Connect with us

Kerala

ജല അതോറിറ്റിയുടെ കുപ്പിവെള്ളം നാല് മാസത്തിനകം

Published

|

Last Updated

കണ്ണൂര്‍: കടുത്ത വരള്‍ച്ച മുന്നില്‍ക്കണ്ട് വന്‍ ലാഭം പ്രതീക്ഷിച്ച് കൂണു കണക്കിന് മുളച്ചു പൊന്തുന്ന കുപ്പിവെള്ള യൂനിറ്റുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു കുപ്പിവെള്ള യൂനിറ്റു കൂടി പ്രവര്‍ത്തനം തുടങ്ങുന്നു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കുപ്പിവെള്ള സംരംഭമായ ഹില്ലി അക്വയ്ക്കും വനംവകുപ്പിന്റെ ശബരിപദ്ധതിക്കും പുറമെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ജല അതോറിറ്റിയുടെ കുപ്പിവെള്ള വിതരണത്തിനും പദ്ധതിയൊരുങ്ങുന്നത്. കുറഞ്ഞ ചെലവില്‍ കുപ്പിവെള്ളം ലഭ്യമാക്കുന്നതിവായി 2009ല്‍ പ്രഖ്യാപിക്കപ്പെട്ട ജല അതോറിറ്റിയുടെ കുടിവെള്ള പ്ലാന്റില്‍ നിന്നാണ് ഏറെക്കാലത്തിനുശേഷം കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുന്നത്.
മണിക്കൂറില്‍ 7200 ലിറ്റര്‍ ഉള്‍പ്പാദനശേഷിയുള്ള കുപ്പിവെള്ള പ്ലാന്റിന്റെ നിര്‍മാണം നാല് മാസത്തിനകം പൂര്‍ത്തിയായി അടുത്ത മാര്‍ച്ചിനു മുമ്പ് കുപ്പിവെള്ളം ഉത്പാദിപ്പിച്ച് വിപണിയിലിറക്കാനാണ് ശ്രമമെന്ന് ബന്ധപ്പെട്ട വിഭാഗത്തിലെ എന്‍ജിനിയര്‍മാര്‍ പറഞ്ഞു.

ഗുജറാത്തില്‍ നിന്നാണ് ഇവിടേക്കുള്ള യന്ത്രസാമഗ്രികള്‍ എത്തിക്കുന്നത്.നിലവില്‍ ഒരുലിറ്റര്‍, രണ്ട് ലിറ്റര്‍ എന്നിങ്ങനെ തരം തിരിച്ചുള്ള കുപ്പിവെള്ള ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 7500 എല്‍ പി എച്ച് കുപ്പിവെള്ള വിതരണ പദ്ധതിക്കായി 10 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കെട്ടിട നിര്‍മാണത്തിന് 317 ലക്ഷം രൂപയും പ്ലാന്റ്, ലാബ് ഉപകരണങ്ങള്‍ക്ക് 560 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്.
ഏഴ് രൂപക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്യുകയായിരുന്നുപദ്ധതിയുടെ തുടക്കത്തിലെ ലക്ഷ്യം. ഇപ്പോള്‍12 മുതല്‍15 രൂപക്കുള്ളില്‍ കുപ്പിവെള്ളം നല്‍കാനാകുമന്ന് കണക്കാക്കുന്നുണ്ട്.വ്യാജ കുപ്പിവെള്ള ലോബിയെ നിയന്ത്രിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി ജല അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു.

അതേസമയം കെ ഐ ഐ ഡി സിയും വനം വകുപ്പും സര്‍ക്കാര്‍ സ്ഥാപനങ്ങളായ കിഡ്‌കോ, മില്‍മ എന്നിവയും ഇത്തവണ വിപണിയില്‍ കാര്യമായി ഇടപെടാന്‍ തയ്യാറെടുത്തിരിക്കുകയാണ്്. തൊടുപുഴ മലങ്കരയിലെ പ്ലാന്റില്‍ നിന്നും പുറത്തിറക്കിയ ഹില്ലി അക്വയുടെ വിപണനം കാര്യക്ഷമമാകാത്തതിനെത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ നിന്ന് കൂടി കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കാനുള്ള നടപടികള്‍ക്ക് ജലവിഭവ വകുപ്പിനു കീഴിലെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിഡ്‌കോ) തുടക്കമിട്ടുണ്ട്്.തുടക്കത്തില്‍ ഒരു ദിവസം ചുരുങ്ങിയത്് 72000 കുപ്പിവെള്ളമെങ്കിലും വില്‍ക്കാനാണ് ലക്ഷ്യം. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ശബരി കുടിവെള്ളപദ്ധതി 2012 ഒക്ടോബറിലാണ് ആരംഭിച്ചത്. എന്നാല്‍ ആവശ്യമായ മെഷീനറികള്‍ വാങ്ങുന്നതിനുളള പണം ലഭ്യമാകാത്തതിനെ തുടര്‍ന്ന് പദ്ധതി നിലച്ചിരുന്നു.

