Connect with us

Articles

മോദിയുടെ സാമ്പത്തിക ബുദ്ധിയോ രാഷ്ട്രീയ കൗശലമോ?

Published

|

Last Updated

“സര്‍ക്കാര്‍ ദാരിദ്രത്തിനെതിരെയാണ് പോരാട്ടം നടത്തുന്നത്. പാവങ്ങളുടെ ഉന്നമനമാണ് ലക്ഷ്യം. ഇതിന് ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഭീകരര്‍ക്ക് പണം വരുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്, കള്ളനോട്ട് ഒഴുക്കി പാകിസ്ഥാന്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയാണ്”- രാജ്യത്തെ പണ പര്യയനത്തെ മുഴുവന്‍ നിശ്ചലമാക്കുന്ന തീരുമാനം രാജ്യത്തെ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലെ വരികളാണ് ഇവ. മോദി ഭരണകൂടം കൈകൊണ്ട പാതിരാ തീരുമാനത്തിന്റെ എല്ലാ താത്പര്യങ്ങളും ഈ വാക്കുകളിലുണ്ട്. രാജ്യത്ത് ഗോപ്യമായി വെച്ചിട്ടുള്ള പണം മുഴുവന്‍ പുറത്തേക്ക് കൊണ്ടുവരാനും അതുവഴി സമ്പദ്ഘടനയിലെ സമാന്തര സാമ്പത്തിക ക്രമം തകര്‍ക്കാനുമാണ് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നാണ് മോദിയും ആര്‍ ബി ഐയും പറയുന്നത്. ഇത് ദാരിദ്ര്യനിര്‍മാര്‍ജനവുമായി കൂട്ടിക്കെട്ടുക വഴി കൃത്യമായ രാഷ്ട്രീയ മുതലെടുപ്പിന് കളമൊരുക്കുകയാണ് മോദിയെന്ന കൗശലക്കാരന്‍ ചെയ്തത്.

അത്യന്തം നാടകീയമായിരുന്നു നീക്കം. ആകസ്മികം. മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക്. ഇത്തരം ആക്രമണങ്ങളുടെ പൊതു സ്വഭാവം അതിന്റെ ഉടന്‍ ഇംപാക്ട് ആണ്. അതുണ്ടാക്കുന്ന ഒരു ഞെട്ടല്‍. ആശ്ചര്യം. അപ്പോള്‍ അപദാനത്തിന്റെ കെട്ട് പൊട്ടും. വാര്‍ത്താ മൂല്യമാണ് പ്രധാനം. ഇടിത്തീയായി പതിക്കുമ്പോഴാണ് വാര്‍ത്ത ബ്രേക്കിംഗ് ആകുന്നത്. സര്‍ജിക്കല്‍ അറ്റാക്കാക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. പാക്കിസ്ഥാനാണ് ഉന്നം. രാഷ്ട്രീയ സമവാക്യം പതിവ് പാറ്റേണില്‍ തന്നെ.

വാഹ്, വാഹ്… വിളികള്‍ക്ക് ചെവി കൊടുക്കാതെ ആലോചിച്ചാല്‍, എന്താണ് സംഭവിച്ചിരിക്കുന്നത്? ഇന്ത്യയെപ്പോലെ വിശാലമായ ഒരു സമ്പദ്‌വ്യവസ്ഥയെ ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നു. ഒരു ട്രാന്‍സാക്ഷനും നടക്കില്ല. ബേങ്കുകള്‍ അടഞ്ഞ് കിടക്കുന്നു. ശരിയായ അടിയന്തരാവസ്ഥ. സര്‍വത്ര ആശയക്കുഴപ്പം. കേരള സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെപ്പോലുള്ളവര്‍ക്ക് പോലും ഉത്തരം പറയാനാകുന്നില്ല. കാര്‍ഡുകള്‍ താരാതരം ഇല്ലാത്ത സാധാരണക്കാരും ഇടത്തരക്കാരുമല്ലേ വലയുക. ഈ നിശ്ചലാവസ്ഥയില്‍ രാജ്യത്തിന് ഉണ്ടാകാന്‍ പോകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ? ഇങ്ങനെ തിടുക്കപ്പെട്ടാണോ ഇത് ചെയ്യേണ്ടിയിരുന്നത്? ഒരു ദിവസമല്ലേ എന്നാണ് ചോദ്യമെങ്കില്‍ ഒരു മണിക്കൂറായാലും പണ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിന്റെ സൂക്ഷ്മ ആഘാതം ഗുരുതരമായിരിക്കുമെന്നത് ലളിത സാമ്പത്തിക ശാത്രം. എന്ത് ഉദ്ദേശ്യ ശുദ്ധിയുണ്ടെങ്കിലും ഈ ആകസ്‌കമികത സാമ്പത്തിക ബുദ്ധിയല്ല.

