Connect with us

Gulf

ജല വിസ്മയം ശൈഖ് മുഹമ്മദ് നാടിന് സമര്‍പിച്ചു

Published

|

Last Updated

വാട്ടര്‍ കനാലിന്റെ ഔദ്യോഗിക ഉദ്ഘാടനം  യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിക്കുന്നു

വാട്ടര്‍ കനാലിന്റെ ഔദ്യോഗിക ഉദ്ഘാടനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍വഹിക്കുന്നു

ദുബൈ: ദുബൈയുടെ നഗരസൗന്ദര്യത്തിന് പ്രൗഢിയും വിനോദസഞ്ചാര മേഖലക്ക് കരുത്തുമേകി ദുബൈ വാട്ടര്‍ കനാല്‍ പദ്ധതി രാജ്യത്തിന് സമര്‍പിച്ചു. ഇന്നലെ രാത്രി ലേസര്‍ ഷോയുടേയും കരിമരുന്നിന്റേയും അകമ്പടിയോടെ ഉത്സവാന്തരീക്ഷം നിറഞ്ഞ പ്രൗഢഗംഭീരമായ ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് വാട്ടര്‍ കനാലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ സജ്ജീകരിച്ച ഇലക്‌ട്രോണിക് പാനലില്‍ അമര്‍ത്തിയായിരുന്നു ഉദ്ഘാടനം. ഇതോടെ വാട്ടര്‍ കനാലിന് ചുറ്റും വൈദ്യുത ദീപങ്ങള്‍ മിഴി തുറക്കുകയും ആകാശത്ത് കരിമരുന്നുകള്‍ നൃത്തം വെക്കുകയും ചെയ്തു. സംഗീത മേളയുടെ അകമ്പടിയോടെ വാട്ടര്‍ കനാലിന്റെ വീഡിയോ ദൃശ്യങ്ങള്‍ വേദിയില്‍ സജ്ജീകരിച്ച സ്‌ക്രീനിലും തെളിഞ്ഞു.

