Connect with us

Malappuram

ശിഹാബ് തങ്ങളുടെ പേരിലുള്ള ട്രസ്റ്റില്‍ കോടികളുടെ തട്ടിപ്പ്‌

Published

|

Last Updated

മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച ട്രസ്റ്റില്‍ നിക്ഷേപിച്ച കോടികള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി 2013ല്‍ ആരംഭിച്ച ലൈഫ് കെയര്‍ ഡയഗ്‌നോസിസ് സെന്ററിന് വേണ്ടി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം വെച്ചാണ് സ്വദേശത്തും വിദേശത്തു നിന്നുമായി പണം പിരിച്ചത്.
ഒരു ഷെയറിന് ഒരു ലക്ഷം രൂപയെന്ന കണക്കില്‍ ഒന്നേകാല്‍ കോടി രൂപയോളം പിരിച്ചെടുത്തിരുന്നു. പക്ഷേ ഇതുവരെ ലാഭ‘വിഹിതം നല്‍കുകയോ ഷെയര്‍ ഉടമകളുടെ യോഗം വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് പണം നല്‍കി വഞ്ചിതരായവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2013 മെയ് 27നാണ് ജീവകാരുണ്യമെന്ന രീതിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്. ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് കെയര്‍ എല്‍ എല്‍ പി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ട്രസ്റ്റാണ്.
പി അബ്ദുല്‍ ഹമീദാണ് ജനറല്‍ സെക്രട്ടറി. കൂടാതെ മറ്റ് ട്രസ്റ്റ് അംഗങ്ങളെല്ലാം മുസ്‌ലിം ലീഗ് നേതാക്കളാണ്. നൂറുകണക്കിന് ആളുകളില്‍ നിന്നായി കോടികള്‍ പിരിച്ചെടുത്തതിന് പുറമെ രണ്ട് തവണ മതപ്രഭാഷണം സംഘടിപ്പിച്ച് 25 ലക്ഷം രൂപയും സമാഹരിച്ചു. പെരിന്തല്‍മണ്ണയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് പണപ്പിരിവിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ സ്ഥാപനം മറ്റൊരു വ്യക്തിക്ക് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും ഷെയറുടമകള്‍ പറയുന്നു. ഡയാലിസിസ് സെന്ററിലേക്ക് വാങ്ങിയ ഉപകരണങ്ങള്‍ മറിച്ചു വില്‍ക്കുകയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് സമീപം 14 സെന്റ് സ്ഥലം വാങ്ങി ലീഗ് നേതാവ് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
പാണക്കാട് തങ്ങളുടെ ഫോട്ടോ വെച്ചാണ് പണപ്പിരിവ് നടത്തിയത്. ഇതിനാല്‍ സാധാരണക്കാരായ പലരും പണം നല്‍കി ഷെയര്‍ എടുക്കാന്‍ തയ്യാറായിട്ടുണ്ട്. 90 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷംവരെ ഷെയര്‍ എടുത്തവരും ഇവരിലുണ്ട്. വഞ്ചിതരായവര്‍ സാദിഖലി തങ്ങളെ കണ്ട് പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോട് ചോദിച്ചാണ് പണം കൊടുത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അവര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പണം തിരികെ കൊടുക്കാമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് തവണ കൊടുത്ത ചെക്കും മടങ്ങി. പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇപ്പോഴും പണപ്പിരിവ് നടത്തുന്നതായും അവര്‍ പറഞ്ഞു. പണം തിരികെ നല്‍കാന്‍ ഉടന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഷെയറുടമകള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ ടി മൊയ്തു, എം കെ അബ്ദുള്‍സ്ലലാം, വി ഹംസ, ശിഹാബ്, സാലിഹ് കിണാതിയില്‍ പങ്കെടുത്തു.

Latest