Connect with us

National

മഹാസഖ്യം: തീരുമാനമെടുക്കുക മുലായമെന്ന് അഖിലേഷ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മഹാസഖ്യം സംബന്ധിച്ച ഏത് തീരുമാനവും കൈക്കൊള്ളുക എസ് പി മേധാവി മുലായം സിംഗ് യാദവ് ആയിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇതേക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രമേ വ്യക്തമാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യതയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, കോണ്‍ഗ്രസും എസ് പിയും സഖ്യത്തിന് ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്കത് തടയാന്‍ കഴിയുമോ എന്നായിരുന്നു അഖിലേഷിന്റെ മറുപടി.
ബീഹാറിലേതിന് സമാനമായി ഉത്തര്‍ പ്രദേശിലും മഹാസഖ്യം രൂപവത്കരിക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് നിയോഗിച്ച തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ലക്‌നോവില്‍ മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രശാന്ത് കിഷോറും മുലായവും കൂടിക്കാഴ്ച നടത്തുന്നത്. ഈ മാസം ഒന്നിന് ഡല്‍ഹിയില്‍ വെച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വ്യക്തമായ മറുപടി അഖിലേഷ് നല്‍കിയില്ല. അതേസമയം, സഖ്യകാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമ്പോള്‍ നിങ്ങളെ അറിയിക്കാമെന്നായിരുന്നു സഖ്യസാധ്യത സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എസ് പി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ മറുപടി.
നേരത്തെ, ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച മഹാസഖ്യത്തില്‍ എസ് പിയും ഉണ്ടായിരുന്നെങ്കിലും, തങ്ങള്‍ക്ക് ചുരുക്കം സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളു എന്ന് മനസ്സിലാക്കി അവര്‍ പിന്മാറുകയായിരുന്നു. ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മഹാസഖ്യമായി മത്സരിച്ച് വന്‍ വിജയമാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയത്.

Latest