Connect with us

Malappuram

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍

Published

|

Last Updated

പൊന്നാനി: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍ . താനൂര്‍ ഓട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഷാജി എന്ന കാക്ക ഷാജി(32)യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ ദിവസം പുലര്‍ച്ചെ അഞ്ചോടെ പൊന്നാനി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സംശയാസ്പദമായ നിലയില്‍ കണ്ട ഷാജിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മറുപടികളിലെ വൈരുധ്യത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൊന്നാനിയില്‍ നടന്ന മോഷണ കേസുകളുടെ ചുരുളഴിഞ്ഞത്. മൂന്ന് ദിവസം മുമ്പ് പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാലടിയിലുള്ള ഒരു വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണ മാല പൊട്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാലടിയില്‍ നിന്നും മോഷണം പോയ മാല പാലക്കാട് ജില്ലയിലെ തൂതയിലുള്ള പ്രതിയുടെ ഭാര്യവീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കൂടാതെ കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തവനൂരിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച 45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. തുറന്ന് കിടക്കുന്ന ജനലിലൂടെയും മറ്റും സ്ത്രീകളുടെ കഴുത്തിലും കാലിലും നിന്ന് ആഭരണങ്ങള്‍ പൊട്ടിച്ചെടുക്കുകയും ചാര്‍ജ് ചെയ്യാന്‍ വെച്ചിരിക്കുന്ന മൊബൈല്‍ ഫോണും ഷര്‍ട്ടിലും കൈയെത്തും ദൂരത്തും വെക്കുന്ന പൈസയും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിലുള്ള മോഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാന്‍ഡ് ചെയ്തു. മറ്റു കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി ഉടന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ കേസുകള്‍ തെളിയിക്കാനാകുമെന്ന് പോലീസ് പറഞ്ഞു. പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ പൊന്നാനി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍, വളാഞ്ചേരി ക്രൈം സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ്് ചെയ്തത്

 

Latest