കള്ളനോട്ടുകാരെ പിടിക്കാമെന്നത് ശരിയായിരിക്കാം. കള്ളപ്പണക്കാരെയോ? അത് ആഭ്യന്തര പ്രശ്‌നമേയല്ല. ഒരു കള്ളപ്പണക്കാരനും കിടക്കയിലെ ഉന്നം മാറ്റി പണം നിറച്ചിരിക്കുകയല്ല. മുറിയിലെ നിലവറയില്‍ സൂക്ഷിച്ച പണമാണ് കള്ളപ്പണമെന്ന് തോന്നും ചിലര്‍ നിര്‍വചിക്കുന്നത് കേട്ടാല്‍. നികുതി ഘടനയില്‍ മാറ്റി നിര്‍ത്തിയവയാണ് കള്ളപ്പണം. അങ്ങനെ വന്നാല്‍ വീട്ടിലെ ഡാലിയച്ചെടിയെ വ്യക്തിയാക്കി മാറ്റി അതിന്റെ സ്വത്ത് എഴുതിവെച്ച് നികുതി വെട്ടിക്കുന്നവരാണ് കള്ളപ്പണക്കാര്‍. സ്വര്‍ണമാക്കി വെച്ച കള്ളത്തരക്കാരെ എങ്ങനെ പിടിക്കും. കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാരെയും നികുതി വലയിലേക്ക് കൊണ്ടുവരാന്‍ തയ്യാറാണോ? അവര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തുമോ?

500, 1000 രൂപ ബേങ്കില്‍ വന്നിട്ട് ദരിദ്രരുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കാമെന്നല്ലല്ലോ മോദി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വിദേശത്ത് സൂക്ഷിച്ച പണത്തെ കുറിച്ചാണ്. മൗറീഷ്യസില്‍, സ്വിറ്റ്‌സര്‍ലാന്‍ഡില്‍… ആ പണമൊക്കെ അവിടെ സുരക്ഷിതമാണ്. അവരുടെ പേര് വിവരം സീല്‍ വെച്ച കവറിലേ സുപ്രീം കോടതിയില്‍ എത്താവൂ എന്ന് മോദിക്ക് നിര്‍ബന്ധമുണ്ട്.

പാതിരാ തീരുമാനം ഉണ്ടാക്കിയ ആശയക്കുഴപ്പത്തില്‍ നിന്ന് ആരൊക്കെ മുതലടെക്കുമെന്നും എന്തൊക്കെ തട്ടിപ്പ് നടക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല. ബേങ്കുകളുടെ കൗണ്ടറുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കേണ്ടി വരും. പരിഭ്രാന്തരും രോഷാകുലരുമായ ജനം എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. വന്‍ ദേശീയ നഷ്ടമാകും നിശ്ചലതയുടെ ഈ മണിക്കൂറുകള്‍ സൃഷ്ടിക്കുക. ബേങ്കുകളില്‍ പണം നിറക്കുന്നതില്‍ അമാന്തം വരികയോ മറ്റോ ചെയ്താല്‍ മൊത്തം പാളും. ചെറിയ പാളിച്ച ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കില്‍ പാര്‍ലിമെന്റിന്റെ അനുമതി വേണം. അത്തരമൊരു അടിയന്തരാവസ്ഥയായി ഇന്നത്തെ സ്ഥിതിവിശേഷത്തെ മനസ്സിലക്കിയാല്‍ ഇത് നിയമവിരുദ്ധമാണ്. കോടതിയില്‍ പോയാല്‍ പൊളിഞ്ഞടിയും. നമ്മുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മോശം പ്രതിച്ഛായയാണ് ഈ തീരുമാനം ഉണ്ടാക്കുക.

വാല്‍ക്കഷ്ണം: നിങ്ങളുടെ കൈയിലെ നോട്ട് നോക്കൂ. അതില്‍ ഐ പ്രോമിസ്… എന്ന് തുടങ്ങുന്ന റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ വാഗ്ദാനമുണ്ട്. ആ വാക്ക് ഇനി മേലില്‍ വിശ്വസിക്കാനാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest