Connect with us

Sports

നെയ്മറിനെ കാണാന്‍ തിരഞ്ഞെടുത്ത വഴി !

Published

|

Last Updated

ബെലോ ഹൊറിസോന്റെ: ബ്രസീല്‍ ടീം അംഗങ്ങളെ പ്രത്യേകിച്ച് സൂപ്പര്‍ താരം നെയ്മറെ ഒരു നോക്കു കാണാന്‍ ബെലൊ ഹൊറിസോന്റെ ഹോട്ടലിന് മുന്നില്‍ കാനറിപ്പടയുടെ ആരാധകര്‍ തടിച്ച് കൂടിയിരുന്നു. കളിക്കാര്‍ ടീം ബസില്‍ പുറത്തേക്കും അകത്തേക്കും പോകുന്നതിനിടക്ക് ഒരു നോട്ടം കിട്ടിയാലോ എന്നത് മാത്രമാണിവരുടെ ലക്ഷ്യം. നെയ്മര്‍ എവിടെ എത്തിയാലും അവിടെ ജനക്കൂട്ടമാണ്.
ബ്രസീലിന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്തതോടെ നെയ്മറിനോടുള്ള ഇഷ്ടം പതിന്‍മടങ്ങായിട്ടുണ്ട്. കനത്ത സുരക്ഷാവലയത്തിനുള്ളില്‍ കഴിയുന്ന നെയ്മറിനെയും സഹതാരങ്ങളെയും ഒരു കണക്കിനും അടുത്ത് ചെന്ന് കാണുവാനും ഒന്ന് പരിചയപ്പെടാനും ഈ ജന്മത്തില്‍ സാധിക്കുമോ എന്ന് സന്ദേഹപ്പെടുന്നവരും കുറവല്ല. അത്തരം ഒരു ആരാധകനുണ്ട് നെയ്മറിന്. ആര്‍ട്ടിസ്റ്റ് ആയ കാര്‍ലോസ് ഒലിവേര. പതിനെട്ട് വയസാണ് പ്രായം.
ബ്രസീല്‍ സൂപ്പര്‍ താരത്തെ ഒരിക്കലെങ്കിലും നേരില്‍ കാണുവാനും താന്‍ പെയിന്റ് ചെയ്ത ചിത്രം സമ്മാനമായി നല്‍കാനും ഒലിവേര അതിയായി ആഗ്രഹിച്ചു. അതിനായി പല ശ്രമങ്ങളും ഇക്കാലമത്രയും നടത്തി പരാജയപ്പെട്ടു. എന്നാല്‍, കീഴടങ്ങാന്‍ കാര്‍ലോസ് ഒരുക്കമല്ലായിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി തന്റെ വരുമാനം കാര്‍ലോസ് മറ്റൊന്നിനും ചെലവഴിക്കാതെ സ്വരൂപിച്ചു. ബ്രസീല്‍ ടീം ബെലൊ ഹോറിസോന്റെയില്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത നക്ഷത്ര ഹോട്ടലായ ഔറോ മിനാസില്‍ നേരത്തെ തന്നെ മുറി ബുക്ക് ചെയ്തു. ഗെയ്റ്റിന് പുറത്ത് നിന്നുള്ള വിഫലപരിശ്രമത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരുന്നു കാര്‍ലോസ് തന്ത്രം മാറ്റിയത്.
നെയ്മര്‍, മാര്‍സലോ എന്നിവരുടെയൊക്കെ പെയിന്റിംഗുകള്‍ കാര്‍ലോസിന്റെ കൈവശമുണ്ടായിരുന്നു.
നെയ്മറെ പരിചയപ്പെടാന്‍ കാര്‍ലോസ് തിരഞ്ഞെടുത്ത വഴി ഹോട്ടലിലെ ജിമ്മില്‍ കസര്‍ത്ത് നടത്താനെത്തിയ ബ്രസീല്‍ കോച്ച് ടിറ്റെയുമായി സൗഹൃദം സ്ഥാപിക്കലായിരുന്നു. പിന്നീട് കാര്യം പറഞ്ഞു. ഇതോടെ, ടിറ്റെ ആരാധകനെ സഹായിക്കാന്‍ തയ്യാറായി. നെയ്മറിനെ ടിറ്റെ വിളിച്ചുവരുത്തി ആളെ പരിചയപ്പെടുത്തി. കാര്‍ലോസിന് അത്ഭുതവും ആശ്ചര്യവും. നെയ്മറിനൊപ്പം ഫോട്ടോയെടുത്തു. പെയിന്റിംഗുകള്‍ കൈമാറി.
ബ്രസീല്‍ ടീമംഗങ്ങളുമായെല്ലാം ഇടപഴകിയ കാര്‍ലോസ് ഇപ്പോള്‍ കോച്ച് ടിറ്റെയുടെ വലിയ ആരാധകനാണ്. നല്ല മനുഷ്യന്‍, അദ്ദേഹത്തിന്റെ പെയിന്റിംഗ് ചെയ്ത് നല്‍കും. അടുത്ത തവണ കാണുമ്പോള്‍ തന്റെ പെയിന്റിംഗുമായി വരണമെന്ന് ടിറ്റെ ആവശ്യപ്പെടുകയും ചെയ്തു.

---- facebook comment plugin here -----

Latest