Connect with us

Malappuram

പുല്ലങ്കോട് എസ്റ്റേറ്റ് പ്രതിസന്ധി: ഇടപെടുമെന്ന് ഡി വൈ എഫ് ഐ

Published

|

Last Updated

കാളികാവ്: തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത തോട്ടം മാനേജ്‌മെന്റിനെതിരെ രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ. നാമമാത്രമായി കൂലി വര്‍ധനം ചെയ്ത ഓര്‍ഡിനന്‍സ് പോലും നടപ്പാക്കാതെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നിലപാട് ന്യായീകരിക്കാന്‍ കഴിയില്ല. ന്യായ സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിലപാടിനെതിരെ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ എസ്റ്റേറ്റായ പുല്ലങ്കോടില്‍ 500 ഓളം തൊഴിലാളികളാണുള്ളത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് എസ്റ്റേറ്റിനെ ആശ്രയിക്കുന്നത്.
പ്രതിസന്ധി തുടര്‍ന്നാല്‍ തൊഴിലാളികള്‍ക്കായി രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്ര. കെ എസ് അന്‍വര്‍, മേഖല ഭാരവാഹികളായ പി അഭിലാഷ്, എം കെ നിസാമുദ്ദീന്‍ പറഞ്ഞു. ബ്ലോക്കില്‍ 300ല്‍ നിന്ന് 400 മരങ്ങള്‍ ടാപ്പിംഗ് നടത്തണമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥയാണ് തിരിച്ചടിയായത്. 100 മരങ്ങള്‍ അധികം ടാപ്പിംഗ് നടത്തണമെന്ന ഓര്‍ഡിനന്‍സ് വ്യവസ്ഥ നടപ്പാക്കുകയാണെങ്കില്‍ തൊഴിലാളികള്‍ക്ക് കൂലി കുറയും. ഈ വ്യവസ്ഥ നടപ്പാക്കിയാല്‍ മാത്രമേ പുതുക്കിയ കൂലി നല്‍കാനാകു എന്നാണ് ഉടമകളുടെ നിലപാട്. റീജ്യണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ അഞ്ചോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റബ്ബറിന് വിലയില്ലെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ നഷ്ടത്തിന്റെ പേരില്‍ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാത്രം അധ്വാന ഭാരം വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ല, മലവാരത്തില്‍ 300 മരം ടാപ്പിംഗ് നടത്തുന്നത് തന്നെ കഠിനമണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest