Connect with us

Kerala

എംഎം മണി ആറാട്ടുമുണ്ടന്‍; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

Published

|

Last Updated

തിരുവനന്തപുരം: ഉടുമ്പന്‍ചോല എംഎല്‍എയു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തില്‍ ലേഖനം. “ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്‍മാരെ” എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തില്‍ രാജഭരണക്കാലത്തെ ഘോഷയാത്രകളില്‍ രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ കൊണ്ടുനടക്കുന്ന ആറാട്ടുമുണ്ടന്‍മാരെപ്പോലെയാണ് എംഎം മണിയെന്ന് ലേഖനം ആരോപിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണ രൂപം വായിക്കാം….
വാതില്‍പ്പഴുതിലൂടെ
ദേവിക
തിരുവിതാംകൂര്‍ രാജാക്കന്മാന്മാരുടെ ആറാട്ടുഘോഷയാത്രയില്‍ രാജാവിന്റെ ഓരംപറ്റി വിചിത്രവേഷമണിഞ്ഞ ഒരു കുള്ളനുണ്ടാവും. ആചാരപ്പൊലിമയോടുകൂടിയ ആറാട്ടെഴുന്നള്ളത്തിലെ ഈ താരമാവും ഘോഷയാത്രാ വഴിയിലെ പ്രജകള്‍ തീര്‍ക്കുന്ന മനുഷ്യമതിലുകളുടെ പ്രധാന ശ്രദ്ധാബിന്ദു. ജനം ഇയാളെ വിളിക്കുന്നത് ആറാട്ടുമുണ്ടന്‍ എന്നാണ്. ഇയാളുടെ ആകാരം കണ്ട് ജനങ്ങള്‍ പരിഹാസപൂര്‍വം ചിരിച്ചാര്‍ക്കും. രാജാവിന് ദൃഷ്ടിദോഷം കിട്ടാതിരിക്കാനാണത്രേ ഘോഷയാത്രയില്‍ ഒപ്പം കൂട്ടുന്നത്!
അത് അന്നത്തെ രാജഭരണകാലത്തെ ആചാരം. രാജവാഴ്ചയും മാടമ്പി ഭരണവുമെല്ലാം പോയ്മറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വസന്തകാലം. ജനങ്ങളാണ് ഇന്ന് രാജാക്കന്മാര്‍. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ, പ്രത്യേകിച്ചും ഇടതുജനാധിപത്യമുന്നണി നാടുവാഴുമ്പോള്‍ ഈ ആറാട്ടുമുണ്ടന്മാര്‍ അപ്രസക്തരാവുന്നു. പക്ഷേ ചിലരൊക്കെ ഇടതുമുന്നണിയുടെ ആറാട്ടുമുണ്ടന്‍ വേഷം കെട്ടിയാടുമ്പോള്‍ ബര്‍ണാര്‍ഡ് ഷായുടെ “ആപ്പിള്‍കാര്‍ട്ട്” എന്ന കൃതിയിലെ ഒരു വാചകം തെല്ലൊരു പാഠഭേദത്തോടെ ചൊല്ലാന്‍ തോന്നിപ്പോവുന്നു. “ഡോണ്ട് യീല്‍ഡ് റ്റു ദി ടിറണി ഓഫ് പൊളിറ്റിക്കല്‍ ഇഗ്‌നറന്‍സ്” എന്ന്. അതായത് രാഷ്ട്രീയ വിവരമില്ലായ്മയുടെ കൂത്താട്ടത്തിന് കീഴടങ്ങരുതെന്ന്.
നിയമസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണി കഴിഞ്ഞ ദിവസം സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരനേയും വി എസ് സുനില്‍കുമാറിനേയും കരിതേച്ചു കാണിക്കാന്‍ നടത്തിയ പ്രസംഗങ്ങള്‍ പിണറായി സര്‍ക്കാരിനെ നെഞ്ചേറ്റുന്ന പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു. ആറാട്ടുമുണ്ടന്റെ രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസും രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്തും ഇഴചേര്‍ന്നതായിരുന്നു മണിയുടെ പ്രസംഗത്തിന്റെ മുഖ്യാംശം. അതേസമയം ജനമനസുകളിലുയര്‍ന്ന ക്ഷുഭിതവികാരത്തിന്റെ സൗമ്യമായ പ്രതികരണം തന്നെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേത്.
