Connect with us

Gulf

ഹത്ത വികസന പദ്ധതി: 2,000 തൊഴിലവസരങ്ങള്‍

Published

|

Last Updated

ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായറിനൊപ്പം ദിവയിലെ ഉന്നതോദ്യോഗസ്ഥര്‍ ഹത്ത ഡാമിനരികെ

ചെയര്‍മാന്‍ സഈദ് മുഹമ്മദ് അല്‍ തായറിനൊപ്പം ദിവയിലെ ഉന്നതോദ്യോഗസ്ഥര്‍ ഹത്ത ഡാമിനരികെ

ദുബൈ: ഊര്‍ജ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് ഹത്തയില്‍ ജലവൈദ്യുത പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങള്‍. മലനിരകളില്‍ നിന്നും ഒഴുകി അല്‍ ഹത്താ ഡാമില്‍ സംഭരിച്ച വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) പവര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്.
പദ്ധതി വരുന്നതിന്റെ ഭാഗമായി പുതിയ 200 പേരെ ദിവയില്‍ സ്ഥിര ജോലിക്കാരാക്കും. ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, ഓപ്പറേഷണല്‍ വിഭാഗങ്ങളിലായാണിത്. വിസിറ്റര്‍ സെന്റര്‍, അനുബന്ധ മേഖലകള്‍, വിനോദസഞ്ചാര മേഖല എന്നിവയിലൂടെ 300 പേര്‍ക്കും ജോലി ലഭിക്കും. മൊത്തത്തില്‍ 2,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്ന് ദിവ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ജി സി സിയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
250 മെഗാവാട്ട് വൈദ്യുതിയാണ് പവര്‍‌സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുക. 60 മുതല്‍ 80 വര്‍ഷം വരെ പ്ലാന്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ആഗോള നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ഹത്തയെ മാറ്റുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഹത്ത വികസന പദ്ധതിയുടെ ഭാഗമായാണ് ജലവൈദ്യുത പദ്ധതി വരുന്നത്.
സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക വികസനമാണ് 130 കോടി ദിര്‍ഹമിന്റെ ഹത്ത വികസനപദ്ധതിയുടെ ലക്ഷ്യം.