Connect with us

Articles

ഡല്‍ഹിയിലെ പുകമഞ്ഞില്‍ തെളിയുന്നത് എന്ത്?

Published

|

Last Updated

ഡല്‍ഹി നഗരം അക്ഷരാര്‍ഥത്തില്‍ ഒരു വാതക അറയായിരിക്കുന്നു എന്ന് പറഞ്ഞത് സംസ്ഥാന മുഖ്യമന്ത്രി കെജ്‌രിവാള്‍ തന്നെയാണ്. കഴിഞ്ഞ മാസാവസാനം വന്ന ദീപാവലി ആഘോഷങ്ങളെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായത് എന്ന് പറയാം. കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഡല്‍ഹിയെയും പെടുത്തിയിരുന്നു. ഡല്‍ഹിക്കൊപ്പം ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളും ഉണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ മഞ്ഞുകാലം ആരംഭിച്ചതോടെ എല്ലാം നിയന്ത്രണാതീതമായി. പത്ത് ദിവസമായി ഡല്‍ഹിയിലെ വായുവിലെ മാലിന്യങ്ങളുടെ അളവ് മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന പരിധിയുടെ പതിനഞ്ചു മടങ്ങിലധികമാണ്. മനുഷ്യര്‍ പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. കഴിയുന്നത്ര വീട്ടിലിരുന്ന് തന്നെ ജോലികള്‍ ചെയ്യുക എന്നദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കി. മഞ്ഞുകാലം വരുമ്പോള്‍ എല്ലാ വര്‍ഷവും മഞ്ഞും മാലിന്യങ്ങളും ചേര്‍ന്നുണ്ടാകുന്ന സ്‌മോഗ് (സ്‌മോക്കും ഫൊഗും ചേര്‍ന്നത്) ഉണ്ടാകാറുണ്ട്. അന്തരീക്ഷ താപനില പെട്ടെന്ന് താഴുകയും വായുവിലെ നീരാവിയുടെ അളവും കാറ്റിന്റെ വേഗവും കാര്യമായി കുറയുകയും ചെയ്യുന്നു. വായുവിലെത്തുന്ന മാലിന്യങ്ങള്‍ ചലനമില്ലാതെ നില്‍ക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഈ വര്‍ഷത്തെ മാലിന്യങ്ങളുടെ അളവ്. ഇവ ശ്വാസകോശത്തില്‍ കടന്നാല്‍ ആസ്തമയും അലര്‍ജികളും മറ്റു നിരവധി അസ്വസ്ഥതകളും ഉണ്ടാകുന്നു. കണ്ണില്‍ എരിച്ചിലും ഇതിന്റെ ഫലമാണ്. കുട്ടികളും വൃദ്ധരും ഗര്‍ഭിണികളുമാണ് പ്രധാനമായും ഇതിന്റെ ഇരകളാകുന്നത്. ഗര്‍ഭിണികള്‍ വഴി ഗര്‍ഭസ്ഥ ശിശുവിനും ഇത് മാരക രോഗങ്ങളുണ്ടാക്കുന്നു. തുറന്ന ഇടങ്ങളില്‍ നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. സാധാരണ ആശുപത്രികളില്‍ വരുന്ന രോഗികളുടെ പതിനഞ്ച് ശതമാനമാണ് ശ്വാസകോശ രോഗികള്‍ എങ്കില്‍ ഇപ്പോള്‍ അത് അറുപത് ശതമാനമായിരിക്കുന്നു.

