥിനികള്‍ കറ്റാനം പോലീസില്‍ പരാതി നല്‍കിയതായും എസ് എഫ് ഐ നേതാവ് അറിയിച്ചു.

Latest