മണിയുടെ അഭിപ്രായത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സിപിഎം നേതൃത്വമാണെന്ന് പറഞ്ഞു അദ്ദേഹം. ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പൊതുരാഷ്ട്രീയം അംഗീകരിക്കാതെ കയറുപൊട്ടിച്ചു നടക്കുന്ന മണിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. “തെറിക്കുത്തരം മുറിപ്പത്തല്‍” എന്ന ചൊല്ല് മറന്ന് പക്വമായ വാക്കുകളിലൂടെ മണിയുടെ വിവരശൂന്യതയ്ക്കും മുന്നണിമര്യാദയ്ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കും കാനം കത്തെഴുതേണ്ടയിടം വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.
സിപിഐ മന്ത്രിമാരെ താറടിക്കാന്‍ ശ്രമിച്ച മണിക്ക് റവന്യൂമന്ത്രിയോടാണ് ഏറ്റവുമധികം കലിപ്പ്. മൂന്നാറിലെ 9 വില്ലേജുകളിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന നിര്‍ദേശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മുന്നോട്ടുവച്ചത്. പക്ഷേ ഭൂമാഫിയകളുടെ തലതൊട്ടപ്പനായ ഉമ്മന്‍ചാണ്ടി അത് ചെയ്യാതിരുന്നതിനെ വാനോളം വാഴ്ത്തിയ മണി മാഫിയാ പറ്റങ്ങള്‍ക്കെതിരായ ഇടതുസര്‍ക്കാര്‍ നടപടികളുടെ പേരിലാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെതിരെ അരിശംകൊണ്ട് ഇടതുമുന്നണിയുടെ പുരയുടെ ചുറ്റും മണ്ടി നടക്കുന്നത്. ഇടതുമുന്നണി മന്ത്രിക്ക് മണിയുടെ വക തല്ല്. ഉമ്മന്‍ചാണ്ടിക്ക് തലോടലും.
റവന്യൂ മന്ത്രി കാസര്‍ഗോഡുകാരനല്ലേ. അയാള്‍ക്ക് ഇടുക്കിയിലെ കാര്യം എന്തറിയാം. കുറച്ചുകാലമല്ലേ ആയുള്ളൂ. എല്ലാം പഠിപ്പിച്ചെടുക്കാം. എന്നിങ്ങനെ നീണ്ട “മണിയാശാന്റെ” വാക്കുകളില്‍ നുരപൊന്തിയത് ആനപ്പുറത്തേറി അമ്പാരികെട്ടിയ ധാര്‍ഷ്ട്യം. തന്നെ നാട്ടാരെല്ലാം മണിയാശാനെന്നാണ് വിളിക്കുന്നതെന്നാണ് ഈ നിലത്തെഴുത്താശാന്റെ അവകാശവാദം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാത:സ്മരണീയ പടത്തലവന്മാരായിരുന്ന ടി വി തോമസിനേയും കെ വി സുരേന്ദ്രനാഥിനേയും ജനം സ്‌നേഹാദരങ്ങളോടെ ആശാന്‍ എന്നാണ് വിളിച്ചിരുന്നത്. പണ്ടാരോ “അങ്ങും ചോതി, അടിയനും ചോതി” എന്ന് പറഞ്ഞപോലെ മണിയും മണിയാശാനായ കലികാല വിശേഷം.
കേന്ദ്രനയങ്ങള്‍ മൂലവും ഉമ്മന്‍ചാണ്ടി ഭരണം വഴിയും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിന് ഉണര്‍ത്തുപാട്ടുമായി രംഗത്തിറങ്ങിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെ ഫലപ്രദമായി നേരിടണം എന്ന മണിയുടെ വാക്കുകളില്‍ മുഴങ്ങുന്നത് ഭൂമാഫിയകളുടെ വായ്ത്താരി. മുമ്പൊരിക്കല്‍ തങ്ങള്‍ സ്‌കോര്‍ബോര്‍ഡു വച്ച് “വണ്‍, ടൂ, ത്രീ, ഫോര്‍…” എന്നിങ്ങനെ കൊല നടത്തിയിട്ടുണ്ടെന്ന് വീമ്പിളക്കി വറചട്ടിയില്‍ കിടന്ന് പൊരിഞ്ഞ മണി കണ്ടിട്ടും കൊണ്ടിട്ടും പഠിക്കില്ലെങ്കില്‍ പിന്നെന്തു പറയാന്‍. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രതികരണത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. സങ്കുചിത രാഷ്ട്രീയത്തിനും മണ്ടത്തരത്തിനും ലോകറിക്കോര്‍ഡിട്ട മണി ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ വിളമ്പുന്ന ആശയങ്ങളെയും മുദ്രാവാക്യങ്ങളെയും താലോലിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