ഡല്‍ഹി നഗരം പലവിധ പ്രത്യേകതകള്‍ ഉള്ള ഒന്നാണ്. ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ തരം മാലിന്യങ്ങള്‍ അവിടേക്കു വായുവിലൂടെ എത്തുന്നു. കാര്‍ഷിക സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ്, യു പി, ഹിമാചല്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ കൊയ്തതിനു ശേഷമുള്ള ഗോതമ്പ്, കരിമ്പ്, ചോളം, നെല്ല് മുതലായവയുടെ വൈക്കോലും ചണ്ടിയും വ്യാപകമായി കത്തിക്കുന്നു. ഇവയുടെ പുക കാറ്റിലൂടെ എത്തുന്നത് ഡല്‍ഹിയിലേക്കാണ്. എല്ലാ വശത്തു നിന്നും പുക വരുന്നതാണ് ഡല്‍ഹി മലിനീകരണത്തിന്റെ പ്രധാന കാരണം. ഡല്‍ഹിയിലും സമീപ നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന നിരവധി വ്യവസായങ്ങള്‍ വന്‍ തോതില്‍ മലിനീകരണം നടത്തുന്നവയാണ്. ഇവിടങ്ങളിലെ ഇഷ്ടികക്കളങ്ങള്‍ പുറത്ത് വിടുന്ന പൊടിയും പുകയും എല്ലാ വിധ പരിധികള്‍ക്കും അപ്പുറത്താണ്. ഡല്‍ഹിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന രാജ്ഘട്ട് കല്‍ക്കരി താപനിലയം സര്‍ക്കാര്‍ നേരത്തെ അടച്ചു. പകരം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ നിലയം നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയും അവശേഷിക്കുന്ന അതിര്‍ത്തിയിലെ ബദര്‍പൂര്‍ താപനിലയവും അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വൈദ്യുതിക്കമ്മി മറ്റേതെങ്കിലും വിധത്തില്‍ പരിഹരിക്കാനാണ് ശ്രമം. ഡല്‍ഹിയില്‍ പലയിടത്തും ഇപ്പോഴും വൈദ്യുതി എത്തുന്നില്ല. അവരെല്ലാം വന്‍ മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. അടുത്ത കുറച്ചു ദിവസത്തേക്ക് അവയും നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ വളരുന്ന നഗരങ്ങളാണ് നമ്മുടേത്. പലതരം മാസ്റ്റര്‍ പ്ലാനുകളും നമ്മുടെ കൈയിലുണ്ടാകും. ഇവയൊക്കെ പലവിധ താത്പര്യങ്ങള്‍ക്കനുസരിച്ചു മാറ്റപ്പെടും. ഡല്‍ഹിയിലെ ഭൂമിയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണ്. അതിന്റെ വിനിയോഗം തന്നെ വലിയ അഴിമതിയാണ്. ഭൂമിയെ വ്യാപാരം, വ്യവസായം, താമസം എന്നിങ്ങനെയുള്ള മേഖലകളാക്കി തിരിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും നടപ്പിലാക്കാറില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒപ്പം പഴയ കെട്ടിങ്ങളുടെ പൊളിക്കലും വായുവിന്റെ മലിനീകരണം വളരെ കൂടുതല്‍ ഉയര്‍ത്തുന്നതാണ്. ഇവയെ ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും പ്രശ്‌നമാണ്. നഗരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശരിയായ സംവിധാനങ്ങള്‍ ഉണ്ടാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് നഗരസഭയും കേന്ദ്ര സര്‍ക്കാറും തുരങ്കം വെക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ അവരുടെ ശേഷിയുടെ പരമാവധി പ്രയോഗിക്കുന്നുണ്ട്. കുറെ ദിവസത്തേക്ക് നിര്‍മാണജോലികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. താപനിലയം അടച്ചിട്ടു. റോഡിലെ പൊടി നീക്കാന്‍ വാക്വം ക്ലീനറുകള്‍ ഉപയോഗിക്കുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് മുകളില്‍ നിന്ന് വെള്ളം തളിക്കുന്നു. കൃത്രിമ മഴ പെയ്യിക്കാനുള്ള സംവിധാനം കൊണ്ട് വരാന്‍ ശ്രമിക്കുന്നു. മുമ്പ് പല എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും നഗരത്തിലെ സ്വകാര്യവാഹനങ്ങള്‍ കുറക്കാന്‍ ഒറ്റ- ഇരട്ട അക്ക നിയന്ത്രണം വീണ്ടും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. ആദ്യം അത് നടപ്പാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്ത പലരും അത്തരം നടപടികള്‍ വായു ശുദ്ധമാക്കാന്‍ കുറച്ചെങ്കിലും സഹായിക്കും എന്ന് സമ്മതിക്കുന്നുണ്ട്. തണുപ്പ് കാലത്ത് ചൂടു കിട്ടാന്‍ ദരിദ്രര്‍ക്ക് മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ അവര്‍ കിട്ടുന്ന മാലിന്യങ്ങള്‍ അടക്കം കത്തിക്കുന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു. ഈ വര്‍ഷം ദീപാവലിക്ക് കരിമരുന്നു പ്രയോഗം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും ലംഘിക്കപ്പെട്ടു. അതാണ് പ്രശ്‌നത്തെ ഇത്രത്തോളം ഗുരുതരമാക്കിയതെന്ന് പറയാം.
ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും പ്രശ്‌നത്തില്‍ ഗൗരവതരമായി ഇടപെട്ടിട്ടുണ്ട്. ചില താത്കാലിക പരിഹാരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറുകള്‍ ചെയ്യുന്നത്. ചുറ്റുമുള്ള സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തു. വൈക്കോല്‍ കത്തിക്കുന്നതില്‍ അടിയന്തരമായി നിയന്ത്രണം വേണം എന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അതെ ്രത മാത്രം നടപ്പിലാകും എന്നറിയില്ല. ഇതാണ് ദീര്‍ഘകാല പരിഹാരത്തിന്റെ പ്രധാന ഘടകം. പക്ഷേ, ഇതത്ര എളുപ്പമല്ലെന്നാണ് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. മാലിന്യങ്ങള്‍ നീക്കാന്‍ അവര്‍ക്ക് മറ്റു വഴികളില്ല. നെല്ലിന്റെ വൈക്കോല്‍ നല്ല കാലിത്തീറ്റയാക്കാം. മറ്റു മാലിന്യങ്ങള്‍ കമ്പോസ്റ്റായും വൈദ്യുതി ഉത്പാദനത്തിനും ജൈവ വളമായും കൂണ്‍ കൃഷിക്കുള്ള ജൈവാടിത്തറയായും ഒക്കെ ഉപയോഗിക്കാം. പക്ഷേ, ഇതൊന്നും കര്‍ഷകര്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയില്ല. അതിനു സമ്പത്തും സാങ്കേതിക വിദ്യയും വേണം. അതൊരുക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറായാലേ ശാശ്വത പരിഹാരം ഉണ്ടാകൂ. ഒറ്റ- ഇരട്ട അക്ക നിയന്ത്രണങ്ങള്‍ക്കൊപ്പം പൊതു ഗതാഗത സംവിധാനം കാര്യമായി മെച്ചപ്പെടുത്തണം. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കണം. യൂറോപ്പിലും മറ്റുമുള്ള പോലെ ബസ്സുകള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കണം.

