Connect with us

Sports

റയലിനും ലെസ്റ്ററിനും നോക്കൗട്ട് കാത്തിരിപ്പ്‌

Published

|

Last Updated

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനിറങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡും പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും സമനിലയില്‍ കുരുങ്ങി. അതേ സമയം, ബൊറൂസിയ ഡോട്മുണ്ട് വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.
മൊണാക്കോ, എഫ് സി പോര്‍ട്ടോ, സെവിയ്യ, ബയെര്‍ ലെവര്‍കൂസന്‍ ക്ലബ്ബുകള്‍ വിജയത്തോടെ നില മെച്ചപ്പെടുത്തി. ഇറ്റാലിയന്‍ കരുത്തരായ യുവെന്റസും സമനിലയില്‍ പെട്ടു. ലെഗിയ വാര്‍സാവ്, ഡിനാമോ സാഗ്രെബ്, ക്ലബ്ബ് ബ്രുഗെ പുറത്തായി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പറിന്റെ നോക്കൗട്ട് സാധ്യതകള്‍ക്കും മങ്ങലേറ്റു.

ഗ്രൂപ്പ് എഫ് :
പോളണ്ടില്‍ റയല്‍ ഞെട്ടി !

പോളണ്ടില്‍ വെച്ച് ലെഗിയ വാര്‍സാവിനെ തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ട് പ്രവേശം ഗംഭീരമാക്കാമെന്നായിരുന്നു റയല്‍മാഡ്രിഡിന്റെ കണക്ക് കൂട്ടല്‍. അത് തെറ്റിയില്ല 2-0ന് റയല്‍ ലീഡെടുത്തു. എന്നാല്‍ 3-2ന് ലെഗിയ മുന്നില്‍ കയറിയതോടെ കളി മാറി. റയല്‍ തോല്‍വി മുഖാമുഖം കണ്ടു. പക്ഷേ, എണ്‍പത്തഞ്ചാം മിനുട്ടില്‍ കൊവാസിചിന്റെ സമനില ഗോളില്‍ റയല്‍ മാനം കാത്തു.
ഒന്നാം മിനുട്ടില്‍ വെയില്‍സ് താരം ഗാരെത് ബെയ്‌ലിന്റെ ഗോളിലാണ് റയല്‍ തുടക്കമിട്ടത്. മുപ്പത്തഞ്ചാം മിനുട്ടില്‍ കരീം ബെന്‍സിമ രണ്ടാം ഗോള്‍ നേടി. എന്നാല്‍ നാല്‍പതാം മിനുട്ടില്‍ വാദിസ് ഒഫോയും അമ്പത്തെട്ടാം മിനുട്ടില്‍ മിറോസ്ലാവ് റഡോവിചും ലെഗിയവാര്‍സാവിനായി ഗോളടിച്ചതോടെ മത്സരം ആവേശമായി. എണ്‍പത്തിമൂന്നാം മിനുട്ടില്‍ തിബോള്‍ട്ട് മൗലിന്റെ സൂപ്പര്‍ ഗോളില്‍ പോളിഷ് ടീം 3-2ന് മുന്നില്‍ കയറി. അടിച്ച സ്റ്റേഡിയത്തിനുള്ളില്‍ ക്ലബ്ബ് അനുകൂലികള്‍ ആരും തന്നെ ഇല്ലാതിരിക്കുമ്പോഴാണ് ലെഗിയ വാര്‍സായുടെ തകര്‍പ്പന്‍ പ്രകടനം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഹോം മാച്ചില്‍ കാണികള്‍ അക്രമാസക്തരായിരുന്നു. ഇതേത്തുടര്‍ന്ന് യുവേഫ ലെഗിയ ആരാധകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. തങ്ങളുടെ ടീം റയലിനെതിരെ തകര്‍ത്താടുന്ന നിമിഷങ്ങള്‍ നേരില്‍ കാണാന്‍ സാധിക്കാത്തതിന്റെ നിരാശ ലെഗിയ ആരാധകരിലുണ്ട്.
അട്ടിമറി വിജയം തെരുവില്‍ ആഘോഷിക്കാമെന്ന കണക്ക് കൂട്ടലില്‍ ലെഗിയ കാണികള്‍ നീങ്ങുമ്പോഴാണ് റയലിന്റെ സമനില ഗോള്‍. ഇതോടെ, ചെറിയൊരു നിരാശ പോളിഷ് ജനതക്കുണ്ടായിട്ടുണ്ടാകും. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാന്‍ യോഗ്യത നേടിയ ആദ്യ പോളിഷ് ക്ലബ്ബാണ് ലെഗിയ വാര്‍സാ.
ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ട് 1-0ന് സ്‌പോര്‍ട്ടിംഗിനെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ ബെര്‍ത് ഉറപ്പിച്ചു. പന്ത്രണ്ടാം മിനുട്ടില്‍ അഡ്രിയാന്‍ റാമോസാണ് ഗോള്‍ നേടിയത്. സ്‌ട്രൈക്കര്‍ പിയറി എമെറിക് ഓബമെയാംഗ് കോച്ചിന്റെ ശിക്ഷ ഏറ്റുവാങ്ങി ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ടപ്പോള്‍ പകരക്കാരനായിറങ്ങിയ അഡ്രിയാന്‍ വിജയഗോള്‍ നേടി താരമായി.
ക്ലബ്ബിനുള്ളിലെ അച്ചടക്കപ്രശ്‌നങ്ങള്‍ കാരണമാണ് ഗാബോണ്‍ സ്‌ട്രൈക്കറെ ബൊറുസിയ കോച്ച് തോമസ് ടുഷെല്‍ പുറത്തിരുത്തിയത്.
ഗ്രൂപ്പില്‍ നാല് മത്സരങ്ങളില്‍ ബൊറൂസിയ പത്ത് പോയിന്റുമായി ഒന്നാം സ്ഥാനത്തും എട്ട് പോയിന്റോടെ റയല്‍മാഡ്രിഡ് രണ്ടാം സ്ഥാനത്തും. സ്‌പോര്‍ട്ടിംഗിന് മൂന്ന് പോയിന്റും ലെഗിയ വാര്‍സാവിന് ഒരു പോയിന്റുമാണുള്ളത്.

