Connect with us

National

ലക്ഷ്യം ഭാവി സാമ്പത്തിക ഭദ്രത; ജനം ദുരിതത്തിലാകും

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണവും, വ്യാജനോട്ടും തടയിടാനെന്ന പ്രഖ്യാപനത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അപ്രതീക്ഷിത നീക്കം ദീര്‍ഘകാല ഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതക്ക് മുതല്‍കൂട്ടാവുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ജനജീവിതത്തെ രൂക്ഷമായി ബാധിക്കും.
ഒരു മുന്നറിയിപ്പുമില്ലാതെ ദൈനംദിന സാമ്പത്തിക ക്രയവിക്രയങ്ങളിലുള്‍പ്പെടെ ഏറ്റവും അധികം ഉപയോഗിക്കുന്ന 1000, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്ത് ചെറിയ തോതിലെങ്കിലും സാമ്പത്തിക അരക്ഷിതാവസ്ഥക്ക് വഴിയൊരുക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ കള്ളപ്പണക്കാരെ വെട്ടിലാക്കുന്നതാണ് നടപടിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക ക്രമത്തില്‍ സമാന്തര സമ്പ്രദായം നടപ്പിലാക്കുന്ന വന്‍ സ്രാവുകള്‍ക്ക് ഈ നീക്കം വലിയ ദോഷം ചെയ്യില്ലെന്ന് തന്നെയാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്.
പഴുതുകള്‍ എല്ലാം അടച്ചുള്ള തീരുമാനമാണെങ്കിലും ഇത്തരം വന്‍സ്രാവുകള്‍ സമ്പാദ്യം ഇന്ത്യന്‍ കറന്‍സിയില്‍ ശേഖരിക്കാന്‍ സാധ്യതയില്ലെന്നതിനാല്‍ പ്രധാനമായും ഇടത്തരം ഇരകളായിരിക്കും ഇതില്‍ വെട്ടിലാകുക. അതേസമയം, രാജ്യത്തുള്ള കള്ളപ്പണ സ്രാവുകളെ നീക്കം എങ്ങനെ ബാധിച്ചാലും നിലവില്‍ കറന്‍സിയായി രാജ്യത്തുള്ള കള്ളപ്പണത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ ഖജനാവിനനുകൂലമായ വഴിയൊരുക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം വരും കാലത്തെ കള്ളപ്പണത്തിനും ഹവാല ഇടപാടിനെ ഒരു പരിധി തടയിടാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോള്‍ വിപണികളിലുള്ള ഒമ്പത് ശതമാനം നോട്ടുകള്‍ വ്യാജനോട്ടുകളാണെന്ന് റിസര്‍വ് ബേങ്ക് തന്നെ പറയുന്നുണ്ട്. ഈ വ്യാജനോട്ടുകളും കണക്കില്ലാത്ത കള്ളപ്പണവും മരവിക്കുമെന്നതാണ് ഈ നീക്കത്തിന്റെ പ്രധാന പ്രയോജനം. ബേങ്കുകളിലോ പോസ്റ്റ് ഓഫീസിലോ പണം തിരിച്ചേല്‍പ്പിക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന സ്ഥിതി വരുമ്പോള്‍ ഇത്രയും നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടെ രാജ്യത്തെ പണം മുഴുവന്‍ പണം നിയന്ത്രണമുള്ള സംവിധാനത്തിനു കീഴിലാകുമെന്ന് പ്രതീക്ഷിക്കാനാകും. ഇതോടൊപ്പം നേരിട്ടു നിയന്ത്രണമില്ലാത്ത പല വിഭാഗങ്ങളിലെയും പണത്തിന്റെ ഒഴുക്കിനെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ ലഭ്യമാകും. കള്ളപ്പണം കണക്കില്ലാതൊഴുകുന്ന ബിഗ് ബജറ്റ് സിനിമകള്‍, വലിയ റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങള്‍, സ്വര്‍ണവ്യാപാരം തുടങ്ങിയ മേഖലകളിലെ പണം പോലും കൃത്യമായി ബേങ്കിംഗ് സംവിധാനത്തിലേക്കു വരുമ്പോള്‍. ഈ പണത്തിന്റെ നികുതി സര്‍ക്കാര്‍ ഖജനാവിലെത്തും.
രാജ്യത്തെ മുഴുവന്‍ ഇടപാടുകളും ബേങ്കിംഗ് സംവിധാനത്തിന് കീഴിലാക്കാനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയും ചെറുബേങ്കുകള്‍ക്കു നല്‍കിയ ലൈസന്‍സും ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും എല്ലാം ഈ വലിയ നീക്കത്തിലേക്കുള്ള പ്രാരംഭ നടപടികളായി കൂട്ടിവായിക്കാവുന്നതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം