Connect with us

National

കള്ളപ്പണം തടയാന്‍ മോഡിയുടെ സര്‍ജിക്കല്‍ അറ്റാക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന കള്ളപ്പണം തടയാന്‍ പ്രധാനമന്ത്രി നടത്തിയ സര്‍ജിക്കല്‍ അറ്റാക്ക് (മിന്നല്‍ ആക്രമണം) ആയാണ് നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കള്ളപ്പണം സൂക്ഷിച്ച് വെച്ചവര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെയുള്ള ഈ പ്രഖ്യാപനം കനത്ത തിരിച്ചടിയാണ്. അഞ്ഞൂറിന്‍യെും ആയിരത്തിന്റെയും കറന്‍സി ഇനി സര്‍ക്കാര്‍ അറിയാതെ വ്യവഹാരം ചെയ്യാനാകില്ല. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ ഹാജരാക്കി മാറ്റി വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതുണ്ട്. 50,000 രൂപയോ അതിന് മുകളിലോ തുക ബാങ്ക് ഇടപാട് നടത്തുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പുതിയ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും പാന്‍ കാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ രാജ്യത്തെ സാമ്പത്തിക വിനിമയങ്ങള്‍ എല്ലാം സര്‍ക്കാര്‍ റഡാറിലാകും.

കള്ളപ്പണത്തിന് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കിമെന്ന് അധികാരത്തില്‍ കയറും മുമ്പ് തന്നെ മോഡി വാഗ്ദാനം ചെയ്തിരുന്നു. കള്ളപ്പണം മുഴുവനും രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നായിരന്നു പ്രധാനമന്ത്രിയായ ശേഷവും മോഡിയുടെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. അതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. രാജ്യത്ത് ധനഇടപാടുകള്‍ക്ക് നേരത്തെ തന്നെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപനമുണ്ടായരുന്നു. മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള ഇടപാടുകള്‍ ബാങ്ക് മുകാന്തിരമാക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു.

പ്രഖ്യാപനത്തെ പൊതുവേ സ്വാഗതം ചെയ്യുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ വിനിമയ രംഗത്ത് ഇത് ഉയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്ന് അര്‍ധരാത്രി പിന്നിട്ടാല്‍ 500 രൂപ ആയിരം രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഒരു ക്രയവിക്രയവും സാധ്യമാകില്ലെന്ന സ്ഥിതിയാണുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പെട്രോള്‍ പമ്പുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്.