Connect with us

Eranakulam

ജഡ്ജിക്ക് കോഴ വാഗ്ദാനം: കേസന്വേഷണം അവസാനിപ്പിക്കുന്നു

Published

|

Last Updated

കൊച്ചി: ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന് കോഴ വാഗാദനം ചെയ്‌തെന്ന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കോഴ വാഗ്ദാനത്തിന് തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. നെടുമ്പാശേരി സ്വര്‍ണ കടത്ത് കേസിലെ പ്രതി കോഴ വാഗ്ദാനം ചെയ്‌തെന്ന കേസാണ് അവസാനിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നെടുമ്പാശേരി വിമാനത്താവളം വഴി വന്‍ തോതില്‍ സ്വര്‍ണം കടത്തിയ കേസില്‍ കോഫെപോസ പ്രകാരം തടവിലായവരുടെ കേസ് പരിഗണനക്കെടുക്കവേ കോഴ വാഗ്ദാനം ചെയ്ത കാര്യം ജസ്റ്റിസ് കെ ടി ശങ്കരന്‍ വെളിപ്പെടുത്തിയത്. ഇത്തരമൊരു അനുഭവം ഉണ്ടായ സാഹചര്യത്തില്‍ കേസ് തുടര്‍ന്ന് കേള്‍ക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു. 2013 -15 കാലയളവില്‍ നെടുമ്പാശേരി വഴി 600 കോടി വിലമതിക്കുന്ന രണ്ടായിരം കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കോഫെപോസ ചുമത്തിയിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി പി എ നൗഷാദ്, എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസുകാരനായിരുന്ന ജാബിന്‍ കെ ബഷീര്‍, കള്ളക്കടത്ത് ശൃംഖലയിലെ പ്രധാനകണ്ണി സലിം, യാസിര്‍, ഷിനോയ് കെ മോഹന്‍ദാസ്, ബിപിന്‍ സ്‌കറിയ, ഫാസില്‍, സെയ്ഫുദ്ദീന്‍ തുടങ്ങിയവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജികളാണ് കോടതി മുമ്പാകെയുണ്ടായിരുന്നത്.