ഗ്രൂപ്പ് ഇ: ടോട്ടനം ഹോസ്പര്‍ പരുങ്ങലില്‍

ജര്‍മന്‍ ക്ലബ്ബ് ബയെര്‍ലുവര്‍കുസനോട് ഏകഗോളിന് തോറ്റതോടെ ടോട്ടനം ഹോസ്പറിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേറ്റു. അറുപത്തഞ്ചാം മിനുട്ടില്‍ കെവിന്‍ കാംപ്ലാണ് ഗോള്‍ നേടിയത്.
നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ടോട്ടനമിനുള്ളത്. എട്ട് പോയിന്റോടെ മൊണാക്കോയും ആറ് പോയിന്റോടെ ബയെര്‍ ലെവര്‍കുസനുമാണ് മുന്‍നിരയിലുള്ളത്.
പരുക്കേറ്റ സ്‌ട്രൈക്കര്‍ ഹാരി കാനിനെ കൂടാതെ കളത്തിലിറങ്ങിയ ടോട്ടനം തുടക്കത്തിലേ നനഞ്ഞ പടക്കമായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ ഹവിയര്‍ ഹെര്‍നാണ്ടസ് ആദ്യ മിനുട്ടുകളില്‍ തന്നെ ടോട്ടനം ഗോളി ഹ്യുഗോ ലോറിസിനെ കാര്യമായി പരീക്ഷിച്ചു.
വെംബ്ലി സ്റ്റേഡിയത്തില്‍ ടോട്ടനം ഹോസ്പറിനെ പിന്തുണക്കാനെത്തിയത് റെക്കോര്‍ഡ് കാണിക്കൂട്ടമായിരുന്നു. 85512 പേര്‍ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും ഉയര്‍ന്ന കാണിക്കൂട്ടമാണിത്.
സ്വന്തം തട്ടകത്തിലായിരുന്നു ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ ഗംഭീര ജയം. റഷ്യന്‍ ക്ലബ്ബ് സി എസ് കെ എ മോസ്‌കോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തരിപ്പണമാക്കിയത്. ഇരട്ട ഗോളുകള്‍ നേടിയ റഡാമെല്‍ ഫല്‍കാവോ മികവറിയിച്ചു. പന്ത്രണ്ടാം മിനുട്ടില്‍ ജെര്‍മെയ്‌നും സ്‌കോര്‍ ചെയ്തു.

ഗ്രൂപ്പ് ജി : തോല്‍വിയറിയാതെ ലെസ്റ്റര്‍

കന്നി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റി ഗ്രൂപ്പ് റൗണ്ടില്‍ അപരാജിതരായി തുടരുന്നു. ആദ്യ മൂന്ന് കളിയും ജയിച്ച ലെസ്റ്റര്‍ നാലാം മത്സരത്തില്‍ ഡെന്‍മാര്‍ക്കില്‍ എഫ് സി കോപന്‍ഹാഗനുമായി ഗോള്‍രഹിത സമനില. നാല് കളികളിലും ഗോളുകള്‍ വഴങ്ങിയിട്ടില്ലെന്നതും ലെസ്റ്റര്‍ സിറ്റിയുടെ പ്രത്യേകതയാണ്. ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷുമൈക്കലിന്റെ മികച്ച സേവാണ് ലെസ്റ്ററിന് തൊണ്ണൂറാം മിനുട്ടില്‍ രക്ഷയായത്. ആദ്യ മൂന്ന് കളിയും ജയിച്ച ടീമുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടിലെത്തിയിട്ടുണ്ടെന്ന ചരിത്രം ലെസ്റ്ററിന് അനുകൂലമാണ്.
ക്ലബ്ബ് ബ്രുഗെക്കെതിരെ എഫ് സി പോര്‍ട്ടോയുടെ ജയം വാലന്റെ സില്‍വയുടെ ഏക ഗോളിനായിരുന്നു. ഏഴ് പോയിന്റുമായി പോര്‍ട്ടോ രണ്ടാം സ്ഥാനത്ത്. കോപന്‍ഹാഗന് അഞ്ച് പോയിന്റുണ്ട്. നോക്കൗട്ടിനായി ഇവര്‍ തമ്മിലാണ് പ്രധാനമായും പോരാട്ടം.

ഗ്രൂപ്പ് എച്ച് : സെവിയ്യക്ക് തകര്‍പ്പന്‍ ജയം
ഡിനാമോ സാഗ്രെബിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം. സ്പാനിഷ് ക്ലബ്ബ് സെവിയ്യ നാലാം മത്സരത്തില്‍ നേടിയ ജയത്തോടെ പത്ത് പോയിന്റുമായി ടേബിളില്‍ മുന്നില്‍. ലിയോണുമായി ഓരോ ഗോളടിച്ച് പിരിഞ്ഞ യുവെന്റസിന് എട്ട് പോയിന്റ്. യുവെന്റസിനായി ഹിഗ്വെയിനും ലിയോണിനായി ടൊലിസോയും സ്‌കോര്‍ ചെയ്തു.

---- facebook comment plugin here -----

Latest