നഗരവികസനം ആസൂത്രിതമാക്കണം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. വ്യവസായ ശാലകളും മലിനീകരണം കര്‍ശനമായി തടയണം. നിലവിലുള്ള മലിനീകരണം തടയുന്നതിനുള്ള പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് ശേഷിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. 2010ല്‍ നടന്ന പഠനങ്ങളനുസരിച്ചു കേന്ദ്ര ബോര്‍ഡില്‍ 308 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പരിശോധനകള്‍ നടത്താന്‍ ആധുനിക ഉപകരണങ്ങള്‍ വേണം. അതും അവര്‍ക്കില്ല. അതുകൊണ്ട് തന്നെ അവര്‍ പല്ലു കൊഴിഞ്ഞ സിംഹമാണ്.

കേരളത്തിന് വിശേഷിച്ചു കൊച്ചി പോലൊരു നഗരത്തിനു ഇതില്‍ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ? ഉണ്ടെന്ന് ആരും സമ്മതിക്കില്ല. അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളത്തിന് നാം നല്‍കിയ പിറന്നാള്‍ സമ്മാനമാണല്ലോ, സമ്പൂര്‍ണ വരള്‍ച്ചാ ബാധിതമെന്ന പദവി. ഈ നാടിനെ ഇത്തരത്തിലൊന്നാക്കാന്‍ നാം ഏറെ പണിപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എല്ലാവരും നിര്‍ത്താതെ സംസാരിക്കുമെന്നത് ശരി തന്നെ. പക്ഷേ, പ്രവൃത്തിയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു? കേരളത്തിന്റെ ജലഗോപുരമാണ് പശ്ചിമ ഘട്ടമെന്ന് കൃത്യമായി പറഞ്ഞ മാധവ് ഗാഡ്ഗിലിന്റെ പേര് പറഞ്ഞാല്‍ തല്ലു കിട്ടും എന്ന അവസ്ഥ ഉണ്ടാക്കാന്‍ ഇടതു വലതു നേതാക്കള്‍ മത്സരിക്കുകയായിരുന്നല്ലോ. കൊച്ചിയും വായു ജല മലിനീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് പഠനങ്ങള്‍ കാണിക്കുന്നു. സമുദ്രതീരമായതിനാല്‍ കാറ്റുള്ളതിനാല്‍ തത്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നു. പക്ഷേ കൊച്ചിക്കു ചുറ്റും ഒട്ടനവധി രാസവ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അവിടെ എപ്പോള്‍ വേണമെങ്കിലും ചോര്‍ച്ചയുണ്ടാകാമെന്ന് ഈയടുത്തകാലത്ത് എച്ച് ഐ എല്‍ കാമപണിയിലുണ്ടായ സ്‌ഫോടനം ഒരിക്കല്‍ കൂടി കാണിച്ചു തരുന്നു. കൊച്ചിയുടെ താപനില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടത്തെ വായുവിലെ പ്രാണവായുവിന്റെ അളവ് വളരെയേറെ കുറഞ്ഞതായി പല പഠനങ്ങളും കാണിക്കുന്നു.
വന്‍ തോതില്‍ അപകടങ്ങള്‍ ഉണ്ടാകാവുന്ന ഈ കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്താനും അനിവാര്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കാനും അവര്‍ അത് ചെയ്യുന്നു എന്നുറപ്പുവരുത്താനും വേണ്ട സംവിധാനങ്ങളോ മനുഷ്യവിഭവശേഷിയോ ഇന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനില്ല. പ്രയാറിനെയും സമീപപ്രദേശങ്ങളെയും അത്യന്തം മലിനമാക്കുന്ന ഒരു കമ്പനിക്കെതിരെ പോലും നിയമാനുസൃത നടപടികള്‍ എടുക്കാന്‍ ഇന്ന് വരെ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. ഇവരെ വെച്ച് കൊണ്ട് കൊച്ചിയിലെ വായു സുരക്ഷിതമാക്കാന്‍ കഴിയില്ല.

വികസനമെന്നാല്‍ കൂടുതല്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കലാണെന്ന അന്ധവിശ്വാസം നിലനില്‍ക്കുന്നിടത്തോളം നഗരവത്കരണത്തിന്റെ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ല. ആസൂത്രിതമായ നഗരം എന്നത് ഒരു സ്വപ്‌നം പോലുമാകാന്‍ ആരും സമ്മതിക്കില്ല. നഗരങ്ങളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത നഗര ഭരണകര്‍ത്താക്കളെക്കൊണ്ട് എന്ത് ചെയ്യാനാകും? ഒരു തീപ്പിടിത്ത മുണ്ടായാല്‍ പോലും വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള നഗരമാണ് ഇന്ന് കൊച്ചി. ഇതിന്റെയെല്ലാം പിന്നില്‍ അഴിമതിയുടെ ചരടുകളാണുള്ളത്. ചെന്നൈയിലെയും ഹിമാലയത്തിലെയും വെള്ളപ്പൊക്കമോ ഡല്‍ഹിയിലെ പുകമഞ്ഞോ ഒന്നും നമ്മെ ബാധിക്കില്ലെന്ന ഉറപ്പില്‍ കൊച്ചിക്കാര്‍ ഉറങ്ങുന്നു.

Latest