Connect with us

Gulf

ട്രംപിന്റെ വിജയം അറബ് മാധ്യമ ലോകത്ത് സമ്മിശ്ര പ്രതികരണം

Published

|

Last Updated

ഷാര്‍ജ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അറബ് മാധ്യമ ലോകത്ത് സമ്മിശ്ര പ്രതികരണം ഉളവാക്കി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തിയ അറബ് മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ സിറാജിനോട് പങ്കുവെച്ചത്.
സ്ത്രീ ശബ്ദമെന്ന നിലയില്‍ ഹിലരിയായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് വരേണ്ടിയിരുന്നത്. അറബ് ലോകത്ത് ഉടലെടുത്തിട്ടുള്ള സംഘര്‍ഷങ്ങളില്‍ ഇരകളാകുന്നത് കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. ഹിലരി പ്രസിഡന്റ് പദവിയിലെത്തിയാല്‍ അവര്‍ക്കൊരു സ്വാന്ത്വന ശബ്ദമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ടുണീഷ്യന്‍ റേഡിയോ വാര്‍ത്താ അവതാരക കാമില അഭിപ്രായപ്പെട്ടു.
ഹിലരിക്ക് വ്യക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്, എന്നാല്‍ ട്രംപിന് രാഷ്ട്രീയപരമോ സൈനികപരമോ സാംസ്‌കാരികപരമോ ആയ അടിത്തറ ഇല്ലാതിരുന്നിട്ടും ട്രംപിനെ അമേരിക്കന്‍ ജനത പ്രസിഡന്റ് പദവിയില്‍ എത്തിച്ചത് ആധുനിക ലോകം സെന്‍സേഷന് പിന്നാലെ പോകുന്നതിന്റെ ജീവിക്കുന്ന തെളിവാണെന്ന് ഷാര്‍ജയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കെയ്റോയിലെ മജീദ് മറി പറഞ്ഞു.
അതേസമയം, ഹിലരിയായാലും ട്രംപായാലും അറബ് ലോകത്തിന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോബത് റോസ് അല്‍ യൂസഫ് ഓണ്‍ലൈന്‍ പത്രത്തിന്റെയും ടെലിവിഷന്റെയും എഡിറ്റര്‍ ഇന്‍ ചീഫായ അബ്ദു ജവാദ് അബു കബ് പറഞ്ഞു. അടിസ്ഥാനപരമായി അമേരിക്കയുടെ അറബ് ലോകത്തോടുള്ള നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നയങ്ങളില്‍ മാറ്റമില്ലാതെ ക്രൂരനായ നേതാവ് വന്നാലും വിനയാന്വിതനായ ഭരണാധികാരി വന്നാലും അറബ് ലോകത്തിന് ഗുണകരമായി ഭവിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ദീര്‍ഘവീക്ഷണമില്ലാത്ത നേതാവാണ്, വാക്കുകള്‍ സൃഷ്ടിക്കുന്ന ആവേശം കൊണ്ട് ഒരു ജനതയെ നയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. വാക്കുകള്‍കൊണ്ട് ആവേശം പടര്‍ത്തി നേതൃ സ്ഥാനങ്ങളില്‍ വിരാജിച്ചവര്‍ക്ക് അതി ഭീകരമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുള്ളത് ചരിത്ര വസ്തുതകളാണ്. വരാനിരിക്കുന്ന പുതിയ ഭരണക്രമത്തെ താന്‍ ഭയപ്പെടുന്നതായി ബ്രിട്ടീഷ് പൗരനും ഷാര്‍ജയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തി വരികയും ചെയ്യുന്ന കേര്‍ഡ് പാരി പറഞ്ഞു.

Latest