Connect with us

Kerala

സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല ടി.കെ മോഹനന് നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സക്കീര്‍ ഹുസൈനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായി പി. രാജീവ് അറിയിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സക്കീര്‍ ഹുസൈനെതിരായ നടപടി തീരുമാനിച്ചത്. കുടുതല്‍ നടപടിയെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും. ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കുമെന്നും പി.രാജീവ് വ്യക്തമാക്കി. പൊലീസ് അന്വേഷണം നടക്കുന്നതിനാലാണ് നടപടി എടുത്തതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

സക്കീറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സക്കീറിനെതിരെ 16 കേസുകള്‍ ഉണ്ട്. രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും കോടതിയില്‍ സര്‍ക്കാര്‍ നിലപാട് എടുത്തു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ശനിയാഴ്ച വിധിപറയും.

അറസ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി സക്കീര്‍ ഹുസൈന്‍ അജ്ഞാത വാസത്തിലാണ്. ഒളിവിലാണെന്നും തിരയുന്നുണ്ടെന്നുമാണു പൊലീസ് ഭാഷ്യം. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ തീരുമാനം.

Latest