മന്ത്രി കെ എ ജലീല്‍ ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി മേല്‍ശാന്തിയില്‍ നിന്നും ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങിയതില്‍ കുമ്മനം മുരളീധരാദികള്‍ ഉറഞ്ഞുതുള്ളുന്നു. കലിയുഗ വരദനെന്നു വിശേഷിപ്പിക്കപ്പെടുന്ന ധര്‍മശാസ്താവിന്റെ ക്ഷേത്രത്തിലെ തിരുനെറ്റിയില്‍ ആലേഖനം ചെയ്തിരിക്കുന്നത് “തത്വമസി” എന്നാണ്. അത് നീ തന്നെ എന്ന് അര്‍ഥം. അമ്പലവും വിഗ്രഹവുമെല്ലാം നീ തന്നെയാണെന്നാണ്.
അയ്യപ്പഭക്തിയുടെ ഭൂലോകനാഥനും ഭൂമി പ്രപഞ്ചനും എങ്ങും നിറഞ്ഞ പൊരുളും എല്ലാമെല്ലാം കുമ്മനമാണെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം ക്രിസ്ത്യാനിയായ യേശുദാസ് പാടിയ “ശ്രീ ശബരി ഗിരീശ സുപ്രഭാതം കേട്ടാണല്ലോ ഉറക്കമുണരാറ്. “ഏകം ജ്യോതി സ്വരൂപം, മതരഹിതമിദം ജായതാം സുപ്രഭാതം” എന്ന നിര്‍മാല്യദര്‍ശനവേളയില്‍ ആ നാദധാര ഉയരുന്നത് കേട്ടിട്ടില്ലേ? അതോ െ്രെകസ്തവന്റെ സുപ്രഭാതാലാപനമായതിനാല്‍ അത് കര്‍ണകഠോരമെന്ന് കുമ്മനം പറയുമോ. ധര്‍മശാസ്ത്രാദര്‍ശനത്തിന് പോകുന്ന കുമ്മനത്തിന് അയ്യപ്പന്റെ തോഴനായ വാവരുസ്വാമിയുടെ ക്ഷേത്രസന്നിഥി ചതുര്‍ഥിയല്ലല്ലോ. അപ്പോള്‍പിന്നെ മന്ത്രി ജലീലിന്റെ ശബരിമലദര്‍ശനത്തിനെതിരെ കുരച്ചുചാടുന്നത് ഉരത്ത മതേതര വിരുദ്ധ നിലപാട് മൂലമല്ലേ? അകംപൊരുളുകളറിയുന്നവരുടെ കൂടാരമായ ബിജെപി ഇനി വാല്‍മീകി മഹര്‍ഷിയുടേയും വേദവ്യാസന്റേയും വേരുകള്‍ തേടി അവര്‍ക്കും അസ്പൃശ്യത പ്ര
ഖ്യാപിക്കുമോ?
“അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു. പിന്നെയും നായ്ക്കാണ് മുറുമുറുപ്പ്” എന്ന് പറഞ്ഞപോലെയായി മോഡി സര്‍ക്കാരിന്റെ മാധ്യമമാരണ നീക്കങ്ങള്‍. കശ്മീരിലെ സുപ്രധാന സൈനികത്താവളം ഭീകരര്‍ക്ക് നുഴഞ്ഞുകയറി 20 സൈനികരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ വഴി തുന്നിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാരിനല്ല പ്രത്യുത അതേക്കുറിച്ച് സത്യാവസ്ഥ തുറന്നുപറഞ്ഞ “എന്‍ഡിടിവി” ചാനലാണ് ഭീകരരെക്കാള്‍ വലിയ കൊലയാളികളും ദേശവിരുദ്ധമെന്നാണ് മോഡിയുടെ പക്ഷം.
എങ്ങനെ തന്ത്രപ്രധാന കേന്ദ്രത്തിലേയ്ക്ക് ഭീകരര്‍ നുഴഞ്ഞുകയറി ചോരക്കളി നടത്തിയെന്നറിയാനുള്ള അവകാശം ഇന്ത്യന്‍ ജനതയ്ക്കുണ്ട്. അറിയാനുള്ള ആ അവകാശത്തെയാണ് ചാനല്‍ വിലമതിച്ചത്. അതിന് ചാനല്‍ ഒരു ദിവസം അടച്ചിടണമെന്നാണ് കേന്ദ്രത്തിന്റെ കല്‍പ്പന “ന്യൂസ് ടൈം അസാമി”നും “കീയര്‍ വേള്‍ഡ് ടിവി”ക്കുമെതിരേയും ആ വിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കഴുത്തു ഞെരിച്ചു കൊല്ലുന്ന മാരണനിയമം എടുത്തു വീശിയിരിക്കും. രാജ്യത്ത് നീതിന്യായ കോടതികള്‍ കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ വിധിപറയാന്‍ മോഡിയെന്താ സുപ്രിംകോടതിയെക്കാള്‍ പെരിയ മജിസ്‌ട്രേട്ടാണോ?

Latest