Connect with us

Articles

സര്‍വത്ര ആശയക്കുഴപ്പം

Published

|

Last Updated

500, 1000 രൂപ നോട്ടുകൾ എടുക്കില്ലെന്ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സ്ഥാപിച്ച ബോർഡ്. ചിത്രം: സയ്യിദ് അലി ശിഹാബ്

500, 1000 രൂപ നോട്ടുകൾ എടുക്കില്ലെന്ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ സ്ഥാപിച്ച ബോർഡ്. ചിത്രം: സയ്യിദ് അലി ശിഹാബ്

നാടകീയതയില്‍ പൊതിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ സര്‍വ്വത്ര ആശയക്കുഴപ്പം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആഴത്തില്‍ പ്രതിഫലിക്കും. സഹകരണ ബേങ്ക്, ട്രഷറി ഇടപാടുകളില്‍ ഇനിയും വ്യക്തത വരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി അസാധുവാക്കിയ നോട്ടുകളുടെ വിനിമയം ഔദ്യോഗിക ആവശ്യങ്ങളിലും തടഞ്ഞെങ്കിലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
പൊതുവിപണിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഭാഗികമായെങ്കിലും സ്തംഭിച്ചിരിക്കുന്നതാണ് സാഹചര്യം. നോട്ടുകള്‍ മാറ്റിയെടുക്കാനും അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും ഇന്ന് മുതല്‍ ബേങ്കുകളില്‍ അവസരമുണ്ടെങ്കിലും ജനം ഇതിനായി കൂട്ടത്തോടെ ബേങ്കുകളിലേക്ക് ഒഴുകിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. അതേസമയം, നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
നേരത്തെ അറിയിച്ചതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ഥാപനങ്ങളില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവിടെയൊന്നും ഈ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്നതാണ് സ്ഥിതി. ആശുപത്രികള്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവിടങ്ങളിലാണ് നാളെ വരെ 500, 1000 നോട്ടുകള്‍ സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നത്. പൊതുഗതാഗത സംവിധാനത്തിനും ശ്മശാനങ്ങള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഈ ഇളവ് ബാധകമാക്കിയിട്ടുണ്ട്. ബാക്കി തുക നല്‍കാന്‍ ചില്ലറ ഇല്ലെന്നും കൃത്യമായ നിര്‍ദേശമില്ലെന്നും പറഞ്ഞ് ഈ പല സ്ഥാപനങ്ങളും പണം സ്വീകരിക്കുന്നില്ല.
സര്‍ക്കാര്‍ പണമിടപാട് നടക്കുന്ന ട്രഷറികളുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ട്രഷറികളിലെ വിനിമയം സംബന്ധിച്ച് കേന്ദ്രം വ്യക്തമായ നിര്‍ദേശം ഇനിയും നല്‍കിയിട്ടില്ല. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം കേന്ദ്രനോഡല്‍ ഓഫീസറുമായി സംസാരിച്ചെങ്കിലും തിങ്കളാഴ്ച മറുപടി നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ ട്രഷറികളില്‍ സ്വീകരിക്കുന്നത് ഇന്നലെ മുതല്‍ തന്നെ തടഞ്ഞിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിച്ച നോട്ടുകള്‍ പത്തിന് മുമ്പ് ട്രഷറിയില്‍ ഒടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ സംവിധാനങ്ങള്‍ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.
സഹകരണ രംഗം ശക്തമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നോട്ട് പിന്‍വലിക്കലിന്റെ ആഘാതം വലിയതോതില്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ രംഗത്ത് വലിയ അരാജകത്വം രൂപപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബേങ്കിംഗ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലെ പണം ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നതു സംബന്ധിച്ച് കൃത്യമായ ഒരു നിര്‍ദേശം ഇനിയും ഉണ്ടായിട്ടില്ല. ബേങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ തന്നെ ചെറിയ നോട്ടുകളെ ഇടപാട് മാത്രമെ അടുത്തദിവസങ്ങളില്‍ നടത്താന്‍ കഴിയൂ.
ബേങ്കുകളില്‍ നിന്ന് ഇന്ന് മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയുമെങ്കിലും ഡിസംബര്‍ 30 വരെ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തിക രംഗം സാധാരണ നിലയിലാകാന്‍ രണ്ട് മാസമെടുക്കും. കാര്‍ഡ്, ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവക്ക് മാത്രമാണ് നിയന്ത്രണമില്ലാത്തത്. ബേങ്കുകളില്‍ നിന്ന് നേരിട്ട് ദിവസേന പതിനായിരം രൂപയെന്ന നിലയില്‍ ആഴ്ചയില്‍ 20,000 രൂപയും എ ടി എം വഴി ദിവസേന രണ്ടായിരം രൂപയും മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. നേരത്തെ നിശ്ചയിച്ച വിവാഹം, ആഘോഷങ്ങള്‍ എന്നിവയെ ഇത് കാര്യമായി ബാധിക്കും. വ്യാപാര മേഖലയില്‍ വലിയ പ്രത്യാഘാതം ഇതിനകം പ്രതിഫലിച്ച് കഴിഞ്ഞു. നിര്‍മ്മാണ മേഖലയിലും പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ദിവസകൂലിക്ക് പണിയെടുക്കുന്നവരാണ് ദുരിതം പേറുന്ന മറ്റൊരു വിഭാഗം.
കൂലി സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെ തൊഴിലിടത്തില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമാണ്. കേരളത്തില്‍ തൊഴിലെടുക്കുന്ന 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറെ പേരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരാണ്. നോട്ട് മാറ്റിയെടുക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ഇവരുടെ കൈവശമുള്ള പണം എന്ത് ചെയ്യുമെന്നതിലും വ്യക്തതയില്ല.

Latest