ഇപ്പോള്‍ ഇതിന് അന്തിമമായ പരിഹാരം കാണാനും ഇത്തവണത്തെ ശബരിമല സീസണില്‍ കുപ്പിവെള്ള വിതരണം കാര്യക്ഷമമായി നടത്താനുമാണ് വനം വകുപ്പ് തീരുമാനം. ചെറുകിട യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന വെള്ളം വാങ്ങി വിപണനം ചെയ്യുന്ന സിഡ്‌ക്കോക്കും, മില്‍മക്കും വിപണിയിലെ വില വര്‍ധനവ്് അധിക ഉത്പാദനത്തില്‍ നിന്ന് പിന്‍വലിയാന്‍ ഇടയാക്കിയിരുന്നു.നേരത്തെ കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ ത്രിവേണി കുപ്പിവെള്ളം ഇറക്കിയെങ്കിലും കുപ്പി വെള്ളക്കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വിതരണം നടന്നില്ല. ഇത്തരം പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള സംവിധാനം ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സംസ്ഥാനത്ത് കുപ്പിവെള്ള വിപണയിയുടെ 45 ശതമാനവും വന്‍കിടകമ്പനികളുടെ കൈയിലാണ്. ബാക്കിയുള്ള 33 ശതമാനം അസംഘടിതരായ ചെറുകിട യൂനിറ്റുകളും കൈയടക്കിയിരിക്കുന്നു. പിന്നീടുള്ള 22 ശതമാനമാണ് സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള കുപ്പിവെള്ള വിതരണത്തിന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗുണമേന്മയും വിലക്കുറവും കുപ്പിവെള്ളവില്‍പ്പനയില്‍ സര്‍ക്കാര്‍ സംരഭങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു ലിറ്റര്‍ കുപ്പിവെള്ളം(ബോട്ടില്‍ഡ് വാട്ടര്‍) വിപണിയിലെത്തിക്കാന്‍ ഉത്പാദകന്‍ ചെലവഴിക്കുന്നത് 4. 75 രൂപയാണ്. എന്നാല്‍, ഉപഭോക്താവിനു ഇത് വില്‍ക്കുന്നത് 15 മുതല്‍ 20 വരെ രൂപക്കാണ്. കുപ്പിവെള്ള വിതരണ കമ്പനികള്‍ ഒരു ലിറ്റര്‍ വെള്ളത്തിനു 22 രൂപ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ കമ്പനികള്‍ 15 രൂപയും രണ്ട് ലിറ്ററിന് 20 രൂപയും മാത്രമാണ് ഈടാക്കുന്നത്.അതേസമയം നിലവാരമില്ലാത്ത വെള്ളംനിറച്ച് വിതരണം ചെയ്യുന്ന നിരവധി കമ്പനികള്‍ ലൈസന്‍സ് ഇല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഹോട്ടലുകളിലുമുള്‍പ്പടെ നിലവാരം കുറഞ്ഞ കുടിവെള്ളം വിറ്റഴിക്കുന്നുണ്ട്.ധാതുലവണങ്ങളും മറ്റു 11 മൂലകങ്ങളും ചേര്‍ന്നതാകണം വില്‍ക്കപ്പെടുന്ന കുപ്പി വെള്ളം എന്നാണു വ്യവസ്ഥ. കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, ക്രോമിയം. കോപ്പര്‍, അയണ്‍, ക്ലോറിന്‍, മാംഗനീസ്, സെലീനിയം, ബോറോണ്‍ എന്നീ മൂലകങ്ങളാണ് നിശ്ചിത അനുപാതത്തില്‍ ഓരോ കുടിവെള്ള കുപ്പിയിലും ഉണ്ടാകേണ്ടത്.
പക്ഷെ, വില്‍ക്കപ്പെടുന്ന മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ഇതൊക്കെയെത്രയാണെന്ന് ഉപഭോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയാറില്ല. പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജന്മാര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ പലപ്പോഴും ഇത്തരം വില്‍പ്പന അധികൃതരുടെ കണ്ണില്‍പ്പെടാറുമില്ല. ഡിസ്റ്റിലേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, അബ്‌സൊല്യൂട്ട് വണ്‍ മൈക്രോണ്‍ ഫില്‍ട്ടറേഷന്‍, ഓസോണേഷന്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചാണ് കുപ്പിജാര്‍ വെള്ളം ശുദ്ധീകരിക്കേണ്ടതെന്നും വ്യവസ്ഥയുണ്ടെങ്കിലും ഇതൊക്കെത്ര കമ്പനികള്‍ പാലിക്കുന്നുണ്ടെന്ന് ആരും പരിശോധിച്ച് കണ്ടെത്താറില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി