Connect with us

Gulf

ഷാര്‍ജയുടെ ദൃശ്യചാരുതയുമായി 'ഷാര്‍ജ ദ റൈസിംഗ് സണ്‍'

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിന്റെ വളര്‍ച്ചയും പെരുമയും വിളിച്ചോതുന്ന ചിത്രങ്ങളുമായുള്ള ചിത്ര പുസ്തകം അന്താരാഷ്ട്ര പുസ്തകമേളയിലെ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളിലൊന്നായി മാറുന്നു. യു എ ഇയുടെ രുപീകരണവേളയില്‍ രാഷ്ട്ര നേതാക്കള്‍ ഒത്തുകൂടിയ ചരിത്ര നിമിഷം ഒപ്പിയെട ുത്ത ഫോട്ടോഗ്രാഫറായ രമേശ് ശുക്ലയാണ് ഷാര്‍ജയുടെ വളര്‍ച്ചയുടെ നാള്‍വഴികളെ പകര്‍ത്തി ഷാര്‍ജ ദ റൈസിംഗ് സണ്‍ എന്ന പേരില്‍ പ്രത്യേക ആല്‍ബമാക്കി പുറത്തിറക്കിയിരുക്കുന്നത്.
1965ലാണ് രമേശ് ശുക്ല കാമറയുമായി ഷാര്‍ജയിലെത്തുന്നത്. അന്നു മുതല്‍ എമിറേറ്റിന്റെ ഓരോ സ്പന്ദനങ്ങളെയും അദ്ദേഹം പകര്‍ത്തിയെടുത്തു. ഷാര്‍ജയുടെ സാംസ്‌കാരികവും വാണിജ്യപരവുമായ ഉയര്‍ച്ചയുടെ അടയാളപ്പെടുത്തലായി മാറുകയാണ് ആ ചിത്രങ്ങള്‍.
യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ വിവിധങ്ങളായ ചിത്രങ്ങളും ശുക്ലയുടെ ശേഖരത്തിലുണ്ട്. ഇവയില്‍ പലതും പുസ്തകമേളയിലെ എന്‍ 26 പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രാജ്യഭരണാധികാരികള്‍ ഒത്തുകൂടിയ ശ്രദ്ധേയമായ പരിപാടികള്‍, വളര്‍ച്ചയുടെ ആധുനിക രൂപം പ്രാപിക്കുന്നതിനു മുമ്പുള്ള നഗരത്തിന്റെയും മറ്റും ചിത്രങ്ങള്‍, തൊഴില്‍ കച്ചവടം, സാംസ്‌കാരം തുടങ്ങിയവയിലൂടെ കടന്ന് ആധുനിക നഗരത്തിന്റെ ദൃശ്യഭംഗി നന്നായി പ്രതിഫലിപ്പിക്കുന്നതാണ് ചിത്ര പുസ്തകത്തിലെ ഓരോ ഏടുകളും. സാംസ്‌കാരിക, ജൈവിക ബന്ധങ്ങളെയും ആഘോഷങ്ങളുടെയും കഥപറയുന്നതാണ് ചില ചിത്രങ്ങള്‍. പരമ്പരാഗത അറബ് നാടോടി നൃത്തമായ അയാലയുടെയും തന്നൂറയുടെയും ദൃശ്യങ്ങളും മനോഹരമായി പകര്‍ത്തിയിട്ടുണ്ട് അദ്ദേഹം.
ദഫ് മുട്ടി പാടുന്ന പഴയ തലമുറയുടെ ചിത്രങ്ങളിലൂടെ ആധുനിക ഷാര്‍ജയുടെ ദൃശ്യഭംഗി പകര്‍ത്തിയാണ് ചിത്ര പുസ്തകം അവസാനിക്കുന്നത്. ഷാര്‍ജയുടെ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായ ഖസ്ബയുടെ മനോഹരമായ വലിയ ചിത്രം അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്. ദുബൈയിലെ പ്രമുഖ പ്രസിദ്ധീകരണാലയമായ അല്‍ ഗുറൈര്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് ചിത്രപുസ്തകം പ്രസിദ്ധീകരിച്ചത്.

Latest