ലേസര്‍ ലൈറ്റുകളാല്‍ ശോഭിതമായ വാട്ടര്‍ കനാല്‍

ലേസര്‍ ലൈറ്റുകളാല്‍ ശോഭിതമായ വാട്ടര്‍ കനാല്‍

ഉദ്ഘാടനത്തിന് ശേഷം ശൈഖ് മുഹമ്മദും മറ്റു പ്രമുഖരും ബോട്ടിലൂടെ കനാലില്‍ സഞ്ചരിച്ചു. വൈകുന്നേരത്തോടെ ദീപാലംകൃതമായ കെട്ടിടങ്ങളും വര്‍ണ വൈദ്യുത ദീപങ്ങളാല്‍ തിളങ്ങിയ കനാലിലെ പാലങ്ങളും നടപ്പാതകളും വാട്ടര്‍ കനാലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. ഉദ്ഘാടനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫയും ജ്വലിച്ചുനിന്നു.
ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
270 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ക്രീക്കിനേയും അറേബ്യന്‍ ഗള്‍ഫിനേയും ബന്ധിപ്പിച്ച് 3.2 കിലോമീറ്റര്‍ നീളത്തിലാണ് ഈ ജല വിസ്മയം. ദുബൈ നഗരത്തിന്റെ ചരിത്രപ്രാധാന്യമേറെയുള്ള ദേര, ബര്‍ ദുബൈ വഴിയും അല്‍ സഫ, അല്‍ വാസല്‍, ജുമൈറ-2 എന്നിവിടങ്ങിളിലൂടെയാണ് വാട്ടര്‍ കനാല്‍ ഒഴുകുന്നത്.
ഏഴ് മീറ്റര്‍ വീതിയില്‍ ആറ് കിലോമീറ്ററില്‍ നടപ്പാത, മൂന്ന് മീറ്റര്‍ വീതിയില്‍ മൂന്ന് കിലോമീറ്ററില്‍ ജോഗിംഗ് ട്രാക്ക്, മൂന്ന് മീറ്റര്‍ വീതിയില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിംഗ് ട്രാക്ക് എന്നിവയും കനാലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ബിസിനസ് ബേയിലും വാട്ടര്‍ കനാലിലുമായി ഒന്‍പത് ജലഗതാഗത സ്റ്റേഷനുകളും പ്രവര്‍ത്തനമാരംഭിച്ചു. ഇന്നു മുതല്‍ ഫെറിയും വാട്ടര്‍ ടാക്‌സിയും സര്‍വീസ് തുടങ്ങും. വാട്ടര്‍ കനാലില്‍ അഞ്ചും ബിസിനസ് ബേയില്‍ നാലും സ്റ്റേഷനുകളാണുള്ളത്. 32 മീറ്റര്‍ നീളവും 8.5 മീറ്റര്‍ ഉയരവുമുള്ള ബോട്ടുകള്‍ക്കാണ് വാട്ടര്‍ കനാലിലൂടെ സഞ്ചരിക്കാനാവുക. ഏഴ് നോട്ടിക്കല്‍ മൈലാണ് വാട്ടര്‍ കനാലിലൂടെ ബോട്ടുകളുടെ പരമാവധി വേഗത.
വാട്ടര്‍ കനാലിലൂടെ അല്‍ ഗുബൈബ മുതല്‍ മറീന മാള്‍ വരെയും ജദഫ് സ്റ്റേഷന്‍ മുതല്‍ വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെയും ഫെറി സര്‍വീസുണ്ട്. ശൈഖ് സായിദ് റോഡ്, സഫ പാര്‍ക്ക്, അല്‍ വാസല്‍, ജുമൈറ, ദുബൈ കനാല്‍ എന്നിവയാണ് വാട്ടര്‍ കനാല്‍ സ്റ്റേഷനുകള്‍. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ വജീഹ അല്‍ മിയാ, മരാസി, ബിസിനസ് ബേ എന്നിവയാണ് മറ്റുള്ള നാല് സ്റ്റേഷനുകള്‍.
എല്ലാ പുതിയ സ്റ്റേഷനുകളിലും രാവിലെ 10 മുതല്‍ രാത്രി 10 വരെ ജലഗതാഗത സേവനമുണ്ടാകും. അഞ്ച് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ദുബൈ ഫെറിയുടെ സര്‍വീസ്. രണ്ടെണ്ണം വാട്ടര്‍ കനാലിലും മൂന്നെണ്ണം ബിസിനസ് ബേയിലും. കൂടാതെ ബിസിനസ് ബേയിലെ സ്റ്റേഷനുകളായ ഡിസൈന്‍ ഡിസ്ട്രിക്ട്, അല്‍ വജീഹ അല്‍ മിയാ, മരാസി സ്റ്റേഷനുകളിലേക്ക് അല്‍ ജദ്ദാഫ് സ്റ്റേഷനില്‍ നിന്നും ഇരു ഭാഗത്തേക്കും പുതിയ മൂന്ന് സര്‍വീസുകള്‍ കൂടി ആരംഭിക്കും. ദുബൈ വാട്ടര്‍ കനാലിലെ ശൈഖ് സായിദ് റോഡ്, ദുബൈ കനാല്‍ സ്റ്റേഷനുകളിലേക്കും അല്‍ ജദ്ദാഫില്‍ നിന്ന് ഫെറി സര്‍വീസുണ്ടാകും. രാവിലെ 10, ഉച്ചക്ക് 12, വൈകുന്നേരം 5.30 എന്നീ സമയങ്ങളിലാണ് പുതിയ മൂന്ന് സര്‍വീസുകള്‍. അല്‍ ഗുബൈബ, മറീന മാള്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഫെറി ഷട്ടില്‍ സര്‍വീസ് ദുബൈ കനാല്‍ സ്റ്റേഷനിലേക്ക് നീട്ടും. ഇതോടെ അല്‍ ഗുബൈബ, മറീന മാള്‍ സ്റ്റേഷന്‍, ബിസിനസ് ബേ, ജദ്ദാഫ് സ്റ്റേഷനുകളെ ദുബൈ കനാല്‍ സ്റ്റേഷന്‍ ബന്ധിപ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ശൈഖ് സായിദ് റോഡില്‍ കനത്ത ഗതാഗത തിരക്കാണനുഭവപ്പെട്ടത്. ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ മറ്റു റോഡുകളെ ആശ്രയിക്കണമെന്ന് നേരത്തെ തന്നെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) അധികൃതര്‍ അറിയിച്ചിരുന്നു. 6.30 മുതല്‍ 7.30 വരെയുള്ള സമയങ്ങളില്‍ അബുദാബിയിലേക്ക് പോകുന്നവര്‍ മറ്റു റോഡുകളെ ആശ്രയിക്കണമെന്ന് ആര്‍ ടി എ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും അറിയിച്ചിരുന്നു. ഇത് വാഹനയാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായി. അബുദാബിയിലേക്കുള്ള യാത്രക്കാര്‍ അല്‍ ഖൈല്‍ റോഡിനേയും മുഹമ്മദ് ബിന്‍ സായിദ് റോഡിനേയുമാണ് ആശ്രയിച്ചത്. സഫ പാര്‍ക്കിനും അല്‍ അത്താര്‍ ജംഗ്ഷനും അടുത്തുള്ള അല്‍ വാസല്‍ റോഡിലും ജുമൈറ റോഡിലും നല്ല തിരക്കനുഭവപ്പെട്ടു.

---- facebook comment plugin here -----

Latest