Connect with us

Kerala

58 ഇനം ചെറുമീനുകള്‍ പിടിക്കുന്നത് നിരോധിക്കും

Published

|

Last Updated

തിരുവനന്തപുരം: മത്സ്യസമ്പത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശിപാര്‍ശ പ്രകാരം 58 ഇനം ചെറുമീനുകളെ പിടിക്കുന്നത്കൂടി നിരോധിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. നിലവില്‍ 14 ഇനം ചെറുമീനുകളെ പിടിക്കുന്നതിന് മാത്രമേ നിരോധനമുള്ളൂ. നിയമസഭാ സമ്മേളനത്തിന് ശേഷം ആവശ്യമെങ്കില്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. മത്സ്യമേഖലാ നിന്ത്രണ നിയമനത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനായി ഫീഷറീസ് ഡയറക്ടര്‍ അധ്യക്ഷനായും സി എം എഫ് ആര്‍ ഐയിലെ വിദഗ്ധരും അടങ്ങുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തും. യാനങ്ങളുടെ വലിപ്പം, വലകണ്ണികളുടെ നിയന്ത്രണം അടക്കം സുപ്രധാന വിഷയങ്ങള്‍ സമിതി പരിശോധിക്കും.
ഈ മാസം 17ന് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം വിളിക്കും. യാര്‍ഡുകള്‍ക്ക് ലൈസന്‍സ് ഇല്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇതിനും ആവശ്യമായ നിയമഭേദഗതി കൊണ്ടു വരും. കാലാവസ്ഥ വ്യതിയാനം മത്സ്യ സമ്പത്തിന് കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യവും വിദഗ്ധ സമിതി പരിശോധിക്കും. പുറം കടലില്‍ സംഘര്‍ഷാവസ്ഥയില്ല. ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന ചെറുമീനുകള്‍ പിടികൂടാന്‍ പൊലീസിന്റെ സഹായം തേടും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടു വരും. ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തും.
വളത്തിനും മറ്റുമാണ് ചെറു മീനുകളെ ഉപയോഗിക്കുന്നത്. വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. 64 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20.66 ലക്ഷം പിഴയിടുകയും പിടിച്ചെടുത്ത മത്സ്യം ലേലം ചെയ്ത് 14.32 ലക്ഷം രൂപ ഖജനാവിലേക്ക് അടക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. പേലാജിക് പ ട്രോളിങ് വഴി ചെറുമീനുകളെ പിടിക്കുന്നത് പുറം കടലില്‍ സംഘടര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നോട്ടീസ് ഉന്നയിച്ച ഹൈബി ഈഡന്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഇത് അവസാനിപ്പിക്കണം.
മത്തിയുടെ കുറവ് മാത്രം 150 കോടിയുടേതാണെന്നും ഒമാനില്‍ നിന്ന് മത്തി വരുന്ന അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കടല്‍ ചാവുകടലായി മാറിയിരിക്കുന്നു. ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി നില്‍ക്കുന്നു. കടാശ്വാസ കമീഷന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Latest