Connect with us

Eranakulam

എ ടി എമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സമയമെടുക്കും

Published

|

Last Updated

കൊച്ചി: എ ടി എമ്മുകള്‍ ഇന്ന് മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങില്ല. പുതിയ 500 രൂപയുടെയും 2000ന്റെയും നോട്ടുകള്‍ എ ടി എം മെഷീനുകളില്‍ നിക്ഷേപിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയറുകള്‍ ചെയ്യാത്തതാണ് കാരണം. എ ടി എം മെഷീനുകളില്‍ 50, 100, 500, 1000 രൂപകള്‍ നിക്ഷേപിക്കാനുള്ള ട്രേകളാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 50,100 നോട്ടുകള്‍ മാത്രമേ ബേങ്കുകള്‍ക്ക് എ ടി എമ്മുകളില്‍ ഇടാനാകൂ. 500, 2000 നോട്ടുകള്‍ നിക്ഷേപിക്കണമെങ്കില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ചെയ്യണം.
പക്ഷെ ഇതിനുള്ള നിര്‍ദേശം ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്കില്‍ നിന്ന്് ലഭിക്കണം. എന്നാല്‍ ഇതുവരെ അങ്ങനെ ഒരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് വിവിധ ബേങ്ക് അധികൃതര്‍ അറിയിച്ചു.
എ ടി എമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതി പണം പിന്‍വലിക്കാനുദ്ദേശിച്ച വലിയൊരു വിഭാഗത്തിന് ഇത് തിരിച്ചടിയാകും. ബേങ്കുകളിലെ തിരക്കുകളില്‍ പോയി കാത്ത് നില്‍ക്കാതെ ഇന്ന് മുതല്‍ എ ടി എം വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാല്‍ സാങ്കേതിക പ്രശ്‌നം വന്നതോടെ സ്വകാര്യ ബേങ്കുകളുടെതടക്കം എ ടി എമ്മുകള്‍ സോഫ്ട് വെയര്‍ ചെയ്യാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ പണം പിന്‍വലിക്കല്‍ സുഗമമാകുവാന്‍ ദിവസങ്ങള്‍ കാത്തിക്കേണ്ടി വരും.
അതേസമയം, ഇന്ന് മുതല്‍ എ ടി എം വഴിയുള്ള പണമിടപാട് പുന:സ്ഥാപിക്കാനാകുമെന്ന് എസ് ബി ടി. എം ഡി. സി ആര്‍ ശശികുമാര്‍ പറഞ്ഞു. എന്നാല്‍ പുതിയ അഞ്ഞൂറിന്റേയും രണ്ടായിരം രൂപയുടേയും നോട്ടുകള്‍ എ ടി എം വഴി ലഭ്യമാകാന്‍ സമയമെടുക്കും. എ ടി എം മെഷിനില്‍ ഇവ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതിനാലാണിത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ രണ്ടായിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ എ ടി എം വഴി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 50, 100 നോട്ടുകള്‍ കുറവായതിനാല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പണം നിറക്കാനുള്ള തീരുമാനത്തിലാണ് മിക്ക ബേങ്കുകളും. നിറക്കുന്ന പണം ഇടപാടുകാര്‍ പിന്‍വലിക്കുമ്പോള്‍ പകരം നിക്ഷേപിക്കാന്‍ ബേങ്കുകളുടെ കൈയില്‍ പണമില്ലാത്തത് എ ടി എം പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമാകും.
പ്രതിസന്ധി പരിഹരിക്കാന്‍ 500, 2000 നോട്ടുകള്‍ ഇടാനുള്ള സോഫ്റ്റ്വെയറുകള്‍ അടിയന്തരമായി ചെയ്യേണ്ടിവരുമെന്നാണ് ബേങ്കുകളുടെ നിലപാട്. ആര്‍ ബി ഐയില്‍ നിന്ന് നിര്‍ദ്ദേശം വന്നുകഴിഞ്ഞാല്‍ എ ടി എം സ്ഥാപിച്ച ഏജന്‍സികള്‍ക്ക് പുതിയ സോഫ്റ്റ്വെയര്‍ ചെയ്യാനുള്ള അനുമതി അതാത് ബേങ്കുകള്‍ നല്‍കണം. ഇതിന് ശേഷമേ രാജ്യത്തെ എ ടി എം മെഷീനുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങൂ.

---- facebook comment plugin here -----

Latest